പ്രതീകാത്മക ചിത്രം 
BUSINESS

ഇങ്ങനെ പോയാല്‍ അടച്ചുപൂട്ടേണ്ടി വരും; സര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് വിമാനക്കമ്പനികള്‍

പശ്ചിമേഷ്യയിലെ പ്രതിസന്ധി അയവില്ലാതെ തുടരുന്നതോടെ അടച്ചുപൂട്ടലിന്റെ വക്കിലാണെന്ന് കമ്പനികള്‍

Author : ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ അനിശ്ചിതത്വത്തില്‍ വലഞ്ഞ് ഇന്ത്യയിലെ വിമാനക്കമ്പനികള്‍. പ്രതിസന്ധി അയവില്ലാതെ തുടരുന്നതോടെ അടച്ചുപൂട്ടലിന്റെ വക്കിലാണെന്ന് കമ്പനികള്‍ അറിയിച്ചു. കുതിച്ചുയരുന്ന ഇന്ധനവിലയാണ് പ്രതിസന്ധിക്ക് കാരണം.

ഇന്ധന വില പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് എയര്‍ ഇന്ത്യ അടക്കം മൂന്ന് വിമാനക്കമ്പനികള്‍ ഇതിനകം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിമാനക്കമ്പനിയുടെ പ്രവര്‍ത്തനച്ചെലവിന്റെ 40 ശതമാനത്തോളം ഇന്ധനത്തിനാണ് ചെലവാകുന്നത്.

വ്യോമയാന ഇന്ധനത്തിലുണ്ടാകുന്ന അശാസ്ത്രീയമായ വര്‍ധനവും വിലനിര്‍ണയവും കാരണം വിമാനക്കമ്പനികള്‍ക്ക് പരിഹരിക്കാനാകാത്ത നഷ്ടമുണ്ടാകുമെന്നും ഇത് സര്‍വീസ് റദ്ദാക്കുന്നതിലേക്കും നിര്‍ത്തിവെക്കേണ്ട അവസ്ഥയിലേക്കും നയിക്കുമെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എയര്‍ലൈന്‍സ് (FIA) സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി.

എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, സ്‌പൈസ്‌ജെറ്റ് എന്നീ കമ്പനികളാണ് എഫ്‌ഐഎയിലുള്ളത്. നിലവിലെ സ്ഥിതി അതിജീവിക്കാനും പ്രവര്‍ത്തനം തുടരാനുമായി അടിയന്തിരവും സുസ്ഥിരവുമായ സാമ്പത്തിക സഹായം വേണമെന്നാണ് സര്‍ക്കാരിനോട് കമ്പനികള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഏപ്രില്‍ 26 നാണ് കത്ത് നല്‍കിയത്.

ദീര്‍ഘദൂര സര്‍വീസുകളെയാണ് ഇന്ധനവില ഏറ്റവും കൂടുതല്‍ ബാധിക്കുന്നതെന്നും കത്തില്‍ സൂചിപ്പിക്കുന്നു. നേരത്തേ നിലവിലുണ്ടായിരുന്ന 'ക്രാക്ക് ബാന്‍ഡ്' രീതിക്ക് സമാനമായി ആഭ്യന്തര-രാജ്യാന്തര സര്‍വീസുകള്‍ക്ക് ഒരേപോലെ ബാധമാകുന്ന ഏകീകൃത ഇന്ധനവില നിര്‍ണയ രീതി നടപ്പിലാക്കണമെന്നാണ് ആവശ്യം.

ക്രൂഡ് ഓയില്‍ വിലയും സംസ്‌കരിച്ച വിമാന ഇന്ധനത്തിന്റെ (എടിഎഫ്) വിലയും തമ്മിലുള്ള വലിയ വ്യത്യാസങ്ങള്‍ തടയുന്ന വിലനിര്‍ണയ സംവിധാനമാണ് ക്രാക്ക് ബാന്‍ഡ്.

നിലവില്‍ ആഭ്യന്തര സര്‍വീസുകള്‍ക്കുള്ള ഇന്ധന വിലവര്‍ധനവ് സര്‍ക്കാര്‍ ലിറ്ററിന് 15 രൂപയായി പരിമിതപ്പെടുത്തിയിട്ടുണ്ടെങ്കിലും അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് ഇത് ലിറ്ററിന് 73 രൂപയാണ്. നിലവില്‍ 11 ശതമാനമുള്ള എടിഎഫ് എക്‌സൈസ് തീരുവ താത്കാലികമായി നിര്‍ത്തിവെക്കണമെന്നാണ് മറ്റൊരു ആവശ്യം.

SCROLL FOR NEXT