കൊച്ചി: സാമ്പത്തിക തട്ടിപ്പ് പരാതിയിൽ അറസ്റ്റിലായ അഭിലാഷം സിനിമ സംവിധായകൻ ഷംസുദ്ദീന് (ഷംസു സൈബ) ജാമ്യം. സിനിമയുടെ നിർമാതാക്കൾ പരാതിയിലായിരുന്നു ഷംസുദ്ദീനെ അറസ്റ്റ് ചെയ്തത്. നിർമാതാക്കളായ ശങ്കർദാസ്, ആൻ സരിക ആൻ്റണി എന്നിവർ നൽകിയ പരാതിയിലാണ് തൃപ്പൂണിത്തുറ ഹിൽ പാലസ് പൊലീസ് ഷംസുദ്ദീനെ അറസ്റ്റ് ചെയ്തത്.
നിർമാതാക്കൾ നൽകിയത് വ്യാജമായ പരാതിയാണെന്നും കേസിനെ നിയമപരമായി നേരിടുമെന്നും ഷംസുദ്ദീൻ പറഞ്ഞു. മുൻകൂർ ജാമ്യം പരിഗണിക്കാൻ ഇരിക്കെ വീടിന്റെ വാതിൽ ചവിട്ടി പൊളിച്ചാണ് അറസ്റ്റ് ചെയ്തത്. സിനിമ പുറത്ത് ഇറങ്ങി ഒരു കൊല്ലം കഴിഞ്ഞാണ് പരാതി വന്നത്. സംവിധായകനും അണിയറ പ്രവർത്തകർക്കും നൽകേണ്ട പ്രതിഫലം പൂർണമായി നൽകാൻ ഇതുവരെ തയ്യാറായിട്ടില്ല. ഇതുവരെ പറയാതിരുന്ന പല കാര്യങ്ങളും ഇനി പറയേണ്ടിവരുമെന്നും ഷംസുദ്ദീനെ പറഞ്ഞു.
സിനിമയുടെ കരാറിൽ ഉണ്ടായിരുന്ന ബഡ്ജറ്റിനേക്കാൾ കൂടുതൽ പണം അനാവശ്യമായി ചെലവാക്കി എന്നും സിനിമയുടെ ഹാർഡ് ഡിസ്കുകൾ അനുവാദമില്ലാതെ കൈവശപ്പെടുത്തി എന്നുമാണ് ഷംസുദ്ദീനെതിരെയുള്ള പരാതി. ഷംസുദ്ദീൻ, സിനിമയുടെ സഹ സംവിധായകൻ, എഡിറ്റർ, ക്യാമറാമാൻ, കളറിസ്റ്റ് എന്നിവർക്കെതിരെയാണ് കേസ്. ബാക്കിയുള്ള പ്രതികൾ ഒളിവിലാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.