ബെംഗളൂരു: ഇന്ത്യയിലെ ഏറ്റവും വലിയ ഐടി സേവന ദാതാക്കളിൽ ഒന്നായ ടാറ്റാ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) 600-ലധികം പ്രൊഫഷണലുകളുടെ ജോലിക്കായി ഓഫർ ലെറ്റർ നൽകാത്തത് വിവാദമാകുന്നു. 2 മുതൽ 18 വർഷം വരെ ഐടി രംഗത്ത് ജോലി പരിചയമുള്ള ബെംഗളൂരു, ഹൈദരാബാദ്, പുണെ, കൊൽക്കത്ത, മുംബൈ, ഡൽഹി എന്നിവിടങ്ങളിലുള്ളവർക്കാണ് ടിസിഎസിൽ നിന്ന് ഔദ്യോഗിക ഓഫർ ലെറ്ററും ജോലി ആരംഭിക്കുന്ന തീയതിയും നൽകിയ ശേഷം നിയമനം നൽകാതിരിക്കുന്നത്. ഇവരിൽ പലരും ടിസിഎസിൽ ജോലി വാഗ്ദാനം ലഭിച്ചതിന് പിന്നാലെ ചെയ്യുന്ന ജോലികൾ ഉപേക്ഷിക്കുകയും മറ്റ് ജോലി അവസരങ്ങൾ നിരസിക്കുകയും ചെയ്തിരുന്നു.
എന്നാൽ, നിശ്ചയിച്ച ദിവസം ടിസിഎസ് ഓഫീസുകളിൽ എത്തിയപ്പോൾ നിയമനം അനിശ്ചിതമായി മാറ്റിവച്ചതായി അറിയിക്കുകയും പിന്നീട് യാതൊരു വിവരവും നൽകാതിരിക്കുകയും ചെയ്തുവെന്നാണ് ആരോപണം. നാസന്റ് ഇൻഫർമേഷൻ ടെക്നോളജി എംപ്ലോയീസ് സെനറ്റ് (NITES) എന്ന ജീവനക്കാരുടെ സംഘടന, ഈ സംഭവത്തെ ക്രിമിനൽ വിശ്വസ വഞ്ചന എന്ന് വിശേഷിപ്പിച്ച് കേന്ദ്ര തൊഴിൽ, തൊഴിലാളി മന്ത്രി മൻസുഖ് മാണ്ഡവ്യയ്ക്ക് പരാതി നൽകിയിട്ടുണ്ട്.
നാസന്റ് ഇൻഫർമേഷൻ ടെക്നോളജി എംപ്ലോയീസ് സെനറ്റ് പ്രസിഡന്റും ബോംബെ ഹൈക്കോടതിയിലെ അഭിഭാഷകനുമായ ഹർപ്രീത് സിംഗ് സലൂജ, ഈ സാഹചര്യത്തെ "മനുഷ്യത്വരഹിതം" എന്ന് വിശേഷിപ്പിച്ചു. "ഈ പ്രൊഫഷണലുകൾ ടിസിഎസിന്റെ വാഗ്ദാനത്തിൽ വിശ്വസിച്ചാണ് മുൻ ജോലികൾ ഉപേക്ഷിച്ചത്. ഇപ്പോൾ അവർ തൊഴിൽരഹിതരായി, വീട്ടുചെലവുകൾ, വായ്പകൾ, വാടക, വിദ്യാഭ്യാസ ഫീസ് തുടങ്ങിയവ മുടങ്ങി, സാമ്പത്തികവും മാനസികവുമായ പ്രതിസന്ധിയിലാണ്" അദ്ദേഹം പറഞ്ഞു.
തൊഴിൽ മന്ത്രാലയത്തോട് ടിസിഎസിനോട് ഈ പ്രൊഫഷണലുകൾക്ക് ഉടൻ ജോലി നൽകാനുള്ള സമയബന്ധിത പദ്ധതി, കാലതാമസത്തിന് നഷ്ടപരിഹാരം, മാനസികാരോഗ്യ പിന്തുണ, കമ്പനിക്കുള്ളിൽ മറ്റ് ജോലി സാധ്യതകൾ എന്നിവ പരിശോധിക്കണമെന്നാണ് സംഘടന ആവശ്യപ്പെട്ടത്. "ഒരു ഓഫർ ലെറ്റർ, പരസ്പര സമ്മതത്തോടെ ഉണ്ടായ ഒരു ബൈൻഡിംഗ് ഉടമ്പടിയാണ്. ഇത്തരം സാഹചര്യങ്ങളിൽ, കമ്പനി നിയമനം വൈകിയാലും ശമ്പളം നൽകണം" സലൂജ വ്യക്തമാക്കി.
അതേ സമയം ടിസിഎസ് എല്ലാ ഓഫറുകളും പാലിക്കുമെന്നും. ചില ബിസിനസ് കാര്യങ്ങളാൽ ഓഫർ ലെറ്റർ നൽകിയവരുടെ ജോലി ആരംഭിക്കുന്ന തീയതികൾ ക്രമീകരിച്ച് വരുകയാണെന്ന് പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ നിയമനകാര്യത്തിൽ ടിസിഎസിന്റെ ആദ്യത്തെ മൗനവും ആശയവിനിമയം നടത്താത്തതും ജീവനക്കാർക്കിടയിൽ അമർഷം വർദ്ധിപ്പിക്കുന്നുണ്ട്. 2023-ൽ 200-ലധികം ലാറ്ററലായി ഓഫർലെറ്റർ നൽകിയവരുടെ നിയമനം ടിസിഎസ് വൈകിപ്പിച്ചിരുന്നു.