ധർമേന്ദ്ര  Image: X
ENTERTAINMENT

ധർമേന്ദ്രയുടെ ആരോഗ്യനില ഗുരുതരം? വസതിക്ക് മുന്നിലെ സുരക്ഷ വർധിപ്പിച്ചു

മകൾ ഇഷാ ഡിയോൾ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ വസതിയിലെത്തി

Author : ന്യൂസ് ഡെസ്ക്

മുംബൈ: മുതിര്‍ന്ന ബോളിവുഡ് നടന്‍ ധര്‍മേന്ദ്രയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്. മകൾ ഇഷാ ഡിയോൾ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ വസതിയിലെത്തി. നടന്റെ വസതിക്ക് മുന്നിലെ സുരക്ഷ വർധിപ്പിച്ചതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അടുത്തിടെയാണ് ബ്രീച്ച് കാൻഡി ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം നടൻ വീട്ടിലേക്ക് തിരിച്ചെത്തിയത് .

കടുത്ത ശ്വാസതടസത്തെ തുടർന്ന് 89കാരനായ നടനെ ഒക്ടോബർ 31നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് വീട്ടിലേക്ക് മാറ്റുകയായിരുന്നു. വീട്ടിൽ വച്ച് തന്നെ ചികിത്സ നൽകാമെന്ന ആവശ്യം ബന്ധുക്കളാണ് മുന്നോട്ടുവച്ചത്.

പത്ത് ദിവസം മുന്‍പാണ് ധർമേന്ദ്രയുടെ ആരോഗ്യനിലയെ സംബന്ധിച്ച് കുടുംബം പ്രസ്താവന പുറപ്പെടുവിച്ചത്. അസുഖം മാറുന്നത് വരെ നടൻ വീട്ടിൽ തുടരുമെന്നും. ഊഹാപോഹങ്ങൾ ഒഴിവാക്കാനും അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും സ്വകാര്യതയെ മാനിക്കാനും മാധ്യമങ്ങളോട് അഭ്യർത്ഥിച്ചുകൊണ്ടായിരുന്നു പ്രസ്താവന. ആശുപത്രിയിലായിരിക്കെ നടൻ അന്തരിച്ചതായി ചില ഓണ്‍ലൈൻ മാധ്യമങ്ങൾ പ്രചരിപ്പിച്ചതായിരുന്നു ഇത്തരമൊരു അഭ്യർഥനയ്ക്ക് കാരണം.

1960ല്‍ 'ദില്‍ ഭി തേരാ ഹം ഭി തേരെ' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ധര്‍മേന്ദ്ര, 1960കളില്‍ 'അന്‍പഥ്', 'ബന്ദിനി', 'അനുപമ', 'ആയാ സാവന്‍ ഝൂം കെ' തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് വരവറിയിച്ചത്. 'ഷോലെ'യിലെ 'വീരു' എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക മനസിൽ ചിരപ്രതിഷ്ഠ നേടി. 'ഷോലെ', 'ധരം വീര്‍', 'ചുപ്കെ ചുപ്കെ', 'മേരാ ഗാവ് മേരാ ദേശ്', 'ഡ്രീം ഗേള്‍' തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ധർമേന്ദ്ര മുന്‍നിര നായകനായി വളർന്നത്.

ധര്‍മേന്ദ്ര അവസാനമായി അഭിനയിച്ചത് ഷാഹിദ് കപൂറും കൃതി സനോണും അഭിനയിച്ച 'തേരി ബാത്തോം മേം ഐസാ ഉല്‍ഝാ ജിയാ' എന്ന ചിത്രത്തിലാണ്. അമിതാഭ് ബച്ചന്റെ ചെറുമകന്‍ അഗസ്ത്യ നന്ദ നായകനാവുന്ന 'ഇക്കിസ്' എന്ന ചിത്രവും ഒരുങ്ങിയിരുന്നു. ശ്രീറാം രാഘവൻ സംവിധാനം ചെയ്ത ചിത്രം ഡിസംബറിൽ റിലീസിനെത്തും. ഇന്നാണ് സിനിമയിലെ ധർമേന്ദ്രയുടെ കാരക്ടർ പോസ്റ്റർ പുറത്തിറങ്ങിയത്.

SCROLL FOR NEXT