india europe fta News Malayalam 24x7
BUSINESS

ഇത് വെറും വ്യാപാര കരാര്‍ അല്ല; ലോകക്രമത്തിലെ മാറ്റം !

ഈ സ്വതന്ത്ര്യ വ്യാപാര കരാർ കേവലം നികുതി കുറയ്ക്കൽ മാത്രമാകില്ല, മറിച്ച് സേവനങ്ങൾ, നിക്ഷേപം, ബൗദ്ധിക സ്വത്തവകാശം, സുസ്ഥിര വികസനം എന്നിങ്ങനെ വിപുലമായ മേഖലകളെ ഉൾക്കൊള്ളുന്ന ഒന്നാണ്.

Author : വിപിന്‍ വി.കെ

2026 ജനുവരി 27-ന് ചരിത്രപ്രധാനമായ ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ അന്തിമഘട്ടത്തിലേക്ക് കടന്നു എന്ന വാര്‍ത്തയാണ് വന്നത്. യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്‌നും'എല്ലാ കരാറുകളുടെയും മാതാവ്' എന്നാണ് ഈ കരാറിനെ വിശേഷിപ്പിക്കുന്നത്. ഏകദേശം രണ്ട് പതിറ്റാണ്ടോളം നീണ്ടുനിന്ന അനിശ്ചിതത്വങ്ങൾക്കും ചർച്ചകൾക്കും വിരാമമിട്ടുകൊണ്ടാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയും 27 രാജ്യങ്ങളുടെ കൂട്ടായ്മയായ യൂറോപ്യൻ യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിന്‍റെ അവസാനഘട്ടത്തിലേക്ക് കടക്കുന്നത്. കരാറിന്‍റെ കരട് ഇനി യൂറോപ്യന്‍ പാര്‍ലമെന്‍റിലും മറ്റും അവതരിപ്പിക്കുന്നത് അടക്കം കാര്യങ്ങള്‍ നിലവിലുണ്ടെങ്കിലും. കരാറിന്‍റെ കാര്യത്തില്‍ സുപ്രധാനമായ ഒന്നായിരുന്നു ഡൽഹിയിൽ നടന്ന ഉച്ചകോടി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്‌നും ചേർന്നാണ് "നൂറ്റാണ്ടിന്റെ കരാർ" പ്രഖ്യാപിച്ചത്. ആഗോള ജിഡിപിയുടെ ഗണ്യമായ ഭാഗം നിയന്ത്രിക്കുന്ന ഈ രണ്ട് ശക്തികൾ ഒന്നിക്കുമ്പോൾ അത് ആഗോള സാമ്പത്തിക ക്രമത്തിൽത്തന്നെ വലിയ മാറ്റങ്ങൾക്ക് വഴിതുറക്കും. പ്രത്യേകിച്ച് അമേരിക്കയുടെ താരീഫ് ഭീഷണികള്‍ നിലനില്‍ക്കുന്ന ഘട്ടത്തില്‍ ഇത്തരം ഒരു കരാറിന് വന്‍ പ്രധാന്യമാണ് ഉള്ളത്.

യൂറോപ്യന്‍ ഇന്ത്യ കരാര്‍ എന്ത് കൊണ്ട് പ്രസക്തം

ഈ സ്വതന്ത്ര്യ വ്യാപര കരാർ കേവലം നികുതി കുറയ്ക്കൽ മാത്രമല്ല, മറിച്ച് സേവനങ്ങൾ, നിക്ഷേപം, ബൗദ്ധിക സ്വത്തവകാശം, സുസ്ഥിര വികസനം എന്നിങ്ങനെ വിപുലമായ മേഖലകളെ ഉൾക്കൊള്ളുന്ന ഒന്നാണ്.

കരാർ പ്രകാരം യൂറോപ്യൻ യൂണിയൻ ഇന്ത്യയിൽ നിന്നുള്ള 99%-ത്തിലധികം ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ ഘട്ടം ഘട്ടമായി ഒഴിവാക്കും. തിരിച്ചും, യൂറോപ്പിൽ നിന്നുള്ള 90%-ത്തിലധികം ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ നികുതി ഇളവ് നൽകും എന്നാണ് ധാരണ.

ഇന്ത്യയിൽ വിദേശ കാറുകൾക്ക് നിലവിലുണ്ടായിരുന്ന 110% വരെയുള്ള വലിയ ഇറക്കുമതി തീരുവ അഞ്ച് വർഷത്തിനുള്ളിൽ 10% ആയി കുറയ്ക്കാൻ ധാരണയായിട്ടുണ്ട്. മെർസിഡസ്, ബിഎംഡബ്ല്യു, വോക്‌സ്‌വാഗൺ തുടങ്ങിയ യൂറോപ്യൻ ബ്രാൻഡുകൾക്ക് ഇത് വലിയ നേട്ടമാകും.

യൂറോപ്യൻ വൈനുകൾക്ക് നിലവിലുള്ള 150% നികുതി ഉടൻ തന്നെ 75% ആയും പിന്നീട് 20% ആയും കുറയ്ക്കും. ഒലിവ് ഓയിൽ, ചോക്ലേറ്റുകൾ, പാസ്ത തുടങ്ങിയവയുടെ വിലയും കുറയും. ഐടി, പ്രൊഫഷണൽ സേവനങ്ങൾ എന്നിവയിൽ ഇന്ത്യൻ വിദഗ്ധർക്ക് യൂറോപ്യൻ വിപണിയിൽ കൂടുതൽ പ്രവേശനം ലഭിക്കും.

ആഗോള വ്യാപര ഭൂപടത്തില്‍ ഇന്ത്യയ്ക്ക് സ്ഥിരത നല്‍കും എന്നാണ് വിദഗ്ധര്‍ കരാര്‍ സംബന്ധിച്ച് പറയുന്നത്. ചൈന യുഎസ് വിപണിയുടെ ആശ്രയത്വം കുറയ്ക്കാന്‍ സഹായിക്കും എന്നാണ് അഭിപ്രായം. ഒപ്പം തന്നെ യൂറോപ്പിന് 1.4 ബില്ല്യണ്‍ ജനങ്ങളുടെ വിപണി കൂടുതല്‍ തുറന്നുകിട്ടുന്നത് ഗുണം ചെയ്യും. അതേ സമയം ഇത് ഒരു ഏകപക്ഷീയ കരാര്‍ അല്ലെന്നതാണ് പലരും ഗുണകരമായി പറയുന്നത്.

ഇരുഭാഗത്തിനും പ്രധാന്യം നല്‍കുന്ന കരാര്‍ എന്നാണ് പൊതുവിലുള്ള വിലയിരുത്തലുകള്‍. ഇന്ത്യ റഷ്യന്‍ ഓയില്‍ വാങ്ങുന്നതിനെ ശക്തമായി എതിര്‍ത്തവരാണ് യൂറോപ്യന്‍ യൂണിയന്‍ അവര്‍ തന്നെ ഇന്ത്യയുമായി പതിറ്റാണ്ടുകളായി ചര്‍ച്ച ചെയ്യുന്ന കരാര്‍ ഒപ്പിടാന്‍ മുന്നോട്ട് വന്നത് ഇപ്പോള്‍ മാറിയ ലോകക്രമത്തിന്‍റെ സൂചനയാണ്. ഗ്രീന്‍ലാന്‍റില്‍ തുടങ്ങി യുഎസ് പ്രസിഡന്‍റ് ട്രംപ് ഉയര്‍ത്തുന്ന താരീഫ് ഭീഷണിയെ നേരിടുക എന്നതാണ് ഇരു ശക്തികളും പ്രധാനമായും ഈ കരാറിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

ഇന്ത്യയ്ക്ക് എന്താണ് നേട്ടം

നമ്മുടെ രാജ്യത്തെ സംബന്ധിച്ചിടത്തോളം ഈ കരാർ സാമ്പത്തിക കുതിച്ചുചാട്ടത്തിനുള്ള വലിയൊരു വാതിലാണ് എന്നാണ് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ടെക്സ്റ്റൈൽസ്, ലെതർ, ആഭരണങ്ങൾ, കാർഷിക ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് യൂറോപ്പിലെ 45 കോടി വരുന്ന ഉപഭോക്താക്കളിലേക്ക് എളുപ്പത്തിൽ എത്താൻ സാധിക്കും. ഇത് ദശലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

യൂറോപ്യൻ കമ്പനികൾക്ക് ഇന്ത്യയിൽ നിക്ഷേപം നടത്തുന്നത് എളുപ്പമാകുന്നതോടെ 'മേക്ക് ഇൻ ഇന്ത്യ' പദ്ധതിക്ക് വലിയ ഊർജ്ജം ലഭിക്കും. ടെക്നോളജി കൈമാറ്റവും ഇതിലൂടെ സാധ്യമാകും. മെഷിനറികൾ, ഹൈടെക് ഉപകരണങ്ങൾ, രാസവസ്തുക്കൾ എന്നിവ കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്നത് ഇന്ത്യയിലെ ചെറുകിട-ഇടത്തരം വ്യവസായങ്ങൾക്ക് (MSME) ഉൽപ്പാദനച്ചെലവ് കുറയ്ക്കാൻ സഹായിക്കും.

ഇന്ത്യൻ ഡോക്ടർമാർ, എൻജിനീയർമാർ, ഐടി വിദഗ്ധർ എന്നിവർക്ക് യൂറോപ്പിൽ ജോലി ചെയ്യാനുള്ള വിസ നടപടികൾ ലളിതമാക്കപ്പെട്ടത് ഇന്ത്യയുടെ 'മാനുഷിക വിഭവശേഷി'യുടെ മൂല്യം വർദ്ധിപ്പിക്കും .

കരാര്‍ ഉയര്‍ത്തുന്ന ആശങ്കകള്‍

എല്ലാ നാണയത്തിനും രണ്ട് വശങ്ങളുള്ളതുപോലെ ഈ കരാറും ചില വെല്ലുവിളികൾ ഉയർത്തുന്നുണ്ടെന്നതും യഥാര്‍ത്ഥ്യമാണ്. "ലോകത്തിന്റെ ഫാർമസി" എന്ന് ഇന്ത്യയ്ക്ക് വിളിപ്പേരുണ്ട്. എന്നാല്‍ ഇതിന് വെല്ലുവിളിയാകുമോ പുതിയ കരാര്‍ എന്ന ആശങ്ക ചിലയിടങ്ങളില്‍ നിന്നും ഉയരുന്നുണ്ട്. ഇന്ത്യ-ഇയു വ്യാപാര കരാറിലെ ഏറ്റവും സങ്കീർണ്ണവും എന്നാൽ സാധാരണക്കാരെ നേരിട്ട് ബാധിക്കുന്നതുമായ ഒരു വിഷയങ്ങളിലൊന്നാണ് ഇത്.

നമ്മുടെ രാജ്യത്ത് പുതിയൊരു മരുന്ന് കണ്ടുപിടിച്ചാൽ, അവർക്ക് നിശ്ചിത വർഷത്തേക്ക് ആ മരുന്ന് നിർമ്മിക്കാനുള്ള പേറ്റന്റ് ലഭിക്കും. ഈ കാലയളവിൽ മറ്റാർക്കും ആ മരുന്ന് നിർമ്മിക്കാൻ കഴിയില്ല. പേറ്റന്റ് കാലാവധി കഴിയുമ്പോൾ, മറ്റ് കമ്പനികൾക്കും അതേ മരുന്ന് കുറഞ്ഞ വിലയിൽ നിർമ്മിക്കാൻ അനുവാദം ലഭിക്കും. ഇതിനെയാണ് ജനറിക് മരുന്നുകൾ എന്ന് വിളിക്കുന്നത്. ഇന്ത്യ ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനറിക് മരുന്ന് ഉൽപ്പാദകരാണ്.

എന്നാല്‍ യൂറോപ്പിലെ രീതി ഇതല്ല യൂറോപ്പിലെ വലിയ മരുന്ന് കമ്പനികൾക്ക് (ഉദാഹരണത്തിന് നോവാർട്ടിസ്, ബയർ തുടങ്ങിയവ) അവരുടെ കുത്തക സംരക്ഷിക്കാനായി ഇന്ത്യയുടെ പേറ്റന്റ് നിയമങ്ങൾ കൂടുതൽ കർക്കശമാക്കണം എന്നുണ്ട്. ഇതിനായി പ്രധാനമായും രണ്ട് കാര്യങ്ങളാണ് അവർ ആവശ്യപ്പെടുന്നത്.

ഇന്ത്യയിൽ നിലവിൽ 20 വർഷമാണ് പേറ്റന്റ് കാലാവധി. എന്നാൽ മരുന്ന് വിപണിയിലെത്താൻ വൈകുന്നു എന്ന കാരണം പറഞ്ഞ് ഇത് 25-ഓ 30-ഓ വർഷമായി നീട്ടണമെന്നതാണ് യൂറോപ്പിന്റെ ആവശ്യം.രുന്ന് സുരക്ഷിതമാണെന്ന് തെളിയിക്കാൻ കമ്പനികൾ നടത്തുന്ന ക്ലിനിക്കൽ ട്രയലുകളുടെ വിവരങ്ങൾ മറ്റാർക്കും ഉപയോഗിക്കാൻ അനുവാദം നൽകരുത്. ഇത് സംഭവിച്ചാൽ, പേറ്റന്റ് കാലാവധി കഴിഞ്ഞാലും ഇന്ത്യൻ കമ്പനികൾക്ക് വീണ്ടും പരിശോധനകൾ നടത്തേണ്ടി വരും. ഇത് ജനറിക് മരുന്നുകൾ വരുന്നത് വർഷങ്ങളോളം വൈകിപ്പിക്കും.

ജനറിക് മരുന്നുകൾ വിപണിയിലെത്താൻ വൈകുമ്പോൾ, ദരിദ്രരും സാധാരണക്കാരുമായ രോഗികൾ വിദേശ കമ്പനികളുടെ വിലകൂടിയ മരുന്നുകളെത്തന്നെ ആശ്രയിക്കേണ്ടി വരും. എയ്ഡ്സ് (HIV), ക്യാൻസർ തുടങ്ങിയ മാറാരോഗങ്ങൾക്കുള്ള ജീവൻരക്ഷാ മരുന്നുകൾ ഇന്ന് ആഗോളതലത്തിൽ ലഭ്യമാകുന്നത് ഇന്ത്യയിലെ ജനറിക് കമ്പനികൾ കാരണമാണ്. കരാർ ഈ മേഖലയെ ബാധിച്ചാൽ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് മരുന്ന് അപ്രാപ്യമാകും.

എന്നാല്‍ ഈ ആശങ്ക കേന്ദ്രം നിരാകരിക്കുന്നുണ്ട്. പൊതുജനാരോഗ്യത്തെ ബാധിക്കുന്ന തരത്തിലുള്ള വിട്ടുവീഴ്ചകൾ ചെയ്യില്ലെന്നും, പേറ്റന്റ് നിയമങ്ങളിൽ ഇന്ത്യയുടെ 'സെക്ഷൻ 3(ഡി)' പോലുള്ള കർശനമായ നിബന്ധനകൾ (പുതിയ മാറ്റങ്ങളില്ലാത്ത മരുന്നുകൾക്ക് പേറ്റന്റ് നീട്ടി നൽകില്ല എന്ന നിയമം) സംരക്ഷിക്കുമെന്നും കേന്ദ്രം പറഞ്ഞിട്ടുണ്ട്.

അതേ സമയം യൂറോപ്യൻ രാജ്യങ്ങളിൽ ഉൽപ്പന്നങ്ങൾ നിർമ്മിക്കുമ്പോൾ കർശനമായ പരിസ്ഥിതി നിയമങ്ങളുണ്ട്. അതിനാൽ അവിടെ ഉൽപ്പാദനച്ചെലവ് കൂടുതലാണ്. എന്നാൽ ഇന്ത്യയെപ്പോലെ പരിസ്ഥിതി നിയമങ്ങളിൽ ഇളവുകളുള്ള രാജ്യങ്ങളിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് ഉൽപ്പന്നങ്ങൾ യൂറോപ്പിലേക്ക് എത്തുമ്പോൾ, അത് തങ്ങളുടെ പ്രാദേശിക വ്യവസായങ്ങളെ തകർക്കുമെന്ന് യൂറോപ്പ് കരുതുന്നു.

ഇത് തടയാൻ, കൂടുതൽ കാർബൺ പുറന്തള്ളുന്ന (പരിസ്ഥിതിക്ക് ദോഷകരമായ) രീതിയിൽ നിർമ്മിച്ച ഉൽപ്പന്നങ്ങൾ യൂറോപ്പിലേക്ക് ഇറക്കുമതി ചെയ്യുമ്പോൾ അവയ്ക്ക് അധിക നികുതി ചുമത്തുന്ന സംവിധാനമാണ് 'കാർബൺ ബോർഡർ അഡ്ജസ്റ്റ്‌മെന്റ് മെക്കാനിസം' ഇത് ഒരുതരത്തില്‍ ഒരു കാര്‍ബണ്‍ നികുതിയാണ്.

ഇന്ത്യയുടെ പ്രധാന കയറ്റുമതി ഉൽപ്പന്നങ്ങളായ സ്റ്റീൽ (ഇരുമ്പ്), അലുമിനിയം, സിമന്റ്, വളം എന്നിവയെ ഇത് ബാധിച്ചേക്കും. ഇന്ത്യയിലെ പല സ്റ്റീൽ പ്ലാന്റുകളും കൽക്കരി ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. ഇതിൽ നിന്ന് വലിയ തോതിൽ കാർബൺ പുറന്തള്ളപ്പെടുന്നുണ്ട്. യൂറോപ്പിലേക്ക് ഈ സ്റ്റീൽ എത്തുമ്പോൾ വൻതുക നികുതി നൽകേണ്ടി വരും. ഇത് ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ വില വർദ്ധിപ്പിക്കുകയും യൂറോപ്യൻ വിപണിയിൽ അവയ്ക്ക് പ്രിയം കുറയ്ക്കുകയും ചെയ്യും.

വൻകിട കമ്പനികൾക്ക് പണം മുടക്കി തങ്ങളുടെ ഫാക്ടറികൾ പരിസ്ഥിതി സൗഹൃദമാക്കാൻ (Green Technology) സാധിച്ചേക്കും. എന്നാൽ ചെറുകിട ഉൽപ്പാദകർക്ക് ഇത് വലിയ സാമ്പത്തിക ബാധ്യതയാകും. അധിക നികുതി നൽകേണ്ടി വരുന്നത് അവരുടെ ലാഭവിഹിതം ഇല്ലാതാക്കും. ഓരോ ഉൽപ്പന്നവും നിർമ്മിക്കുമ്പോൾ എത്രത്തോളം കാർബൺ പുറന്തള്ളിയെന്ന കൃത്യമായ കണക്ക് ഇന്ത്യ യൂറോപ്പിന് നൽകേണ്ടി വരും. ഇത് പല കമ്പനികൾക്കും പ്രായോഗികമായി ബുദ്ധിമുട്ടുള്ള കാര്യമാണ്.

ക്ഷീരമേഖലയിലെ ഭീഷണി യൂറോപ്പിലെ സബ്‌സിഡി ലഭിക്കുന്ന പാൽ ഉൽപ്പന്നങ്ങൾ ഇന്ത്യൻ വിപണിയിൽ എത്തുന്നതിനെക്കുറിച്ച് ഇന്ത്യൻ കർഷകർക്ക് വലിയ ആശങ്കയുണ്ട്. യൂറോപ്പിലെ കർഷകർക്ക് അവിടുത്തെ ഗവൺമെന്റുകൾ വലിയ തോതിൽ സബ്‌സിഡി നൽകുന്നുണ്ട്. ഇത് കാരണം അവിടെ പാൽ ഉൽപ്പന്നങ്ങൾ വളരെ കുറഞ്ഞ ചിലവിൽ ഉൽപ്പാദിപ്പിക്കാൻ സാധിക്കും. യൂറോപ്പിൽ നിന്നുള്ള പാൽപ്പൊടി, ചീസ്, വെണ്ണ എന്നിവ ഇന്ത്യൻ വിപണിയിൽ കുറഞ്ഞ വിലയ്ക്ക് ലഭ്യമായാൽ, സാധാരണക്കാരായ ഉപഭോക്താക്കൾ അത് വാങ്ങാൻ താല്പര്യപ്പെടും.

ഇന്ത്യയിൽ പശുവളർത്തൽ എന്നത് ദശലക്ഷക്കണക്കിന് ചെറുകിട കർഷകരുടെ ഏക ഉപജീവനമാർഗ്ഗമാണ്. യൂറോപ്യൻ ഉൽപ്പന്നങ്ങളോട് വിലയിൽ മത്സരിക്കാൻ കഴിയാതെ വന്നാൽ ഇന്ത്യൻ കർഷകർ കടക്കെണിയിലാകുകയും അമുൽ, മിൽമ തുടങ്ങിയ സഹകരണ സ്ഥാപനങ്ങളുടെ അടിത്തറ ഇളകുകയും ചെയ്യും എന്നാണ് പ്രധാന വിമര്‍ശനം.

കർഷകരുടെ ഭാഗത്തുനിന്നുള്ള കടുത്ത പ്രതിഷേധം കണക്കിലെടുത്ത്, ചർച്ചകളുടെ ഘട്ടത്തിൽ തന്നെ ഇന്ത്യ ചില നിബന്ധനകള്‍ വച്ചിട്ടുണ്ട്. വ്യാപാര കരാറുകളിൽ ചില ഉൽപ്പന്നങ്ങളെ നികുതി ഇളവുകളിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കാറുണ്ട്. പാൽ, പാൽപ്പൊടി തുടങ്ങിയവയെ ഇത്തരത്തില്‍ 'നെഗറ്റീവ് ലിസ്റ്റിൽ' ഉൾപ്പെടുത്തി സംരക്ഷിക്കാനാണ് ഇന്ത്യ ശ്രമിച്ചത്. അതായത്, യൂറോപ്പിൽ നിന്നുള്ള പാലിന് മേൽ ഇപ്പോഴുള്ള ഉയർന്ന നികുതി (ചിലതിന് 60% മുതൽ 100% വരെ) തുടർന്നും ഈടാക്കാം.

പൂർണ്ണമായി ഒഴിവാക്കാൻ പറ്റാത്ത ചില ഉൽപ്പന്നങ്ങൾക്ക് (ഉദാഹരണത്തിന് ചില പ്രത്യേക തരം ചീസുകൾ) നിശ്ചിത അളവ് മാത്രം കുറഞ്ഞ നികുതിയിൽ അനുവദിക്കുക. അതിനു മുകളിലുള്ള ഇറക്കുമതിക്ക് വലിയ നികുതി ചുമത്തും എന്നും സര്‍ക്കാര്‍ പറയുന്നു.

വിദേശത്തുനിന്നുള്ള ഇറക്കുമതി ഒരു പരിധിയിൽ കൂടുതൽ വർദ്ധിക്കുകയും അത് ആഭ്യന്തര കർഷകരെ ബാധിക്കുകയും ചെയ്താൽ, ഉടൻ തന്നെ ഇറക്കുമതി തീരുവ പഴയപടി ഉയർത്താനുള്ള അധികാരം ഇന്ത്യ കരാറിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

യൂറോപ്പിന് അവരുടെ മെഷിനറികളും കാറുകളും ഇന്ത്യയിൽ വിൽക്കാനാണ് കൂടുതൽ താല്പര്യം. അതിനാൽ, ഇന്ത്യയുടെ കാർഷിക മേഖലയെ തൽക്കാലം ബാധിക്കാത്ത രീതിയിലുള്ള നീക്കുപോക്കുകൾക്കാണ് സർക്കാർ ശ്രമിക്കുന്നത്. എന്നിരുന്നാലും, "ചെറിയ വിട്ടുവീഴ്ചകൾ പോലും ഭാവിയിൽ വലിയ പ്രത്യാഘാതമുണ്ടാക്കും" എന്നാണ് കർഷക സംഘടനകളുടെ പക്ഷം.

ഭാവിയിലേക്കുള്ള കരാര്‍

ഇന്ത്യ യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാര കരാർ കേവലം ഒരു വാണിജ്യ ഇടപാടല്ല, മറിച്ച് മാറുന്ന ആഗോള രാഷ്ട്രീയത്തിലെ ഒരു തന്ത്രപരമായ നീക്കമാണ്. അമേരിക്കയും ചൈനയും തമ്മിലുള്ള സാമ്പത്തിക തർക്കങ്ങൾക്കിടയിൽ, ഇന്ത്യയ്ക്കും യൂറോപ്പിനും പരസ്പരം സഹകരിക്കാതെ മുന്നോട്ട് പോകാനാവില്ല. ചില മേഖലകളിൽ തിരിച്ചടികൾ ഉണ്ടായേക്കാമെങ്കിലും, ദീർഘകാലാടിസ്ഥാനത്തിൽ ഇന്ത്യയെ ഒരു ആഗോള നിർമ്മാണ ഹബ്ബാക്കി മാറ്റാൻ ഈ കരാർ സഹായിക്കും എന്നാണ് കേന്ദ്ര സര്‍ക്കാര്‍ അവകാശവാദം.

SCROLL FOR NEXT