ENTERTAINMENT

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ നിയമനം: നടന്‍ രവീന്ദ്രന്റെ പേരും പരിഗണനയില്‍ എന്ന് റിപ്പോര്‍ട്ടുകള്‍

തെരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് വേദികളില്‍ സജീവ സാന്നിധ്യമായിരുന്ന രവീന്ദ്രന്‍ ഐഎഫ്എഫ്‌കെ ഉള്‍പ്പടെ നിരവധി ചലച്ചിത്ര മേളകളില്‍ സുപ്രധാന പദവികള്‍ വഹിച്ചിട്ടുണ്ട്.

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തേക്ക് നടന്‍ രവീന്ദ്രന്റെ പേരും പരിഗണനയില്‍ എന്ന് റിപ്പോര്‍ട്ടുകള്‍. ഓസ്‌കാര്‍ ജേതാവും ചലച്ചിത്ര പ്രവത്തകനുമായ റസൂല്‍ പൂക്കുട്ടി അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചതോടെ തലപ്പത്ത് ആരു വരുമെന്ന ചര്‍ച്ചകള്‍ സിനിമാ-രാഷ്ട്രീയ വൃത്തങ്ങളില്‍ സജീവമാകുന്നതിനിടെയാണ് രവീന്ദ്രന്റെ പേരും ഉയര്‍ന്നു വരുന്നത്.

നേരത്തെ സമാന്തര സിനിമാ പ്രവര്‍ത്തകരെ അക്കാദമി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് മൂവ്മെന്റ് ഫോര്‍ ഇന്‍ഡിപെന്‍ഡന്റ് സിനിമ ഉള്‍പ്പെടെയുള്ള സംഘടനകള്‍ രംഗത്ത് വന്നിരുന്നു. അതിന് പിന്നാലെയാണ് രവീന്ദ്രന്റെ പേരും ചര്‍ച്ചകളില്‍ ഉയര്‍ന്ന വന്നത്. സിനിമാ താരങ്ങളായ ജഗദീഷ്, സലീം കുമാര്‍, പ്രിയങ്ക, ജോയ് മാത്യു എന്നിവര്‍ക്കൊപ്പം രവീന്ദ്രന്റെ പേര് കൂടി ചര്‍ച്ചയാകുന്നതോടെ തെരഞ്ഞെടുപ്പ് ഇനിയും വൈകിയേക്കുമെന്നാണ് വിവരങ്ങള്‍.

തെരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് വേദികളില്‍ സജീവ സാന്നിധ്യമായിരുന്ന രവീന്ദ്രന്‍ ഐഎഫ്എഫ്‌കെ ഉള്‍പ്പടെ നിരവധി ചലച്ചിത്ര മേളകളില്‍ സുപ്രധാന പദവികള്‍ വഹിച്ചിട്ടുണ്ട്. പ്രിയദര്‍ശന്‍ അക്കാദമി ചെയര്‍മാന്‍ ആയിരുന്ന കാലത്ത് ഭരണസമിതിയില്‍ അംഗമായിരുന്ന രവീന്ദ്രന്‍ ഫിലിം ലിറ്ററസി കമ്മിറ്റിയുടെ അധ്യക്ഷനായിരുന്നു. അന്ന് ഫിലിം പ്രൊമോഷന്‍ കൗണ്‍സിലിന്റെ ചുമതലയും അദ്ദേഹത്തിനായിരുന്നു. മേളകള്‍ നടത്തി പരിചയമുള്ള രവീന്ദ്രന്‍ അക്കാദമിയുടെ താക്കോല്‍ സ്ഥാനത്തേക്ക് വന്നാല്‍ വിവാദങ്ങള്‍ക്ക് ഇടവരുത്താതെ ഐഎഫ്എഫ്‌കെ കാര്യക്ഷമമായി നടത്താന്‍ കഴിയുമെന്നാണ് രവീന്ദ്രന്‍ അനുകൂലികളുടെ നിലപാട്.

അതേസമയം അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കേണ്ടെന്ന് ജഗദീഷ് വ്യക്തമാക്കിയിട്ടുണ്ട്. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി സലീം കുമാറും പിന്മാറിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ സാഹചര്യത്തില്‍ മുന്‍ അക്കാദമി അംഗം, ഫിലിം ലിറ്ററസി കമ്മിറ്റി, ഫിലിം പ്രൊമോഷന്‍ കൗണ്‍സില്‍ എന്നിവയുടെ അധ്യക്ഷന്‍ എന്നിങ്ങനെയുള്ള പരിചയം രവീന്ദ്രന് ഗുണം ചെയ്യാന്‍ സാധ്യതയുണ്ട്. അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്ന മറ്റുള്ളവരെക്കാള്‍ കൂടുതലായി സിനിമയുടെ അക്കാദമിക മേഖലയുമായുള്ള ബന്ധവും കെ.എസ്.യു കാലം മുതലുള്ള അടിയുറച്ച കോണ്‍ഗ്രസുകാരന്‍ എന്ന ലേബലും അക്കാദമി അധ്യക്ഷ സ്ഥാനത്തേക്ക് വഴി തുറക്കും എന്നാണ് സിനിമാ പ്രവര്‍ത്തകരുടെ വാദം.

തെന്നിന്ത്യന്‍ സിനിമ മേഖലയില്‍ 40 വര്‍ഷത്തിലധികം പ്രവര്‍ത്തി പരിചയമുള്ള രവീന്ദ്രന്‍ എണ്‍പതുകളിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടന്മാരില്‍ ഒരാള്‍ കൂടിയായിരുന്നു. രജനികാന്ത്, കമല്‍ ഹാസന്‍, മമ്മൂട്ടി മോഹന്‍ലാല്‍ തുടങ്ങിയ തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പം അഭിനയിച്ച രവീന്ദ്രന്‍ സമാന്തര സിനിമ അക്കാദമിക് മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഒരു സിനിമ പ്രവത്തകന്‍ എന്ന നിലയില്‍ ഇന്ത്യക്ക് അകത്തും പുറത്തും ഫിലിം ഫെസ്റ്റുവലുകള്‍ സംഘടിപ്പിക്കുന്നതിലും ലോക സിനിമയെ കൂടുതല്‍ പഠനവിധേയം ആക്കാന്‍ ശ്രമിക്കുന്നതിലുമുള്ള പ്രവര്‍ത്തനങ്ങളില്‍ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.

പീസ് ഫിലിം ഫെസ്റ്റിവല്‍, സ്വരലയ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, കൊച്ചി മെട്രോ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ തുടങ്ങി നിരവധി ചലച്ചിത്ര മേളകള്‍ക് നേതൃത്വം നല്‍കിയ രവീന്ദ്രന്റെ മണ്‍സൂണ്‍ ഫിലിം ഫെസ്റ്റിവല്‍ പാരിസ് ഉള്‍പ്പെടയുള്ള സ്ഥലങ്ങളില്‍ അവതരിപ്പിച്ചിട്ടുണ്ട്. എഴുത്തുകാരന്‍ കൂടിയ രവീന്ദ്രന്‍ ആര്‍ട്ടിഫിഷ്യന്‍ ഇന്റലിജന്‍സ് ആന്‍ഡ് ദി ഫ്യൂച്ചര്‍ ഓഫ് സിനിമ എന്ന പേരില്‍ പുസ്തകവും പുറത്തിറക്കിയിട്ടുണ്ട്.

SCROLL FOR NEXT