ക്രെഡിറ്റ് കാർഡുകളെ ആശ്രയിച്ച് ജീവിക്കുന്ന നിരവധിപ്പേരുണ്ട്. ഒരു മിഡിൽ ക്ലാസ് ലെവലിൽ നിൽക്കുന്ന ആളുകളെ സംബന്ധിച്ച് തന്നെ ദൈനംദിന ചെലവുകളും അതൊടൊപ്പം അപ്രതീക്ഷിതമായ ചെലവുകളും കൈകാര്യം ചെയ്യാൻ ഏറെ സഹായകമായ ഒന്നാണ് ക്രെഡിറ്റ് കാർഡുകൾ. കൃത്യതയോടെ ഉപയോഗിച്ചാൽ സുരക്ഷിതവുമാണ്. എങ്കിലും ക്രെഡിറ്റ് കാർഡുകൾ എടുക്കുന്നതിന് മുൻപ് തന്നെ അത് എടുക്കേണ്ട തരത്തിലുള്ള ആവശ്യങ്ങൾ നമുക്കുണ്ടോ എന്നും പരിശോധിക്കേണ്ടതാണ്.
ക്രെഡിറ്റ്, കാർഡ് ഫ്രീയാണ്, നിരവധി ചാർജുകൾ എന്നലെല്ലാം പറഞ്ഞ് ആകർഷകമായ മെസേജുകളും കോളുകളുമെല്ലാം ലഭിക്കും. ഇതോടെ പലരും ആവശ്യമില്ലാതെ ക്രെഡിറ്റ് കാർഡ് എടുക്കുകയും ചെയ്യും. അവസാനം പണി കിട്ടും. എന്താണ് ഈ ചാർജുകൾ ഇല്ലാത്ത ഫ്രീയായി ലഭിക്കുന്ന ക്രെഡിറ്റ് കാർഡ് എന്ന് ആദ്യം അന്വേഷിക്കുക.
ഉദാഹരണത്തിന് വാർഷിക ചാർജ് ഇല്ലെന്നു പറഞ്ഞ് എടുക്കുന്ന കാർഡുകൾക്ക് ചിലപ്പോൾ പലിശ നിരക്ക് കൂടുതലായിരിക്കും.ചില കാർഡുകൾക്ക് ഫോറെക്സ് മാർക്ക്-അപ്പ് ഫീസ് 2 മുതൽ 4 ശതമാനം വരെയെങ്കിലും ഉണ്ടാകും. വിദേശ കറൻസി ഇടപാടുകൾ നടത്തിയാൽ ഈ ചാർജ് നൽകേണ്ടതായി വരും. വാർഷിക ഫീസ് ഇല്ലാത്ത കാർഡുകളിൽ ഇടപാട് നടത്തുമ്പോഴോ ക്രെഡിറ്റ് പരിധിക്ക് അപ്പുറം ചിലവാക്കുമ്പോഴോ ബാങ്ക് ചിലപ്പോൾ ഓവർലിമിറ്റ് ഫീസ് ചുമത്താം. ഇതൊന്നും ഉപഭോക്താക്കളെ ആകർഷിക്കുന്ന സംസാരങ്ങളിൽ ഉണ്ടാകില്ല.
കാർഡ് എടുത്ത് കഴിയുമ്പോഴാകും പലരും ഒളിഞ്ഞു കിടക്കുന്ന ചാർജുകളെക്കുറിച്ച് മനസിലാക്കുന്നത് തന്നെ. എത്ര ഫ്രീ ആയാലും തിരിച്ചടവ് മുടങ്ങിൽ പലിശ ഒഴിവാകാൻ സാധ്യതയില്ല. അത് എത്രയെന്ന് ആദ്യം തന്നെ മനസിലാക്കണം. ഓരോ സ്ഥാപനത്തിനും പലിശ നിരക്കിൽ വ്യത്യാസം കാണും. അത് താരതമ്യം ചെയ്ത് അനുയോജ്യമായ ഒന്ന് തെരഞ്ഞെടുക്കുക.
ഇനി ചുമ്മാ കാർഡ് എടുത്ത് കയ്യിൽ വച്ചിട്ട് ഉപയോഗിക്കാതിരുന്നാലും ചാർജ് ഈടാക്കാം. കാർഡ് ഉപയോഗിക്കുന്നതിൻ്റ പരിധി നോക്കിയാകും ഇളവ് ലഭിക്കുക. അതുകൊണ്ടുതന്നെ ക്രെഡിറ്റ് കാർഡ് ഫ്രീയാണ്. ചാർുകൾ ഈടാക്കില്ല എന്നൊക്കെ കേട്ടാൽ ചാടിക്കയറി എടുക്കാതെ കൃത്യമായി പരിശോധിക്കുക.