ഐഎഫ്എഫ്കെയിൽ സിനിമാ സവാരി Source: Instagram / Kerala Savaari
ENTERTAINMENT

30ാമത് ഐഎഫ്എഫ്കെ: സിനിമാ പ്രേമികൾക്ക് സൗജന്യ യാത്രയുമായി കേരള സവാരിയുടെ 'സിനിമ സവാരി'

ഏഴ് വാഹനങ്ങൾ ഐഎഫ്എഫ്കെ തിയേറ്ററുകളെ ബന്ധിപ്പിച്ചു സവാരി നടത്തും

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ പ്രേക്ഷകർക്ക് സൗജന്യ സവാരിയുമായി സംസ്ഥാന സർക്കാരിന്റെ ടാക്സി ആപ് ആയ കേരള സവാരി. 'സിനിമ സവാരി' എന്ന പദ്ധതിയിൽ വാഹനങ്ങൾ പ്രേക്ഷകരുമായി വിവിധ ഐഎഫ്എഫ്കെ തിയേറ്ററുകൾക്കിടയിൽ ഓടും. അഞ്ച് ഓട്ടോകളും രണ്ട് ക്യാബുകളുമാണ് ഈ വിധം സർവീസ് നടത്തുക.

സിനിമ സവാരിയുടെ ഫ്ലാഗ് ഓഫ് ടാഗോർ തിയേറ്ററിൽ ചലചിത്ര അക്കാദമി വൈസ് ചെയർപേഴ്സൺ കുക്കു പരമേശ്വരൻ നിർവഹിച്ചു. നടി സരയു മോഹൻ സന്നിഹിതയായി. 30ാമത് ചലച്ചിത്ര മേളയിൽ പങ്കെടുക്കുന്ന പ്രേക്ഷകർക്ക് മെച്ചപ്പെട്ട ഗതാഗത സൗകര്യവും സമഗ്രമായ മേള അനുഭവവും നൽകുന്നതിന് ‘സിനിമ സവാരി' പദ്ധതി സഹായിക്കും.

കഴിഞ്ഞ ദിവസമാണ് കേരള അന്താരാഷ്ട്ര ചലച്ചിത്ര ഉത്സവത്തിന് തലസ്ഥാനത്ത് തുടക്കമായത്. തിരുവനന്തപുരം നിശാഗന്ധിയിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ 30ാമത് രാജ്യാന്തര മേളയുടെ ഉദ്ഘാടനം നിർവഹിച്ചു. നടി ആക്രമിക്കപ്പെട്ട കേസില്‍ അതിജീവിതയ്ക്ക് പിന്തുണ അറിയിച്ചു കൊണ്ടാണ് ഉദ്ഘാടന സമ്മേളനത്തിന് തുടക്കം കുറിച്ചത്.

ഡിസംബര്‍ 19 വരെ എട്ടു ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ എഴുപതോളം രാജ്യങ്ങളില്‍നിന്നുള്ള 200ല്‍പ്പരം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. 30ാമത് പതിപ്പ് പ്രമാണിച്ച് മുന്‍വര്‍ഷങ്ങളിലേതിനേക്കാള്‍ മുപ്പതോളം ചിത്രങ്ങള്‍ അധികമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 16 തിയേറ്ററുകളിലായാണ് പ്രദര്‍ശനം നടക്കുക. ഇത്തവണ ഒരു തിയേറ്റര്‍ കൂടി അധികമായി സജ്ജീകരിച്ചിട്ടുണ്ട്.

SCROLL FOR NEXT