പേടിഎമ്മിന്റെ മാതൃസ്ഥാപനമായ വണ്‍ 97 കമ്മ്യൂണിക്കേഷന്‍സിന്റെ ഓഹരി വ്യാഴാഴ്ച 10% ഇടിഞ്ഞു. യുപിഐ പേയ്മെന്റുകള്‍ക്ക് മെര്‍ച്ചന്റ് ഡിസ്‌കൗണ്ട് നിരക്ക് ഏര്‍പ്പെടുത്തുന്നത് അവതരിപ്പിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ധനകാര്യ മന്ത്രാലയം തള്ളിയതോടെയാണ് ഇന്നത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 864.20 രൂപയിലേക്ക് എത്തിയത്.
ബാങ്കുകളും പേടിഎം പോലുള്ള പണമിടപാട് കേന്ദ്രങ്ങളും പണവിനിമയത്തിലൂടെ നേടുന്ന ചാര്‍ജ് ആണ് എംഡിആര്‍. ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി യുപിഐ ട്രാന്‍സാക്ഷന്‍സിനായുള്ള എംഡിആര്‍ നിരക്ക് കേന്ദ്രസര്‍ക്കാര്‍ എടുത്തു കളഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഈ എംഡിആര്‍ നിരക്ക് പുനരവതരിപ്പിക്കാന്‍ കേന്ദ്രമൊരുങ്ങുന്നു എന്ന നിലയിലുള്ള വാര്‍ത്തകള്‍ വന്നിരുന്നു. 3000 രൂപയ്ക്ക് മുകളിലുള്ള പേയ്മെന്‍റുകൾക്കാണ് നിരക്ക് വർധിപ്പിക്കുന്നതായി റിപ്പോർട്ട് വന്നത്. എന്നാല്‍ ഇത് തെറ്റാണെന്ന് കേന്ദ്രം വ്യക്തമാക്കിയതോടെയാണ് ഓഹരിയില്‍ ഇടിവുണ്ടായത്.
ഇത്തരത്തിലുള്ള അടിസ്ഥാനരഹിതമായ റിപ്പോര്‍ട്ടുകള്‍ ആളുകള്‍ക്കിടയില്‍ അനാവശ്യമായ ഭയം സൃഷ്ടിക്കുന്നതിന് കാരണമാകുമെന്നും ധനകാര്യ വകുപ്പ് റിപ്പോര്‍ട്ട് തള്ളിക്കൊണ്ട് പുറപ്പെടുവിച്ച പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
യുപിഐ, റുപേ ഡെബിറ്റ് കാര്‍ഡ് ട്രാന്‍സാക്ഷന്‍സിന് എംഡിആര്‍ ചാര്‍ജുകള്‍ ഏര്‍പ്പെടുത്തണമെന്നായിരുന്നു മാര്‍ച്ചില്‍ ഡിജിറ്റല്‍ പേയമെന്റ് കമ്പനികളെ പ്രതിനിധീകരിക്കുന്ന പേയ്‌മെന്റ് കൗണ്‍സില്‍ ഓഫ് ഇന്ത്യ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. യുപിഐ പേയ്‌മെന്റുകള്‍ക്ക് 0.3 % എംഡിആര്‍ ഏര്‍പ്പെടുത്തണമെന്നായിരുന്നു പേയ്‌മെന്റ് കൗണ്‍സില്‍ ആവശ്യപ്പെട്ടത്.
ഏപ്രിലോടെ യുപിഐ മാര്‍ക്കറ്റ് ഷെയറിന്റെ 80 ശതമാനത്തിലധികവും ഫോണ്‍പേയും ഗൂഗിള്‍പേയുമാണ് കൈയ്യടക്കിയിരിക്കുന്നത്. ഫ്‌ളിപ്കാര്‍ട്ടിന്റെ പിന്തുണയോടെ വന്ന സൂപ്പര്‍.മണി, നവി, ഭീം, ക്രെഡ് തുടങ്ങിയ പേയ്‌മെന്റ് സംവിധാനങ്ങളും ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ കാഷ്ബാക്ക് ഓഫറുകളും ഇന്‍സെന്റീവുകളും നല്‍കിക്കൊണ്ട് അവരുടെ പ്രാതിനിധ്യം പതുക്കെ ഉറപ്പിച്ചു വരുന്നുണ്ട്.
മെയ് മാസത്തില്‍ മാത്രം 18.68 ബില്യണ്‍ ട്രാന്‍സാക്ഷനുകളാണ് യുപിഐയിലൂടെ നടന്നത്. അതിന്റെ മൂല്യം കണക്കാക്കുമ്പോള്‍ മെയ് മാസത്തില്‍ 25.14 ലക്ഷം കോടി രൂപയാണ് വിനമയം ചെയ്യപ്പെട്ടത്. ഏപ്രില്‍ മാസത്തില്‍ ഇത് 23.95 ലക്ഷം കോടി രൂപയാണ്.
കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ 14.03 ബില്യണ്‍ ട്രാന്‍സാക്ഷന്‍സ് ആണ് രേഖപ്പെടുത്തിയത്. അത് വെച്ച് കണക്കാക്കുമ്പോള്‍ ഈ വര്‍ഷം മെയിലെ കണക്കില്‍ 33 ശതമാനത്തിന്റെ കുതിപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് കാണാം. 81,106 കോടി രൂപയാണ് മെയ് മാസത്തിലെ ഒരു ദിവസത്തെ ശരാശരി വിനിമയ തുക. 602 മില്യണ്‍ ശരാശരി ഒരു ദിവസത്തെ ട്രാന്‍സാക്ഷന്‍ നിരക്ക്.