BUSINESS

ഇപിഎഫ്ഒയിൽ നിന്നും ഇനി യുപിഐ, എടിഎം വഴി പണം പിൻവലിക്കാം; ഓപ്ഷൻ ഉടനെത്തും

ജൂൺ അവസാനത്തോടെ ഈ സൗകര്യം ലഭ്യമായി തുടങ്ങുമെന്നാണ് വിവരം

Author : ന്യൂസ് ഡെസ്ക്

ന്യൂഡൽഹി: യുപിഎ ആപ്പുകൾ വഴിയും ഇപിഎഫ്ഒ-ലിങ്ക്ഡ് എടിഎമ്മുകൾ വഴിയും എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ വരിക്കാർക്ക് ഉടൻ തന്നെ പ്രൊവിഡന്റ് ഫണ്ട് (പിഎഫ്) പണം പിൻവലിക്കാൻ കഴിയുന്ന ഓപ്ഷൻ വരുന്നു.

ജൂൺ അവസാനത്തോടെ ഈ സൗകര്യം ലഭ്യമായി തുടങ്ങുമെന്നാണ് വിവരം. നേരത്തെ, കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യയും ഇത് സംബന്ധിച്ച പ്രഖ്യാപനം ഉടൻ നടത്തുമെന്ന് വ്യക്തമാക്കിയിരുന്നു. നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ‌പി‌സി‌ഐ) യുമായി സഹകരിച്ചാണ് പുതിയ സൗകര്യം ഒരുക്കിയിരിക്കുന്നത്.

ഈ സൗകര്യം ഉപയോഗിച്ച് ഉപയോക്താക്കൾക്ക് യുപിഐയും യുപിഐ ബന്ധപ്പെടുത്തിയ എടിഎം ആക്‌സസും ഉപയോഗിച്ച് ഇപിഎഫ് ബാലൻസിന്റെ 75 ശതമാനം വരെ ബാങ്ക് അക്കൗണ്ടിലേക്ക് തൽക്ഷണം പിൻവലിക്കാൻ സാധിക്കും. ഈ സൗകര്യം നിലവിൽ വരുന്നതോടെ ഇപിഎഫ് തുക പിൻവലിക്കുന്നതിനുള്ള പേപ്പർവർക്കുകൾ, കാലതാമസം എന്നിവ കുറയ്ക്കുകയും കൂടുതൽ സുതാര്യത കൈവരിക്കുകയും ചെയ്യും. നിലവിൽ, പിഎഫ് തുക പിൻവലിക്കുവാനായി സാധാരണയായി ഉപയോക്താക്കൾ ക്ലെയിമുകൾ സമർപ്പിച്ച ശേഷം പ്രൊസസിങ്ങിനായി കാത്തിരിക്കേണ്ടതുണ്ട്. എന്നാൽ, യുപിഐ, എടിഎമ്മുകൾ വഴിയുള്ള പിൻവലിക്കലുകൾ ഇത് എളുപ്പത്തിലാക്കുന്നു.

പ്രധാന മാറ്റങ്ങൾ

ഇതിന് പുറമേ മറ്റ് ചില പ്രധാന മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. ഇതിലൊന്ന്, പിഎഫ് ക്ലെയിമുകൾക്കുള്ള ഓട്ടോ-സെറ്റിൽമെന്റ് പരിധി ഒരു ലക്ഷം രൂപയിൽ നിന്ന് 5 ലക്ഷം രൂപയായി വർധിപ്പിച്ചതാണ്. കൂടാതെ അംഗങ്ങൾക്ക് ഒന്നിലധികം രേഖകളെ ആശ്രയിക്കുന്നതിനുപകരം ഉമംഗ് ആപ്പ് വഴി ഫേസ് ഓതൻ്റിക്കേഷൻ ടെക്നോളജി (FAT) ഉപയോഗിച്ച് അവരുടെ ഐഡന്റിറ്റി പരിശോധിക്കാനാവും.

വേഗത്തിലും എളുപ്പത്തിലുമുള്ള യുഎഎൻ ആക്ടിവേഷൻ, പിഎഫ് പാസ്‌ബുക്ക് ഓൺലൈൻ വഴി എളുപ്പത്തിൽ ആക്‌സസ് ചെയ്യൽ, ആധാറുമായി ബന്ധിപ്പിച്ച വിശദാംശങ്ങളിലെ വേഗത്തിലുള്ള തിരുത്തൽ എന്നിവയും പുതിയ മാറ്റങ്ങളിൽ ഉൾപ്പെടുന്നു.

SCROLL FOR NEXT