ജീവിതത്തിൽ പുതിയ ഇന്നിങ്സിന് തുടക്കമിട്ട് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. മൈതാനത്തിന് പുറത്ത് ബിസിനസിലും ഒരു കൈ നോക്കുകയാണ് താരം. സ്പോർട്സ് വെയറുകൾ നിർമിക്കുന്ന പുതിയ സംരംഭത്തിനാണ് താരം തുടക്കം കുറിക്കുന്നത്. 10 എക്സ് യു എന്നാണ് സച്ചിന്റെ പുത്തൻ ബ്രാന്റിന്റെ പേര്. ആറുമാസത്തിനുള്ളിൽ ഇന്ത്യയിൽ ആദ്യ ഷോറൂം തുറക്കും.
ബെംഗളൂരു ആസ്ഥാനമായാണ് കമ്പനി പ്രവർത്തിക്കുക. കാർത്തിക് ഗുരുമൂർത്തി, കരൺ അറോറ എന്നിവരുമായി ചേർന്നാണ് കളിക്കളത്തിന്റെ പുറത്ത് പുതിയ ഇന്നിംങ്സിന് സച്ചിൻ തുടക്കമിട്ടത്. ക്രിക്കറ്റ് കരിയറിൽ തനിക്ക് നഷ്ടപ്പെട്ടതായി തോന്നിയതിനെ ചുറ്റിപ്പറ്റിയാണ് ബ്രാൻഡ് നിർമിച്ചിരിക്കുന്നതെന്നും ഇന്ത്യയെ കായിക മത്സരങ്ങൾ കാണുന്ന രാജ്യങ്ങളിൽ നിന്ന് കായിക രാജ്യമാക്കുകയാണ് ലക്ഷ്യമെന്നും സച്ചിൻ ടെണ്ടുൽക്കർ പറഞ്ഞു.
10 എക്സ് യു പുറത്തിറക്കുന്ന ഷൂവിന് 5,000 രൂപ മുതലാണ് വില. ക്രിക്കറ്റിനായി പ്രത്യേകമായി നിർമിച്ച ഷൂ 9,000 രൂപ മുതലും ലഭ്യമാവും. ഷൂവിന് പുറമെ ഷോർട്സും, ടീ ഷർട്ടും ഉൾപ്പെടെയുള്ള സ്പോർട്സ് വെയറുകൾ ബ്രാൻഡ് പുറത്തിറക്കും. ബ്രാൻഡിന്റെ ഓൺലൈൻ വില്പന തുടങ്ങിയിട്ടുണ്ട്.