പൈലേറ്റ്സ് സ്റ്റുഡിയോയുമായി സാറ ടെണ്ടുൽക്കർ Source: X
BUSINESS

പൈലേറ്റ്സ് സ്റ്റുഡിയോയുമായി സാറ ടെണ്ടുൽക്കർ; മകളെ കുറിച്ച് വലിയ അഭിമാനമെന്ന് സച്ചിൻ

മുംബൈയിൽ മകൾ സാറ തുടക്കം കുറിച്ച പൈലേറ്റ്സ് സ്റ്റുഡിയോയുടെ ചിത്രങ്ങളാണ് സച്ചിൻ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

Author : ന്യൂസ് ഡെസ്ക്

എല്ലാ മാതാപിതാക്കൾക്കും തങ്ങളുടെ മക്കളുടെ വിജയം സന്തോഷമുണ്ടാക്കുന്ന കാര്യമാണ്. അത് തന്നെയാണ്, മകൾ സാറ പുതിയൊരു സംരംഭം ആരംഭിച്ചതിൻ്റെ സന്തോഷം ക്രിക്കറ്റ് ദൈവം സച്ചിൻ ടെണ്ടുൽക്കർ എക്സ് പോസ്റ്റിലൂടെ പങ്കുവെച്ചത്. "സാറാ, നിന്നെക്കുറിച്ച് ഞങ്ങൾ വളരെയധികം അഭിമാനിക്കുന്നു..." എന്ന് കുറിച്ചാണ് സച്ചിൻ മകളുടെ സംരംഭത്തിൻ്റെ ഉദ്ഘാടനത്തെക്കുറിച്ചുള്ള വിവരം പങ്കുവെച്ചത്.

മുംബൈയിൽ മകൾ സാറ തുടക്കം കുറിച്ച പൈലേറ്റ്സ് സ്റ്റുഡിയോയുടെ ചിത്രങ്ങളാണ് സച്ചിൻ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. "സാറയുടേത് അവളുടെ പ്രിയപ്പെട്ട സംരംഭമാണ്. അവളുടെ സ്വപ്നം സാക്ഷാത്കരിക്കാൻ സാറ കഠിനമായി പരിശ്രമിച്ചിട്ടുണ്ട്. പോഷകാഹാരവും വ്യായാമവും എപ്പോഴും നമ്മുടെ ജീവിതത്തിൽ പ്രധാനപ്പെട്ടതാണ്. മകൾ അതിൻ്റെ പ്രാധാന്യം മനസിലാക്കി മുന്നോട്ട് പോയതിൽ വലിയ സന്തോഷം തോന്നുന്നു. സാറയുടെ ഉദ്യമം പ്രശംസനീയമാണെ"ന്നും മകൾക്ക് ആശംസകളേകി സച്ചിൻ എക്സിൽ കുറിച്ചു. ഉദ്ഘാടനച്ചടങ്ങിൽ സച്ചിനും ഭാര്യ അഞ്ജലിയും പങ്കെടുത്തതായി ചിത്രങ്ങളിൽ കാണാം. എന്നാൽ മകൻ അർജുൻ ചിത്രങ്ങളിൽ ഉണ്ടായിരുന്നില്ല.

ഇൻസ്റ്റാഗ്രാമിൽ വലിയ ആരാധകവൃന്ദമുള്ള സെലിബ്രിറ്റിയാണ് സാറ. എട്ട് മില്യണിലധികം ഫോളോവേഴ്‌സുള്ള അവർ, ലോകമെമ്പാടും ഏറ്റവും കൂടുതൽ ഫോളോവേഴ്‌സ് ഉള്ള സെലിബ്രിറ്റികളിൽ ഒരാളാണ്. സാറ ലണ്ടനിലെ യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ക്ലിനിക്കൽ ആൻഡ് പബ്ലിക് ഹെൽത്ത് ന്യൂട്രീഷനിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയാണ് സച്ചിൻ്റെ മകൻ അർജുൻ ടെണ്ടുൽക്കറിൻ്റെ വിവാഹനിശ്ചയ ചടങ്ങ് നടന്നത്.

SCROLL FOR NEXT