നാനാ പടേക്കർ Source: ANI
ENTERTAINMENT

വിഖ്യാത നടൻ നാനാ പടേക്കർ അന്തരിച്ചു

സാമൂഹിക സേവന രംഗത്തും നാനാ പടേക്കർ സജീവമായിരുന്നു

Author : ന്യൂസ് ഡെസ്ക്

വിഖ്യാത നടനും സംവിധായകനുമായ നാനാ പടേക്കർ (75) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് ഗോവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഡോണ പൗളയിലെ വസതിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ പടേക്കറിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പുലർച്ചെ 5.20ഓടെ മരണം സ്ഥിരീകരിച്ചു.

1951 ജനുവരി ഒന്നിന് മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലായിരുന്നു ജനനം. വിശ്വനാഥ് പടേക്കർ എന്നാണ് യഥാർഥ പേര്. മൂന്ന് തവണ ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ പടേക്കറെ, 2023ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു.

നാല് പതിറ്റാണ്ടിലേറെ നീണ്ട അഭിനയജീവിതത്തിൽ ഹിന്ദി, മറാത്തി സിനിമകളിലും നാടകങ്ങളിലും ശ്രദ്ധേയ സാന്നിധ്യമായിരുന്നു. 'പരിന്ദ', 'അങ്കുഷ്', 'ക്രാന്തിവീർ', 'അഗ്നി സാക്ഷി', 'അബ് തക് ഛപ്പൻ', 'നടസമ്രാട്ട്', 'വെൽക്കം' തുടങ്ങിയ ചിത്രങ്ങളിലെ ഗംഭീരപ്രകടനങ്ങൾ അദ്ദേഹത്തിന് വൻ ജനപ്രീതി നേടിക്കൊടുത്തു. തനതായ അഭിനയശൈലിയാണ് പടേക്കറെ മറ്റ് അഭിനേതാക്കളിൽ നിന്ന് വ്യത്യസ്തനാക്കിയത്. കോമഡിയും ട്രാജഡിയും ഗൗരവമേറിയ കഥാപാത്രങ്ങളും അദ്ദേഹത്തിന് ഒരേപോലെ വഴങ്ങിയിരുന്നു. സംഭാഷണങ്ങൾ പറയുന്നതിലെ വൈദഗ്ധ്യം എടുത്തുപറയേണ്ടതാണ്.

1978ൽ മുസാഫർ അലിയുടെ 'ഗമൻ' എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് സിനിമാഭിനയ ജീവിതം ആരംഭിക്കുന്നത്. ഫറൂഖ് ഷേയ്ഖും സ്മിത പാട്ടീലും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രത്തിൽ അദ്ദേഹത്തിന് സഹനടന്റെ വേഷമായിരുന്നു. മീര നായരുടെ 'സലാം ബോംബെ' (1988) എന്ന ചിത്രത്തിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു. വിധു വിനോദ് ചോപ്രയുടെ 'പരിന്ദ' (1989) ആണ് കരിയറിൽ വഴിത്തിരിവായത്. സിനിമയിലെ അണ്ണാ എന്ന ഗ്യാങ്സ്റ്ററായുള്ള പകർന്നാട്ടം പടേക്കർക്ക് ആ വർഷത്തെ മികച്ച സഹനടനുള്ള ദേശീയ പുരസ്കാരവും ഫിലിംഫെയർ പുരസ്കാരവും നേടിക്കൊടുത്തു. 'ക്രാന്തിവീർ' (1994), അഗ്നിസാക്ഷി (1996) എന്നീ സിനിമകളിലെ പ്രകടനങ്ങളിലൂടെ യഥാക്രമം മികച്ച നടനും, സഹനടനുമുള്ള ദേശീയ പുരസ്കാരങ്ങൾ നേടി. നാല് വട്ടമാണ് അദ്ദേഹം ഫിലിം ഫെയർ പുരസ്കാരത്തിന് അർഹനായത്. അതും മികച്ച നടൻ, വില്ലൻ, സഹനടൻ എന്നീ വിഭാഗങ്ങളിൽ. പടേക്കർക്ക് പുറമേ ഇർഫാൻ ഖാൻ മാത്രമാണ് ഇത്തരത്തിൽ മൂന്ന് വ്യത്യസ്ത കാറ്റഗറികളിൽ ഫിലിംഫെയർ പുരസ്കാരം നേടിയിട്ടുള്ളത്.

'പ്രഹാർ: ദ ഫൈനൽ അറ്റാക്ക്' എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി അരങ്ങേറിയത്. സിനിമയിൽ ഒരു പട്ടാള ഉദ്യോഗസ്ഥന്റെ വേഷത്തിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടു.

'യശ്വന്ത്' (1997), 'വജൂദ്' (1998), 'ആഞ്ച്' (2003) എന്നീ സിനിമകളിൽ പിന്നണി ഗായകനായും അദ്ദേഹം ശ്രദ്ധേ നേടി. 'സുബേദാർ' ആണ് അവസാനം അഭിനയിച്ച ചിത്രം.

സിനിമയ്ക്ക് പുറമേ സാമൂഹിക സേവന രംഗത്തും അദ്ദേഹം സജീവമായിരുന്നു. 2015ൽ മഹാരാഷ്ട്രയിലുണ്ടായ കഠിനമായ വരൾച്ചയും കർഷകരുടെ ആത്മഹത്യകളും കണക്കിലെടുത്ത് അദ്ദേഹം 'നാം ഫൗണ്ടേഷൻ' സ്ഥാപിച്ചു. തന്റെ പുരസ്കാരത്തുകകളും സിനിമയിൽനിന്നുള്ള വരുമാനത്തിന്റെ വലിയൊരു ഭാഗവും അദ്ദേഹം കർഷകരെ സഹായിക്കുന്നതിന് നീക്കിവച്ചിരുന്നു.

1999ൽ നടന്ന കാർഗിൽ യുദ്ധത്തിൽ നേരിട്ടു പങ്കെടുക്കുകയും സൈനികർക്കൊപ്പം അതിർത്തിയിൽ സേവനമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്. ഹോണററി ലഫ്റ്റനന്റ് കേണൽ പദവിയും അദ്ദേഹത്തിനുണ്ടായിരുന്നു. നീലകണ്ഠി പടേക്കറാണ് ഭാര്യ, മകൻ മൽഹാർ പടേക്കർ.

SCROLL FOR NEXT