ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ കമ്പനിയായ മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസിന് ആദ്യ പാദത്തിൽ ലാഭത്തിൽ 78.31 % വർധന. 26,994 കോടി രൂപയുടെ അറ്റാദായമാണ് ഈ വർഷം ഏപ്രിൽ മുതൽ ജൂൺ വരെയുള്ള (ക്യു1) മൂന്ന് മാസക്കാലയളവിൽ റിലയൻസ് ഇൻഡസ്ട്രീസ് നേടിയത്. കമ്പനി മൂന്നുമാസ കാലയളവിൽ നേടുന്ന ഏറ്റവും വലിയ ലാഭമാണ് ഇത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ നേടിയത് 15,138 കോടിയായിരുന്നു.
ജിയോ പ്ലാറ്റ്‌ഫോംസ് ആദ്യ പാദത്തിൽ അറ്റ ലാഭത്തിൽ 25 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. അറ്റാദായം 7110 കോടി രൂപയാണ്. ജിയോ ആദ്യ പാദത്തിൽ 9.90 മില്യൺ വരിക്കാരെയും കൂട്ടിച്ചേർത്തു. ഇതോടെ ആകെ 498.1 മില്യൺ വരിക്കാരായി. ജിയോ ട്രൂജി ഉപഭോക്താക്കളുടെ എണ്ണവും 212 മില്യണിലേക്ക് കുതിച്ചു. റിലയൻസ് റീട്ടെയിൽ വരുമാനത്തിലും 11.3 ശതമാനം വർധന രേഖപ്പെടുത്തി. ഇതോടെ ജിയോ റീട്ടെയിൽ വരുമാനം 84,171 കോടി രൂപയായി. 500ലധികം ടൈറ്റിലുകളുമായി ജിയോ ഗെയിംസും ലോഞ്ച് ചെയ്തു.
സമഗ്ര വികസനം, സാങ്കേതിക നവീകരണം, ഊർജ പരിവർത്തനത്തിന് നേതൃത്വം നൽകൽ എന്നിവയിലൂടെ രാജ്യത്തിൻ്റെ വളർച്ചയ്ക്ക് വേണ്ടി റിലയൻസ് പ്രതിജ്ഞാബദ്ധമാണെന്ന് മുകേഷ് അംബാനി പ്രതികരിച്ചു. ഞങ്ങളുടെ ബിസിനസുകളുടെയും വളർച്ചാ സംരംഭങ്ങളുടെയും പ്രകടനം, റിലയൻസിന്റെ വിജയകരമായ ട്രാക്ക് റെക്കോർഡ് ഓരോ നാല്- അഞ്ച് വർഷത്തിലും ഇരട്ടിയാക്കുന്നത് തുടരുമെന്ന് ആത്മവിശ്വാസം നൽകുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.