Stock image
BUSINESS

സ്വര്‍ണത്തിനു പിന്നാലെ വെള്ളിയും; റെക്കോര്‍ഡ് കുതിപ്പ് തുടരുന്നു

1979-ന് ശേഷമുള്ള ഏറ്റവും വലിയ വാര്‍ഷിക വര്‍ധനവാണ് ഈ വര്‍ഷം സ്വര്‍ണ്ണത്തിലും വെള്ളിയിലും ദൃശ്യമാകുന്നത്

Author : ന്യൂസ് ഡെസ്ക്

സ്വര്‍ണത്തിനൊപ്പം വെള്ളിയുടെ വിലയും കുതിക്കുകയാണ്. ലോകരാഷ്ട്രീയ സംഘര്‍ഷങ്ങളും അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ കുറയ്ക്കുമെന്ന പ്രതീക്ഷയുമാണ് സ്വര്‍ണം, വെള്ളി ലോഹങ്ങളുടെ വിലക്കയറ്റത്തിന് കാരണം.

വെനസ്വേലയ്ക്കെതിരായ അമേരിക്കയുടെ എണ്ണ ഉപരോധം, യുക്രെയ്ന്‍-റഷ്യ യുദ്ധത്തിലെ പുതിയ നീക്കങ്ങള്‍ തുടങ്ങിയവയാണ് നിക്ഷേപകരെ ആശങ്കയിലാക്കുന്നത്. ഇത്തരം അസ്ഥിര സാഹചര്യങ്ങളില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ ആളുകള്‍ സ്വര്‍ണ്ണത്തെയും വെള്ളിയെയും ആശ്രയിക്കുന്നു.

ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയുമ്പോള്‍ ഡോളറിന്റെ മൂല്യം ഇടിയുകയും, സ്വര്‍ണ്ണം പോലുള്ള ലോഹങ്ങളിലേക്ക് കൂടുതല്‍ നിക്ഷേപം എത്തുകയും ചെയ്യും.

വെള്ളി ഒരു ഔണ്‍സിന് 67.55 ഡോളര്‍ എന്ന റെക്കോര്‍ഡ് വിലയിലേക്ക് ഉയര്‍ന്നു. വിതരണത്തിലെ കുറവും നിക്ഷേപകരുടെ താല്‍പ്പര്യവുമാണ് വെള്ളിയുടെ വില വര്‍ദ്ധിക്കാന്‍ കാരണം.

സ്വര്‍ണ്ണവില ഔണ്‍സിന് ഏകദേശം 4,365 ഡോളര്‍ എന്ന നിലയിലെത്തി. ഇത് എക്കാലത്തെയും ഉയര്‍ന്ന നിരക്കിന് തൊട്ടരികിലാണ്. 1979-ന് ശേഷമുള്ള ഏറ്റവും വലിയ വാര്‍ഷിക വര്‍ധനവാണ് ഈ വര്‍ഷം സ്വര്‍ണ്ണത്തിലും വെള്ളിയിലും ദൃശ്യമാകുന്നത്.

പ്രധാന കാരണങ്ങള്‍

പലിശ നിരക്കിലെ മാറ്റങ്ങള്‍: ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ കുറയ്ക്കുന്നതിനെ അനുകൂലിക്കുന്ന നിലപാടാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റേത്. പലിശ നിരക്ക് കുറയുന്നത് പലിശ ലഭിക്കാത്ത നിക്ഷേപങ്ങളായ സ്വര്‍ണ്ണത്തിനും വെള്ളിക്കും ഗുണകരമാണ്.

വെനസ്വേലയ്ക്കെതിരായ അമേരിക്കയുടെ എണ്ണ ഉപരോധവും, ഉക്രെയ്ന്‍ റഷ്യന്‍ എണ്ണക്കപ്പലിന് നേരെ ആക്രമണം നടത്തിയതും ആഗോളതലത്തില്‍ ആശങ്ക വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ ആളുകള്‍ സ്വര്‍ണ്ണത്തെ ആശ്രയിക്കുന്നു.

വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ വന്‍തോതില്‍ സ്വര്‍ണ്ണം വാങ്ങി കൂട്ടുന്നതും വില ഉയരാന്‍ കാരണമാകുന്നു.

അടുത്ത വര്‍ഷം സ്വര്‍ണ്ണവില ഇനിയും ഉയരുമെന്നാണ് ഗോള്‍ഡ്മാന്‍ സാക്‌സ് പോലുള്ള പ്രമുഖ ധനകാര്യ സ്ഥാപനങ്ങള്‍ പ്രവചിക്കുന്നത്. സ്വര്‍ണ്ണവില ഔണ്‍സിന് 4,900 ഡോളര്‍ വരെ എത്തിയേക്കാം എന്നാണ് നിഗമനം.

പ്ലാറ്റിനം, പലേഡിയം തുടങ്ങിയ മറ്റ് ലോഹങ്ങളുടെ വിലയിലും വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

SCROLL FOR NEXT