ഈജിപ്ഷ്യന്‍ സംവിധായകന്‍ യൂസഫ് ഷഹീൻ 
ENTERTAINMENT

30ാമത് ഐഎഫ്എഫ്കെ: ജന്മശതാബ്‌ദി വർഷത്തില്‍ യൂസഫ് ഷഹീനിന്റെ മൂന്നു ചിത്രങ്ങള്‍ പ്രദർശിപ്പിക്കും

അറബ് സിനിമയെ അന്താരാഷ്ട്ര തലത്തില്‍ അടയാളപ്പെടുത്തിയ ചലച്ചിത്രകാരനാണ് യൂസഫ് ഷഹീൻ

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: 30ാമത് ഐഎഫ്എഫ്കെയില്‍ വിഖ്യാത ഈജിപ്ഷ്യന്‍ സംവിധായകന്‍ യൂസഫ് ഷഹീനിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച മുന്നു ചിത്രങ്ങള്‍ റെട്രോസ്‌പെക്റ്റീവ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. കെയ്‌റോ സ്റ്റേഷന്‍ (1958), അലക്‌സാണ്‍ഡ്രിയ എഗൈന്‍ ആന്റ് ഫോര്‍ എവര്‍(1989), ദ അദര്‍ (1999) എന്നീ ചിത്രങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തിൽ ഡിസംബര്‍ 12 മുതല്‍ 19 വരെ തിരുവനന്തപുരത്ത് ആണ് ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്.

ആയുഷ്‌കാല സംഭാവനയ്ക്കുള്ള കാന്‍ ചലച്ചിത്രമേളയുടെ 50ാമത് ലൈഫ്‌ ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നേടിയ യൂസഫ് ഷഹീന്‍ 1950കള്‍ മുതല്‍ 2008ല്‍ 82ാം വയസില്‍ മരിക്കുന്നത് വരെ ഈജിപ്ഷ്യന്‍ സിനിമയില്‍ സജീവമായിരുന്നു. ഒമര്‍ ഷെരീഫ് എന്ന വിഖ്യാത നടന്റെ ചലച്ചിത്രപ്രവേശത്തിനും കരിയറിലെ വളര്‍ച്ചയ്ക്കും നിമിത്തമായ സംവിധായകനാണ് യൂസഫ് ഷഹീന്‍. കെയ്‌റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ എക്കാലത്തെയും മികച്ച 100 ചിത്രങ്ങള്‍ തെരഞ്ഞെടുത്തപ്പോള്‍ അതില്‍ 12 ചിത്രങ്ങളും യൂസഫ് ഷഹീനിന്റേതായിരുന്നു. അദ്ദേഹത്തിന്റെ എട്ടു ചിത്രങ്ങള്‍ കാന്‍ ചലച്ചിത്രമേളയില്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1979ല്‍ 'അലക്‌സാന്‍ഡ്രിയ വൈ' എന്ന ചിത്രത്തിന് ബെര്‍ലിന്‍ ചലച്ചിത്രമേളയില്‍ സില്‍വര്‍ ബെയര്‍ പുരസ്‌കാരം ലഭിച്ചിരുന്നു. അറബ് സിനിമയെ അന്താരാഷ്ട്ര തലത്തില്‍ അടയാളപ്പെടുത്തിയ ചലച്ചിത്രകാരനായാണ് അദ്ദേഹം അറിയപ്പെടുന്നത്.

അതേസമയം, ഇന്ത്യന്‍ സമാന്തര സിനിമയുടെ മുന്നണിപ്പോരാളി സയ്യിദ് അക്തർ മിര്‍സയുടെ മൂന്ന് ചിത്രങ്ങളും റെട്രോസ്‌പെക്ടീവ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി പ്രദര്‍ശിപ്പിക്കും. 1996ല്‍ രണ്ട് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടിയ 'നസീം', മികച്ച ഹിന്ദി ചിത്രത്തിനുള്ള 37ാമത് ദേശീയ പുരസ്‌കാരം നേടിയ 'സലീം ലാംഗ്‌ഡേ പേ മത് രോ', 'അരവിന്ദ് ദേശായി കി അജീബ് ദാസ്താന്‍' എന്നീ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്.

SCROLL FOR NEXT