ഈ വര്‍ഷം പകുതിയും പിന്നിടുമ്പോള്‍ നിഫ്റ്റിയില്‍ ഇന്ത്യയുടെ ഐടി രംഗം കാഴ്ചവെക്കുന്നത് ഏറ്റവും മോശം പ്രകടനം. ജൂണ്‍ 25 വരെയുള്ള കാലയളവില്‍ നിഫ്റ്റി സൂചികയില്‍ ഐടിക്ക് മേഖലയില്‍ 10 % ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇക്കാലയളവില്‍ നിഫ്റ്റി 50, എട്ട് ശതമാനത്തിലേറെ നേട്ടം കൈവരിച്ചിരിക്കുന്ന സമയത്താണ് ഇന്ത്യയുടെ ഐടി സൂചികയിലെ ഇടിവ് എന്നതും ശ്രദ്ധേയമാണ്.
അന്താരാഷ്ട്ര തലത്തിലുള്ള സാമ്പത്തിക മേഖലയില്‍ ഉണ്ടായിരിക്കുന്ന സമ്മര്‍ദ്ദങ്ങളും വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ വില്‍പ്പനക്കാരായി മാറിയതുമടക്കം ഐടി സൂചികയെ ബാധിച്ചുവെന്നാണ് കണക്കാക്കുന്നത്.
2025ന്റെ ആദ്യ പകുതിയില്‍ തന്നെ പ്രധാനപ്പെട്ട ഐടി ഓഹരികളെല്ലാം മ്യൂല്യ തകര്‍ച്ച നേരിട്ടുണ്ട്. ടാറ്റ കണ്‍സള്‍ട്ടന്‍സി സെര്‍വീസസി (ടിസിഎസ്) ന് 16 % തകര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഇന്‍ഫോസിസിന് 14 % തകര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍ വിപ്രോയ്ക്കും എച്ച് സി എലിനും യഥാക്രമം 12 %, 10.5 % എന്നിങ്ങനെയാണ് ഇടിവ് രേഖപ്പെടുത്തിയത്.
ഇടത്തരം കമ്പനികളുടെ പട്ടികയില്‍പ്പെടുന്ന പെര്‍സിസ്റ്റന്റ് സിസ്റ്റസ് 6.4 ശതമാനം നഷ്ടവും എല്‍ ആന്‍ ടി ടെക്‌നോളജി സര്‍വീസസിന് 8 ശതമാനവും എല്‍ടിഐ മിന്‍ഡ്ട്രീക്ക് 4.5 ശതമാനം നഷ്ടവും രേഖപ്പെടുത്തി. അതേസമയം നഷ്ടത്തിലാണെങ്കിലും പിടിച്ചു നിന്ന കമ്പനികള്‍ ടെക് മഹീന്ദ്രയും എംഫസിസും കോഫോര്‍ജുമൊക്കെയാണ്. ടെക് മഹീന്ദ്രയ്ക്ക് 1.5 %, എംഫസിസ് 1.1 %, കോഫോര്‍ജ്-0.7 % എന്നിങ്ങനെയാണ് നഷ്ടം രേഖപ്പെടുത്തിയത്.
യുഎസ്-ചൈന സാമ്പത്തിക തര്‍ക്കം, പ്രധാന മാര്‍ക്കറ്റുകളിലെ പതുക്കെയുള്ള സാമ്പത്തിക വളര്‍ച്ച, ഇതിനോടൊപ്പം ഉയര്‍ന്ന പലിശാ നിരക്ക് എന്നിവയും ഐടി സെക്ടറിലെ നിലവിലെ നിഫ്റ്റി സൂചികയിലെ തകര്‍ച്ചയ്ക്ക് പ്രധാന കാരണമാണ്.