ENTERTAINMENT

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം; മമ്മൂട്ടിയും കാർത്തിക് ആര്യനും മികച്ച നടന്മാർ, യാമി ഗൗതം നടി

ചന്തു ചാമ്പ്യൻ എന്ന ചിത്രമാണ് കാർത്തിക് ആര്യനെ പുരസ്കാരത്തിന് അർഹനാക്കിയത്

Author : ന്യൂസ് ഡെസ്ക്

ന്യൂഡൽഹി: എഴുപത്തിരണ്ടാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടിയും കാർത്തിക് ആര്യനും പങ്കിട്ടു. ഭ്രമയുഗം എന്ന സിനിമയിലെ പ്രകടനത്തിനാണ് മമ്മൂട്ടിക്ക് പുരസ്കാരം. ചന്തു ചാമ്പ്യൻ എന്ന ചിത്രമാണ് കാർത്തിക് ആര്യനെ പുരസ്കാരത്തിന് അർഹനാക്കിയത്.

യാമി ഗൗതം മികച്ച നടി. ആർട്ടിക്കിൾ 370 എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം. ആർട്ടിക്കിൾ 370 മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം ഫെമിനിച്ചി ഫാത്തിമയ്ക്കും. തമിഴ് ചിത്രത്തിനുള്ള പുരസ്കാരം രായനും നേടി. കല്‍ക്കി 2898 ADയാണ് ജനപ്രിയ ചിത്രം. നവാഗത സംവിധായകനായി രണ്‍ദീപ് ഹൂഡയെ തെരഞ്ഞെടുത്തു.

മികച്ച ഗായികയായി വൈക്കം വിജയലക്ഷ്മി (എആര്‍എം) തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഛായാഗ്രഹണത്തിന് ഷെഹ്നാദ് ജലാല്‍ (ഭ്രമയുഗം) പുരസ്‌കാരത്തിന് അര്‍ഹനായി. 

2024ൽ സെൻസർ ചെയ്ത ചിത്രങ്ങളാണ് പുരസ്കാരത്തിനായി പരിഗണിക്കപ്പെട്ടത്. പ്രാദേശിക ജൂറി തിരഞ്ഞെടുത്ത ചിത്രങ്ങളിൽ നിന്ന് 11 അംഗ കേന്ദ്ര ജൂറിയാണ് പുരസ്കാരജേതാക്കളെ തിരഞ്ഞെടുക്കുന്നത്. മലയാളി സംവിധായകൻ ജയരാജ് ആയിരുന്നു ദേശീയ അവാര്‍ഡ് നിര്‍ണയ ജൂറി ചെയര്‍മാൻ.

SCROLL FOR NEXT