ENTERTAINMENT

"പയ്യന്നൂരും മലയാള സിനിമയും തമ്മിലുണ്ടായ വലിയ ദൂരം കുറച്ചത് അദ്ദേഹമായിരുന്നു, നിലപാടുകളും മനുഷ്യത്വവും മുറുകെ പിടിക്കുന്ന ശ്രീനിയേട്ടൻ"

ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ശ്രീനിവാസനെക്കുറിച്ചുള്ള വൈകാരികമായ കുറിപ്പ് സുഭീഷ് സുധി പങ്കുവച്ചത്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: പയ്യന്നൂരും മലയാള സിനിമയും തമ്മിലുണ്ടായ വലിയ ദൂരം കുറച്ചത് ശ്രീനിവാസനായിരുന്നുവെന്ന് നടൻ സുഭീഷ് സുധി. നിലപാടുകളും മനുഷ്യത്വവും മുറുകെ പിടിക്കുന്നയാളാണ് ശ്രീനിയേട്ടൻ. ഇനി ശ്രീനിയേട്ടൻ ഇവിടെയില്ല എന്ന ദുഃഖം തലയ്ക്ക്മുകളിൽ നിൽക്കുമ്പോഴും അദ്ദേഹത്തിൻ്റെ രചനകളും കഥാപാത്രങ്ങളും മലയാളികളുള്ളിടത്തോളംകാലം ഇവിടെ ചിരിച്ചും ചിന്തിപ്പിച്ചും കൊണ്ടേരിക്കുമെന്നും സുഭീഷ് സുധി പറ‍ഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ശ്രീനിവാസനെക്കുറിച്ചുള്ള വൈകാരികമായ കുറിപ്പ് സുഭീഷ് സുധി പങ്കുവച്ചത്.

ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം

പയ്യന്നൂരും മലയാള സിനിമയും തമ്മിൽ വലിയ ദൂരമുണ്ട്. ആ ദൂരം കുറച്ചത് ശ്രീനിയേട്ടൻ ആയിരുന്നു. 2003-2006 എൻ്റെ പയ്യന്നൂർ കോളേജ് പഠന കാലഘട്ടത്തിലാണ് കോളേജിൽ ഒരു പരിപാടി ഉദ്ഘാടനം ചെയ്യാൻ വന്ന ശ്രീനിയേട്ടനെ ഞാൻ ആദ്യമായി കാണുന്നത്. അന്ന് ഞാൻ കരുതിയിരുന്നില്ല ഞാനും സീനിയേട്ടനും തമ്മിൽ ഇത്രയും വലിയ ആത്മബന്ധം ഉണ്ടാകുമെന്ന്. ശ്രീനിയേട്ടന്റെ കൂടെ നാലഞ്ചു സിനിമകളിൽ സ്ക്രീൻ ഷെയർ ചെയ്യാൻ പറ്റും എന്ന് ഞാൻ ഒരിക്കലും വിചാരിച്ചിരുന്നില്ല. അദ്ദേഹം നിർമ്മിച്ച രണ്ട് സിനിമകളിൽ അഭിനയിക്കാൻ പറ്റുമെന്നും.

പിന്നീട് ഞാൻ ശ്രീനിയേട്ടൻ്റെ 9447061 എന്ന നമ്പർ ഫോളോ ചെയ്തു. അങ്ങനെ ഞാൻ അറബിക്കഥയിൽ അഭിനയിക്കുമ്പോഴാണ് ശ്രീനിയേട്ടനെ വീണ്ടും കാണുന്നത്. അറബിക്കഥയിലെ ഒരുപാട് മുദ്രാവാക്യങ്ങൾ ഞാൻ ഏറ്റു വിളിച്ചപ്പോൾ അത് കണ്ട് ശ്രീനിയേട്ടൻ എന്നെ ശ്രദ്ധിച്ചിരുന്നു. തുടർന്ന് കഥ പറയുമ്പോൾ എന്ന സിനിമയിലേക്ക് എന്നെ വിളിക്കുകയും ചെയ്തു. ശ്രീനിയേട്ടന്റെ തനത് ശൈലിയിൽ സാർ, ഞാനൊരു പടം പ്രൊഡ്യൂസ് ചെയ്യുന്നുണ്ട്. മമ്മൂട്ടിയാണ് നായകൻ സാർ ബിസിയല്ലെങ്കിൽ, സമയമുണ്ടെങ്കിൽ അഭിനയിക്കണം എന്ന് പറഞ്ഞു. ശ്രീനിയേട്ടന്റെ വിളികേട്ട ഞാൻ അന്ന് തന്നെ ബാഗുമായി തൊടുപുഴയിലേക്ക് പുറപ്പെട്ടു. പക്ഷേ എനിക്ക് രണ്ട് ദിവസം കഴിഞ്ഞേ ഷൂട്ട് ഉണ്ടായിരുന്നുള്ളൂ.

അന്ന് പ്രൊഡ്യൂസർ എന്ന നിലയിൽ ശ്രീനിയേട്ടൻ എന്നോട് ചോദിച്ചു. താങ്കൾക്ക് ഇവിടെ എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന്! ഞാൻ പറഞ്ഞു എനിക്ക് ഇവിടെ ഒരു പ്രശ്നവുമില്ല. സുഖമാണെന്ന്. അങ്ങനെ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ എനിക്കൊരു പ്രശ്നവുമില്ല എന്ന് ശ്രീനിയേട്ടൻ ചിരിച്ചുകൊണ്ട് പറഞ്ഞു. എല്ലാ കാര്യങ്ങളെയും നർമ്മത്തോട് കൂടി മാത്രമേ അദ്ദേഹം എന്നും സ്വീകരിച്ചിട്ടുള്ളൂ. അതുപോലെതന്നെ കഥ പറയുമ്പോൾ എന്ന സിനിമയുടെ സെറ്റിൽവെച്ച് ഞാൻ ആദ്യമായി മമ്മൂക്കയെ കാണുമ്പോൾ എനിക്ക് അദ്ദേഹത്തെ പരിചയപ്പെടണമെന്നുണ്ടായിരുന്നു. അപ്പോൾ മമ്മൂക്ക കുറച്ച് ദൂരം മാറിയിരുന്ന സമയത്ത് ശ്രീനിയേട്ടൻ എന്നോട് പറഞ്ഞു ഞാൻ മമ്മൂട്ടിയോട് നിൻ്റെ കാര്യങ്ങളൊക്കെ പറഞ്ഞിട്ടുണ്ട്. നീ ധൈര്യത്തോടെ പോയി അദ്ദേഹത്തോട് സംസാരിക്കൂ എന്ന് അദ്ദേഹം പറഞ്ഞു. ഇത് കേട്ട ഞാൻ മമ്മൂക്കയുടെ അടുത്തേക്ക് പോയി. ആ സമയത്ത് അദ്ദേഹം പത്രം വായിക്കുന്ന തിരക്കിലായിരുന്നു.

ഞാൻ അദ്ദേഹത്തെ ബുദ്ധിമുട്ടിപ്പിക്കുന്ന രീതിയിൽ പ്രവർത്തിച്ചതുപോലെ അദ്ദേഹത്തിന് തോന്നിക്കാണണം. ഈ സമയത്ത് ശ്രീനിയേട്ടന് അപ്പുറത്ത് മാറി നിന്ന് ചിരിക്കുന്നത് ഞാൻ കണ്ടു. അങ്ങനെ എത്രയെത്ര ചിരി മുഹൂർത്തങ്ങളാണ് അദ്ദേഹവുമൊത്തുണ്ടായിരുന്നത്. ജീവിതത്തിലെ നിലപാടുകൾ കൊണ്ട് അംബാനിയാണ് ശ്രീനിയേട്ടൻ.എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട് ഞാൻ ശ്രീനിയേട്ടൻ അവസാനമായി അഭിനയിച്ച എം മോഹനേട്ടന്റെ അരവിന്ദൻ്റെ അതിഥികൾ എന്ന സിനിമയിൽ, കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലാണ് ഷൂട്ടിംഗ്. അങ്ങനെഎല്ലാ ദിവസവും ഞങ്ങൾ കുറച്ച് പേർ അമ്പലത്തിൽ പോകും. അമ്പലത്തിന്റെ നടയിൽ വച്ച് ഷൂട്ട് ചെയ്യുന്ന സമയം ഞാൻ ശ്രീനിയേട്ടനോട് ചോദിച്ചു. അമ്പലത്തിൽ കയറുന്നില്ലേ എന്ന്. ഞാൻ അമ്പലത്തിൽ കയറുന്നില്ല ആ നിലപാടിൽ ഒരു മാറ്റവുമില്ല എന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ നിലപാടുകളും മനുഷ്യത്വവും മുറുകെ പിടിക്കുന്ന ശ്രീനിയേട്ടൻ.

ഞാൻ ഇവിടെ പങ്കുവെക്കുന്ന ഫോട്ടോയ്ക്ക് ചെറിയൊരു അടിക്കുറിപ്പ് കൂടി പറഞ്ഞുകൊണ്ട് ഞാൻ ഇവിടെ നിർത്തുന്നു. അറബിക്കഥയാണ് സിനിമയിലെ ഈ സീൻ ഷൂട്ട് ചെയ്യുമ്പോൾ, ഞാൻ ശ്രീനിയേട്ടനോട് ചോദിച്ചു ഞാൻ എന്താണ് ചെയ്യേണ്ടത് എന്ന്. മുഷ്ടി ചുരുട്ടിപ്പിടിച്ച് മുദ്രാവാക്യം വിളിക്കണമെന്നാണ് ലാൽ ജോസ് സാർ എന്നോട് പറഞ്ഞത്. തുടക്കക്കാരൻ എന്ന നിലയിലുള്ള കൺഫ്യൂഷൻ കൊണ്ട് ഞാൻ അത് ശ്രീനിയേട്ടനോട് ചോദിച്ചു. കാലു മാത്രം പൊക്കാതിരുന്നാൽ മതി എന്ന സീനിയേട്ടന്റെ നർമ്മസഭാഷണത്തിൽ ഞാൻ എൻ്റെ ശ്രീനിയേട്ടനെ പരിഭാഷപ്പെടുത്തുന്നു. ഇനി ശ്രീനിയേട്ടൻ ഇവിടെയില്ല എന്ന ദുഃഖം തലയ്ക്ക്മുകളിൽ നിൽക്കുമ്പോഴും അദ്ദേഹത്തിൻ്റെ രചനകളും കഥാപാത്രങ്ങളും മലയാളികളുള്ളിടത്തോളംകാലം ഇവിടെ ചിരിച്ചും ചിന്തിപ്പിച്ചും കൊണ്ടേരിക്കും.

SCROLL FOR NEXT