കേന്ദ്ര സര്‍ക്കാരിന്റെ സൂര്യഘര്‍ പദ്ധതിയില്‍ രാജ്യത്ത് ഈ വര്‍ഷം പുരപ്പുറത്ത് സോളാര്‍ സ്ഥാപിച്ചവരുടെ എണ്ണത്തില്‍ 125 ശതമാനത്തിന്റെ റെക്കോര്‍ഡ് വര്‍ധന. പിഎം സൂര്യഘര്‍ പദ്ധതി സ്ഥാപിക്കുന്നതില്‍ മുന്‍ നിരയില്‍ കേരളവുമുണ്ട്.
കേന്ദ്ര പുനരുപയോഗ ഊര്‍ജ മന്ത്രാലയത്തിന്റെ ഇതുവരെയുള്ള കണക്കുപ്രകാരം കേരളത്തില്‍ നിന്ന് പിഎം സൂര്യഘര്‍ പദ്ധതിയിലേക്ക് 3.85 ലക്ഷം അപേക്ഷകളാണ് ലഭിച്ചത്. 2.77 ലക്ഷം വീടുകള്‍ പുരപ്പുറ സോളര്‍ വൈദ്യുതിയില്‍ പ്രകാശിക്കുന്നു. 1053 മെഗാവാട്ട് ആണ് ഇതിന്റെ സംയോജിതശേഷി. ഇതിനകം സബ്‌സിഡിയായി സംസ്ഥാനത്ത് 1846 കോടി രൂപയും വിതരണം ചെയ്തു. ഇന്‍സ്റ്റലേഷന്‍ ശേഷിയില്‍ രാജ്യത്ത് ഏറ്റവും മുന്‍നിരയില്‍ കേരളവുമുണ്ട്. പിഎം സൂര്യഘര്‍ പദ്ധതിയ്ക്കു പുറമെയുള്ളതു കൂടി പരിഗണിച്ചാല്‍ മേയ് 31ലെ കണക്കുകള്‍ പ്രകാരം കേരളത്തിന് 2036.50 മെഗാവാട്ട് പുരപ്പുറ സോളാര്‍ വൈദ്യുതി ശേഷിയാണുള്ളത്.
ഇതിനു തൊട്ടുമുന്‍പുള്ള പാദത്തില്‍ 2.2 ജിഗാവാട്ട് ശേഷിയാണ് പുരപ്പുറ സോളറില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടത്. 2025 ജനുവരി - മാര്‍ച്ച് മാസം കൂട്ടിച്ചേര്‍ക്കപ്പെട്ടത് 1.2 ഗിഗാ വാട്ട് മാത്രം. എന്നാല്‍ ഇക്കുറിയിത് എല്ലാ റെക്കോര്‍ഡുകളും മറികടന്ന് 2.7 ഗിഗാ വാട്ടിലെത്തിയെന്ന് മെര്‍കോം ഇന്ത്യ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒന്നാം പാദത്തില്‍ സ്ഥാപിക്കപ്പെട്ട സോളര്‍ പ്ലാന്റുകളില്‍ 82 ശതമാനവും വീടുകള്‍ക്ക് വേണ്ടിയുള്ളതായിരുന്നു. കേന്ദ്ര-സംസ്ഥാന പദ്ധതികള്‍ വഴി സബ്‌സിഡി ലഭിക്കുന്നതും നടപടികള്‍ ലളിതമായതുമാണ് എണ്ണം കൂടാനുള്ള കാരണം. വ്യവസായിക, വാണിജ്യ മേഖലകളില്‍ നിന്നുള്ളതാണ് ബാക്കി. ഏറ്റവും കൂടുതല്‍ സോളര്‍ പാനലുകള്‍ സ്ഥാപിച്ചത് മഹാരാഷ്ട്രയിലാണ്.
ആകെ കൂട്ടിച്ചേര്‍ക്കപ്പെട്ട പുരപ്പുറ സോളര്‍ പാനലുകളില്‍ 17 ശതമാനവും മഹാരാഷ്ട്രയിലാണ്. 16 ശതമാനവുമായി ഉത്തര്‍പ്രദേശും 15 ശതമാനവുമായി ഗുജറാത്തും തൊട്ടുപിന്നിലുണ്ട്. സോളര്‍ സ്ഥാപിക്കുന്നതില്‍ മുന്‍ വര്‍ഷത്തേക്കാള്‍ ഏറ്റവും കൂടുതല്‍ വളര്‍ച്ച രേഖപ്പെടുത്തിയ സംസ്ഥാനം അസം ആണ്. 2025ലെ ആദ്യ പാദത്തേക്കാള്‍ ഇക്കുറി 40 ശതമാനമാണ് വളര്‍ച്ച. രണ്ടാം സ്ഥാനത്ത് ഉത്തര്‍പ്രദേശ്.
പിഎം സൂര്യഘര്‍ പദ്ധതി ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുത്തിയത് ഉത്തര്‍പ്രദേശുകാരാണെന്നും റിപ്പോര്‍ട്ട് തുടരുന്നു. 10 ലക്ഷം അപേക്ഷകളാണ് ഉത്തര്‍പ്രദേശില്‍ നിന്നു മാത്രം ലഭിച്ചത്. രാജ്യത്ത് ആകെ ലഭിച്ച അപേക്ഷകളുടെ 14 ശതമാനമാണിത്. ഗുജറാത്തിനും മഹാരാഷ്ട്രയ്ക്കും ശേഷം ആറു ലക്ഷത്തിനു മുകളില്‍ പുരപ്പുറ സോളര്‍ യൂണിറ്റുകള്‍ സ്ഥാപിച്ച സംസ്ഥാനമെന്ന റെക്കോര്‍ഡിലെത്താനും ഉത്തര്‍ പ്രദേശിനു കഴിഞ്ഞു. 2026 മാര്‍ച്ചോടെ രാജ്യത്തെ പുരപ്പുറ സോളര്‍ പ്ലാന്റുകളുടെ ആകെ ശേഷി 23.5 ഗിഗാ വാട്ടിലെത്തി. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഇത് 27.88 ഗിഗാവാട്ടാണ്. രാജ്യത്തെ ആകെ സോളര്‍ സ്ഥാപിത ശേഷി 157.05 ജിഗാ വാട്ട് ആണെന്നും സര്‍ക്കാര്‍ കണക്ക്. ലോകത്തില്‍ തന്നെ മൂന്നാമതാണിത്.