'കൂലി' ഷൂട്ടിങ് സമയത്ത് രജനികാന്തിനൊപ്പം ബാബുരാജ് 
ENTERTAINMENT

'കൂലി'യിലെ എന്റെ ഏഴ് സീനുകൾ കട്ട് ചെയ്ത് പോയതാണ്: ബാബുരാജ്

മലയാളി താരം സൗബിൻ ഷാഹിറാണ് 'കൂലി'യിൽ വില്ലൻ റോളിൽ എത്തിയത്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമാണ് 'കൂലി'. രജനിക്കൊപ്പം നാഗാർജുന, ആമിർ ഖാൻ എന്നിങ്ങനെ വമ്പൻ താരനിരയോടെ എത്തിയ ചിത്രം 500 കോടിക്ക് മുകളിൽ കളക്ഷനാണ് സ്വന്തമാക്കിയത്. എന്നാൽ, ലോകേഷിന്റെ മുൻചിത്രങ്ങളുടെ നിലവാരത്തിലേക്ക് 'കൂലി' ഉയർന്നില്ല എന്നായിരുന്നു പ്രേക്ഷകരുടേയും നിരൂപകരുടേയും അഭിപ്രായം.

മലയാളി താരം സൗബിൻ ഷാഹിറാണ് 'കൂലി'യിൽ വില്ലൻ കഥാപാത്രമായി എത്തിയത്. ചെറിയ ഒരു റോളിൽ ബാബുരാജും സിനിമയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. രണ്ട് സീനില്‍ മാത്രമാണ് താരം ഉണ്ടായിരുന്നത്. സംഭാഷണങ്ങളില്ലാതെ വെടികൊണ്ട് മരിക്കുന്ന കഥാപാത്രമായിരുന്നു നടന്റേത്. എന്നാൽ തന്റെ ഏഴോളം സീനുകൾ സിനിമയിൽ നിന്ന് കട്ട് ചെയ്യുകയായിരുന്നു എന്നാണ് ബാബുരാജ് പറയുന്നത്.

"കൂലിയിലെ എന്റെ ഏഴ് സീൻ കട്ട് ചെയ്തുപോയതാണ്. ലോകേഷ് കനകരാജ് പോലൊരു സംവിധായകൻ വിളിച്ച് കഥയും സാഹചര്യവും പറയുമ്പോൾ നമ്മൾ ചെറിയ റോളാണോ എന്നൊന്നും നോക്കില്ല. പടത്തിന്റെ ദൈർഘ്യം കൂടിയപ്പോഴാണ് സീനുകൾ കട്ടായത്. അതിനൊരു സെക്കൻഡ് പാർട്ട് ഉണ്ടെന്നാണ് അന്ന് പറഞ്ഞത്," എന്നാണ് ബാബുരാജിന്റെ വാക്കുകൾ.

മണിരത്നം സംവിധാനം ചെയ്ത 'തഗ്‌ലൈഫ്' എന്ന തമിഴ് ഗ്യാങ്സ്റ്റർ ചിത്രത്തിലും ബാബുരാജ് അഭിനയിച്ചിരുന്നു. 37 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ സിനിമയിലെ രണ്ട് അതികായരായ മണിരത്‌നവും ഉലകനായകന്‍ കമല്‍ഹാസനും ഒന്നിച്ച ചിത്രമായിരുന്നുവിത്. ചിത്രത്തിൽ പ്രധാനപ്പെട്ട ഒരു വേഷമാണ് ബാബുരാജിന് ലഭിച്ചത്. സീനുകളുടെ എണ്ണം കുറവാണെങ്കിലും കഥാഗതിയിൽ സ്വാധീനം ചെലുത്തുന്ന ഒരു കഥാപാത്രമാണ് ബാബുരാജ് അവതരിപ്പിച്ചത്.

SCROLL FOR NEXT