വാള്‍ട്ട് ഡിസ്‌നിയിലും കൂട്ടപ്പിരിച്ചുവിടല്‍. പുതുതായി ചുമതലയേറ്റ സിഇഒ ജോഷ് ഡി അമാരോയുടെ പരിഷ്‌കരണത്തിന്റെ ഭാഗമായാണ് നടപടി. ആയിരത്തോളം പേര്‍ക്കാണ് ജോലി നഷ്ടമാകുക. കമ്പനിയെ അഴിച്ചുപണിയുന്നതിന്റെ ഭാഗമായാണ് ഇത്രയും പേരെ ജോലിയില്‍ നിന്ന് പുറത്താക്കുന്നതെന്നാണ് വിശദീകരണം.
ചൊവ്വാഴ്ച രാവിലെയാണ് ഇ-മെയില്‍ വഴി പിരിച്ചുവിടലിനെ കുറിച്ച് സിഇഒ ജീവനക്കാരെ അറിയിച്ചത്. കമ്പനിയിലെ മാര്‍ക്കറ്റിങ് വിഭാഗത്തിലെ ജീവനക്കാരെയാണ് കൂട്ടപ്പിരിച്ചുവിടല്‍ ഏറ്റവും കൂടുതല്‍ ബാധിക്കുക എന്നാണ് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.
എന്നാല്‍, ഡിസ്‌നിയുടെ സ്റ്റുഡിയോ വിഭാഗങ്ങള്‍, ടിവി ഡിവിഷനുകള്‍, ഇഎസ്പിഎന്‍, ഉല്‍പ്പന്ന, സാങ്കേതിക ടീമുകളേയും പിരിച്ചുവിടല്‍ ബാധിക്കുമെന്നാണ് മറ്റ് റിപ്പോര്‍ട്ടുകള്‍.
പരമ്പരാഗത ടെലിവിഷന്‍ മേഖലയില്‍ നിന്ന് പണ്ട് ലഭിച്ചിരുന്ന അത്രയും ലാഭം സ്ട്രീമിങ് പ്ലാറ്റ്ഫോമുകളില്‍ നിന്ന് ലഭിക്കാത്ത പുതിയ യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടാന്‍ ഡിസ്‌നി ഉള്‍പ്പെടെയുള്ള ഹോളിവുഡ് സ്റ്റുഡിയോകള്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനൊപ്പം, ബോക്‌സ് ഓഫീസ് വരുമാനത്തില്‍ ഇടിവ് സംഭവിക്കുകയും ആമസോണ്‍, യൂട്യൂബ് തുടങ്ങിയ കമ്പനികളില്‍ നിന്നുള്ള മത്സരം ശക്തമാവുകയും ചെയ്തിട്ടുണ്ട്. 2022 മുതല്‍ ഡിസ്‌നി 8,000-ത്തിലധികം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്.
ഒരു മാസം മുമ്പാണ് ജോഷ് ഡി അമാരോ ഡിസ്‌നിയുടെ സിഇഒ ആയി ചുമതലയേറ്റെടുത്തത്. ചുമതല ഏറ്റെടുത്തതിനു ശേഷം ഡി അമാരോയുടെ ആദ്യത്തെ സുപ്രധാന നീക്കമാണ് ഈ പിരിച്ചുവിടല്‍. കമ്പനിയുടെ ചില മേഖലകളില്‍ നിന്ന് തസ്തികകള്‍ ഒഴിവാക്കുകയാണെന്നും ജോലി നഷ്ടമാകുന്ന ജീവനക്കാരെ ഇക്കാര്യം അറിയിച്ചു തുടങ്ങിയതായുമാണ് ചൊവ്വാഴ്ച അയച്ച മെയിലില്‍ ഡി അമാരോ അറിയിച്ചത്.
കൂടുതല്‍ വേഗതയുള്ളതും സാങ്കേതികമായി കഴിവുള്ളതുമായ തൊഴിലാളികളെ വളര്‍ത്തിയെടുക്കുകയാണ് തന്റെ ലക്ഷ്യമെന്നും മെയില്‍ പറയുന്നു. പിരിച്ചുവിടല്‍ നടപടികള്‍ ഒഴിവാക്കപ്പെട്ട ജീവനക്കാരുടെ സംഭാവനകളെയോ കമ്പനിയുടെ മൊത്തത്തിലുള്ള കരുത്തിനെയോ ബാധിക്കില്ലെന്നും മറിച്ച് കൂടുതല്‍ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന്റെ ഭാഗമാണെന്നും ഡിഅമാരോ അറിയിച്ചു.