Source: X / Netflix
BUSINESS

വാർണർ ബ്രദേഴ്‌സിനെയും സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്; ഡീൽ ഉറപ്പിച്ചത് 72 ബില്യൺ ഡോളറിന്

ഹോളിവുഡിലെ ഏറ്റവും വിലപിടിപ്പുള്ളതും വലുതുമായ ലൈബ്രറി ഇതോടെ ഇനി നെറ്റ്ഫ്ലിക്സിന് സ്വന്തമാകും

Author : ന്യൂസ് ഡെസ്ക്

ചലച്ചിത്ര നിർമാണ കമ്പനിയായ വാർണർ ബ്രദേഴ്‌സിനെ വാങ്ങാനൊരുങ്ങി നെറ്റ്ഫ്ലിക്സ്. 72 ബില്യൺ ഡോളറിനാണ് നെറ്റ്ഫ്ലിക്സ് ഡീൽ ഉറപ്പിച്ചിരിക്കുന്നത്. വാർണർ ബ്രദേഴ്‌സ് ഡിസ്കവറിയുടെ സ്റ്റുഡിയോകളും സ്ട്രീമിങ് യൂണിറ്റുമാണ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കുക. ഹോളിവുഡിലെ ഏറ്റവും വിലപിടിപ്പുള്ളതും വലുതുമായ ലൈബ്രറി ഇതോടെ ഇനി നെറ്റ്ഫ്ലിക്സിന് സ്വന്തമാകും.

ആഴ്ചകൾ നീണ്ടുനിന്ന ലേലത്തിന് ശേഷമാണ് നെറ്റ്ഫ്ലിക്സ് ഒരു ഷെയറിന് ഏകദേശം $28 എന്ന നിരക്കിൽ ഓഫർ നൽകി ഡീൽ സ്വന്തമാക്കിയത്. പാരാമൗണ്ട് സ്കൈഡാൻസിൻ്റെ $24 എന്ന നിരക്ക് മറികടന്നായിരുന്നു നെറ്റ്ഫ്ലിക്സിൻ്റെ നേട്ടം. സ്പിൻഓഫിനായി നിശ്ചയിച്ചിരിക്കുന്ന കേബിൾ ടിവി ആസ്തികളും ഇതിൽ ഉൾപ്പെടുന്നു.

ഗെയിം ഓഫ് ത്രോൺസ്, ഡിസി കോമിക്സ്, ഹാരി പോട്ടർ എന്നിവയുൾപ്പെടെയുള്ള മാർക്യൂ ഫ്രാഞ്ചൈസികളുടെ ഉടമയെ സ്വന്തമാക്കുന്നത് സ്ട്രീമിംഗ് ഭീമനായ നെറ്റ്ഫ്ലിക്സിന് വലിയ തോതിൽ ഗുണം ചെയ്യും. വാൾട്ട് ഡിസ്നിയിൽ നിന്നും എല്ലിസൺ കുടുംബ പിന്തുണയുള്ള പാരാമൗണ്ടിൽ നിന്നുമുള്ള മത്സരത്തിന് ഒരു പരിധി വരെ തടയിടുവാനും സാധിക്കും. നെറ്റ്ഫ്ലിക്സിന് അനുകൂലമാണ് ലേല പ്രക്രിയയെന്ന് ആരോപിച്ച് ഈ ആഴ്ച ആദ്യം പാരമൗണ്ട് വിൽപ്പന പ്രക്രിയയെ ചോദ്യം ചെയ്ത് കത്തയച്ചിരുന്നു.

മറ്റൊരു സ്റ്റുഡിയോയെയും സിനിമകളുടെ പ്രധാന ഉറവിടത്തെയും ഇല്ലാതാക്കുമെന്ന ആശങ്ക ഉയർന്നു വരുന്നുണ്ടെങ്കിലും സ്റ്റുഡിയോയുടെ സിനിമകൾ തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത് തുടരുമെന്ന് വാർണർ ബ്രദേഴ്‌സ് ഡിസ്കവറിയെ കമ്പനി അറിയിച്ചിട്ടുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

SCROLL FOR NEXT