ഐഎഫ്എഫ്കെ ഉദ്‌ഘാടന ചിത്രം 'പലസ്തീൻ 36'  Source: X
ENTERTAINMENT

30ാമത് ഐഎഫ്എഫ്കെ: ഉദ്‌ഘാടന ചിത്രം 'പലസ്തീൻ 36'

ആനിമേരി ജാസിർ ആണ് 'പലസ്തീൻ 36' സംവിധാനം ചെയ്തിരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: 30ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രം പലസ്തീൻ 36. ആനിമേരി ജാസിർ സംവിധാനം ചെയ്ത ഈ ചിത്രം ബ്രിട്ടീഷ് കോളനിവൽക്കരണത്തിനെതിരായ പലസ്തീൻ പ്രക്ഷോഭത്തെ ചിത്രീകരിക്കുന്ന ഹിസ്റ്റോറിക്കൽ ഡ്രാമയാണ്. ബ്രിട്ടീഷ് ഭരണത്തിനും സയണിസത്തിനുമെതിരായ പലസ്തീൻ കലാപം ആരംഭിച്ച വർഷത്തിന്റെ സൂചകമായാണ് ചിത്രത്തിന് ഈ പേര് നൽകിയിരിക്കുന്നത്.

തന്റെ ശാന്തമായ ഗ്രാമീണ ഭവനത്തിനും ജറുസലേമിലെ സംഘർഷഭരിതമായ തെരുവുകൾക്കുമിടയിൽ സഞ്ചരിക്കുന്ന യൂസഫ് എന്ന വ്യക്തിയിലൂടെയാണ് സിനിമ വികസിക്കുന്നത്. ബ്രിട്ടീഷ് ഭരണത്തിനെതിരായ പലസ്തീൻ കലാപവും ജൂത കുടിയേറ്റവും സിനിമയുടെ പശ്ചാത്തലമാകുന്നു. ടോക്കിയോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള അവാർഡ് നേടിയ ഈ ചിത്രം 98ാമത് അക്കാദമി അവാർഡുകളിൽ മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിമിനുള്ള പലസ്തീനിന്റെ ഔദ്യോഗിക എൻട്രിയായിരുന്നു.

2017 ൽ ഐഎഫ്എഫ്കെയുടെ സുവർണ ചകോരം പുരസ്കാരം നേടിയ ജാസിറിന്റെ വാജിബ് മേളയിൽ പ്രദർശിപ്പിക്കും. ഐഎഫ്എഫ്കെയിൽ സുവർണ ചകോരം നേടിയ ശ്രദ്ധേയമായ 11 സിനിമകൾക്കൊപ്പമാണ് വാജിബ് പ്രദർശിപ്പിക്കുക . ഹൗ ഷിയാവോ-ഷിയയുടെ ഫ്ലവേഴ്സ് ഓഫ് ഷാങ്ഹായ്, നബീൽ ആയൂഷിന്റെ അലി സൗവ : പ്രിൻസ് ഓഫ് ദി സ്ട്രീറ്സ്, മഹാമത് സലെ ഹാറൂണിന്റെ എബൗന, ജോസ് മെൻഡീസിന്റെ ഡേയ്സ് ഓഫ് സാൻ്റിയാഗോ, സെമി കപ്ളാനോഗ്ളുവിന്റെ ഏഞ്ചൽസ് ഫാൾ, ലൂസിയ പവൻസോയുടെ XXY, എൻറിക് റിവേറോയുടെ പാർക്കി വിയ, അസ്ഗർ ഫർഹാദിയുടെ എബൌട്ട് എല്ലി, കാർലോസ് ഗവിരിയോയുടെ പോട്രെയ്റ്റ്‌ ഇൻ എ സീ ഓഫ് ലൈസ്, ഇമ്മാനുവൽ ക്വിൻഡോ പാലോയുടെ സ്റ്റാ.നീന, മജീദ് ബാർസെഗറുടെ പർവിസ്, ഡീഗോ ലെർമാന്റെ റെഫ്യൂജിയാഡോ, ജയരാജിന്റെ ഒറ്റാൽ, മുഹമ്മദ് ദിയാബിന്റെ ക്ലാഷ്, മേരി ക്രിസ്റ്റിൻ ക്വസ്റ്റർബർടിന്റെ ദി ഡാർക്ക് റൂം എന്നിവയാണ് ഈ പാക്കേജിന്റെ ഭാഗമായി പ്രദർശിപ്പിക്കുന്ന മറ്റ് ചിത്രങ്ങൾ.

SCROLL FOR NEXT