ENTERTAINMENT

"നിങ്ങളുടെ നഷ്ടത്തിന് പകരമാകാൻ ഒരു ആശ്വാസ വാക്കിനും കഴിയില്ല, നിങ്ങളെ ആശ്വസിപ്പിക്കാൻ നിങ്ങൾക്ക് മാത്രമേ കഴിയൂ"; പ്രിയ ലാലിനെ ആശ്വസിപ്പിച്ച് കമൽ

മോഹൻലാലിന്റെ അമ്മയുടെ വിയോഗവാർത്ത പുറത്തുവന്നതിന് പിന്നാലെ സിനിമാ, സാംസ്കാരിക, രാഷ്ട്രീയ മേഖലയിലെ നിരവധി ആളുകളാണ് അനുശോചനം രേഖപ്പെടുത്തിയത്

Author : ലിൻ്റു ഗീത

കൊച്ചി: അമ്മ ശാന്തകുമാരിയുടെ വിയോഗത്തിൽ നടൻ മോഹൻലാലിനെ ആശ്വസിപ്പിച്ച് അടുത്ത സുഹൃത്തും തമിഴ് സൂപ്പർ സ്റ്റാറുമായ കമൽ ഹാസൻ. 'മോഹൻലാൽ, ഈ ഒരു നിമിഷത്തിൽ നിങ്ങളെ ആശ്വസിപ്പിക്കാൻ നിങ്ങൾക്കേ കഴിയൂ. നിങ്ങളുടെ നഷ്ടത്തിന് പകരമാകാൻ ഒരു ആശ്വാസ വാക്കിനും കഴിയില്ല. ഞങ്ങൾ നിങ്ങൾക്കൊപ്പം ഉണ്ടാകും' എന്നാണ് കമൽ ഹാസൻ സാമൂഹ്യമാധ്യമത്തിൽ കുറിച്ചത്.

മോഹൻലാലിന്റെ അമ്മയുടെ വിയോഗവാർത്ത പുറത്തുവന്നതിന് പിന്നാലെ സിനിമാ, സാംസ്കാരിക, രാഷ്ട്രീയ മേഖലയിലെ നിരവധി ആളുകളാണ് അനുശോചനം രേഖപ്പെടുത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും, മന്ത്രിയും നടനുമായ കെ.ബി. ​ഗണേഷ് കുമാറും, രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കളും അനുശോചനം രേഖപ്പെടുത്തിയിരുന്നു. ഇന്ന് ഉച്ചയോടെ കൊച്ചി എളമക്കരയിലെ വസതിയിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. അന്ത്യ നിമിഷത്തിലും മോഹൻലാൽ അമ്മയ്ക്ക് അടുത്ത് ഉണ്ടായിരുന്നു. മോഹൻലാലിൻ്റെ കുടുംബവുമായി അടുത്ത ബന്ധം പുലർത്തുന്ന ആത്മമിത്രം മമ്മൂട്ടി, വിവരം അറിഞ്ഞപ്പോൾ തന്നെ വീട്ടിലെത്തി. രാഷ്ട്രീയ - സിനിമ രംഗത്തെ പ്രമുഖർ വീട്ടിലെത്തി.

വ്യക്തിപരമായ ജീവിതത്തിലും കരിയറിലും അമ്മയുടെ പിന്തുണ ഏറെ വിലപ്പെട്ടതായിരുന്നുവെന്ന് മുമ്പ് പലപ്പോഴും മോഹൻലാൽ പറഞ്ഞിട്ടുണ്ട്. ഇന്ത്യയുടെ പരമോന്നത ചലച്ചിത്ര ബഹുമതി കിട്ടിയപ്പോഴും രോഗക്കിടക്കയിലുള്ള അമ്മയുടെ അടുത്തേക്കാണ് മോഹൻലാൽ ഓടിയെത്തിയത്. അമ്മയോട് ബഹുമതിയെ കുറിച്ച് പറയാനായതാണ് ഏറ്റവും ആഹ്ളാദം തന്നതെന്ന് മോഹൻലാൽ അന്ന് പറഞ്ഞിരുന്നു. അമ്മയുടെ കഴിഞ്ഞ പിറന്നാൾ താരം ആഘോഷമാക്കിയിരുന്നു. പരേതനായ വിശ്വനാഥൻ നായരാണ് ഭർത്താവ്. മൂത്തമകൻ പ്യാരിലാൽ രണ്ടായിരത്തിലാണ് മരിച്ചത്. നാളെ തിരുവനന്തപുരം മുടവൻമുകളിലെ വീട്ടുവളപ്പിലാണ് സംസ്കാരം. ഭർത്താവിനും മൂത്തമകനും അരികിലാകും അന്ത്യ വിശ്രമം.

SCROLL FOR NEXT