Source: Screengrab
BUSINESS

അഞ്ച് ദിവസം അടച്ചിടില്ല; എസ്ബിഐ പണിമുടക്ക് മാറ്റിവച്ചു

മുംബൈയിൽ ബാങ്ക് മാനേജ്മെൻ്റും യൂണിയൻ പ്രതിനിധികളുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് തീരുമാനം

Author : ന്യൂസ് ഡെസ്ക്

ഡൽഹി: മെയ് 25 മുതൽ രാജ്യവ്യാപകമായി നടത്താനിരുന്ന പണിമുടക്ക് മാറ്റിവച്ച് രാജ്യത്തെ മുന്‍നിര പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. മുംബൈയിൽ ബാങ്ക് മാനേജ്മെൻ്റും യൂണിയൻ പ്രതിനിധികളുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് തീരുമാനം. മതിയായ ജീവനക്കാരെ നിയമിക്കുന്നത് ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്റ്റാഫ് ഫെഡറേഷൻ്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം പണിമുടക്കിന് ആഹ്വാനം ചെയ്തത്.

മെയ് 25, 26 തീയതികളിൽ പണിമുടക്ക് നടത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. സ്ഥിരം ജോലികള്‍ക്ക് പുറംകരാര്‍ നൽകുന്നത് അവസാനിപ്പിക്കുക, ഹൗസ് കീപ്പിങ്, സെക്യൂരിറ്റി ഗാര്‍ഡ് തസ്തികകളിലും ക്ലറിക്കല്‍ വിഭാഗത്തിലും സ്ഥിരനിയമനം നടത്തുക, ജീവനക്കാരെ ബാധിക്കുന്ന മറ്റ് പ്രശ്‌നങ്ങൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സംഘടന മുന്നോട്ടുവയ്ക്കുന്നത്. ഇന്‍ഷുറന്‍സ് പോളിസികള്‍ വിൽക്കാന്‍ ജീവനക്കാരെ നിര്‍ബന്ധിക്കുന്നതും പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

ഇടവിട്ട മൂന്ന് ദിവസം ബാങ്കുകളുടെ പ്രവര്‍ത്തനം മുടങ്ങും

ഇന്ന് നാലാമത്തെ ശനിയാഴ്ചയായതിനാൽ ആ ദിവസം ബാങ്കുകൾക്ക് അവധിയായിരിക്കും. മെയ് 24 ഞായറാഴ്ചയും ബാങ്ക് അവധിയാണ്. മെയ് 27ന് ബക്രീദ് ദിനത്തിൽ ആർ‌ബി‌ഐ അവധി പ്രഖ്യാപിച്ചതിനാലും ബാങ്കുകൾ അടച്ചിടും. അതേസമയം, അവധി ദിനങ്ങളിൽ ഓൺലൈൻ ബാങ്കിങ്, യുപിഐ പേയ്‌മെന്റുകൾ, എടിഎമ്മുകൾ എന്നിവ സാധാരണപോലെ തന്നെ പ്രവർത്തിക്കും.

SCROLL FOR NEXT