BUSINESS

വെറും 500 രൂപയ്ക്ക് ജാപ്പനീസ് വിസ; ഈ ഓഫർ ഇന്ത്യക്ക് മാത്രം!

അപേക്ഷകളുടെ എണ്ണവും ,രേഖകൾ പരിശോധിക്കുന്നതിലെ ദൈർഘ്യവുമാണ് വിസലഭിക്കാനുള്ള കാലതാമസത്തെ സ്വാധീനിക്കുക

Author : ന്യൂസ് ഡെസ്ക്

വിദേശയാത്രകളെ പ്രേമിക്കുന്നവർക്ക് ജപ്പാൻ ഒരു സ്വപ്നഭൂമിയാണ്. പക്ഷേ യാത്രാ-വിസാ ചെലവുകൾ ആകും പലപ്പോഴും പിറകോട്ട് വലിക്കുക. ഇപ്പോഴിതാ ജപ്പാൻ യാത്രയെന്ന സ്വപ്നം യാഥാർഥ്യമാക്കാൻ അവസരം ഉണ്ട്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യക്ക് സുവർണാവസരമാണ്. വെറും 500 രൂപയ്ക്കാണ് ഇന്ത്യൻ പാസ്പോർട്ടിന് ജപ്പാനിലേക്ക് വിസ അനുവദിക്കുന്നത്.

ജപ്പാന്‍ അടുത്തിടെ നിരവധി രാജ്യങ്ങള്‍ക്കുള്ള വിസ ഫീസ് വര്‍ദ്ധിപ്പിച്ചിരുന്നു. എന്നാല്‍ ഇന്ത്യയെ ഈ വര്‍ദ്ധനവില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഇപ്പോഴും വെറും 500 രൂപയ്ക്ക് ജാപ്പനീസ് വിസ ലഭിക്കും. ഇന്ത്യക്കാര്‍ക്കുള്ള വിസ ഫീസിലെ കിഴിവ് അതേപടി തുടരുമെന്ന് ജാപ്പനീസ് സര്‍ക്കാര്‍ വ്യക്തമാക്കി. ജപ്പാന്‍ സന്ദര്‍ശിക്കാന്‍ പദ്ധതിയിടുകയാണെങ്കില്‍ വെറും 500 രൂപ വിസ ഫീസ് അടച്ച് അപേക്ഷിക്കാം. എങ്കിലും ഇതിനായി ഒരു VFS അല്ലെങ്കില്‍ സര്‍വീസ് ചാര്‍ജ് ഇടാക്കാൻ സാധ്യതയുണ്ട്.

ചെയ്യേണ്ടത് ഇത്രമാത്രം

വിസ അപേക്ഷാ ഫോം പൂരിപ്പിക്കുക.

പാസ്പോര്‍ട്ട്, ഫോട്ടോ, മറ്റ് ആവശ്യമായ രേഖകള്‍ ഉൾപ്പെടുത്തുക.

കുറഞ്ഞത് 6 മാസത്തെ സാധുതയുള്ള പാസ്പോര്‍ട്ട്,

പൂരിപ്പിച്ച വിസ അപേക്ഷാ ഫോം,പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ഫ്‌ളൈറ്റ് ടിക്കറ്റുകളും ഹോട്ടല്‍ ബുക്കിംഗും, ബാങ്ക് സ്റ്റേറ്റ്‌മെന്റ്, വരുമാന തെളിവ് എന്നീ രേഖകളാണ് പ്രധാനം.

ഫോമില്‍ ഫ്‌ളൈറ്റ്, ഹോട്ടല്‍ ബുക്കിംഗ് വിവരങ്ങള്‍ നല്‍കുക.

ബാങ്ക് സ്റ്റേറ്റ്മെന്റും പൂര്‍ണ്ണമായ യാത്രാ പദ്ധതിയും സമര്‍പ്പിക്കുക.

അപേക്ഷ അടുത്തുള്ള VFS സെന്ററിലോ ഔദ്യോഗിക വിസ അപേക്ഷാ കേന്ദ്രത്തിലോ സമര്‍പ്പിക്കുക.

അവര്‍ രേഖകള്‍ പരിശോധിച്ച ശേഷം ദിവസങ്ങൾക്കകം വിസ

നല്‍കും.

അപേക്ഷകളുടെ എണ്ണവും ,രേഖകൾ പരിശോധിക്കുന്നതിലെ ദൈർഘ്യവുമാണ് വിസലഭിക്കാനുള്ള കാലതാമസത്തെ സ്വാധീനിക്കുക. മുൻകൂർ അപ്പോയിന്റ്മെന്റില്ലാതെ അപേക്ഷ സമർപ്പിക്കാം. ഇന്ത്യൻ രൂപയിൽ പണം, പിഓഎസ് അല്ലെങ്കിൽ യുപിഐ വഴി ഫീസ് അടയ്ക്കാനുള്ള സൗകര്യവും തുടരും.വിസ ഫീസിനൊപ്പം താമസ പദവി മാറ്റുന്നതിനും താമസകാലാവധി ദീർഘിപ്പിക്കുന്നതിനും സ്ഥിരതാമസ അപേക്ഷകൾക്കും ഫീസ് ഗണ്യമായി വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

SCROLL FOR NEXT