ന്യൂ ഡൽഹി: വിജയ്‌യുടെ സിനിമാ ജീവിതത്തിലെ അവസാന ചിത്രം എന്ന വിശേഷണത്തോടെയാണ് 'ജന നായകൻ' പ്രഖ്യാപിച്ചത്. രാഷ്ട്രീയത്തിൽ സജീവമാകുന്നതിനായി താൻ അഭിനയം അവസാനിപ്പിക്കുകയാണെന്ന നടന്റെ പ്രഖ്യാപനം അപ്രതീക്ഷിതമായിരുന്നു. ഇതിനു പിന്നാലെ ആവേശത്തോടെയും ആകാംക്ഷയോടെയും 'ജന നായക'ന് വേണ്ടി കാത്തിരിക്കുകയായിരുന്നു ആരാധകർ. എന്നാൽ, പൊങ്കലിന് എത്തുമെന്ന് അറിയിച്ച ചിത്രത്തിന്റെ റിലീസ് സെൻസർ സർട്ടിഫിക്കേഷൻ ലഭിക്കാത്തതിനാൽ നീണ്ടുപോയി. നിർമാതാക്കൾ കോടതിയെ സമീപിച്ചെങ്കിലും അന്തിമ വിധി വരാത്തതിനാൽ സിനിമയുടെ റിലീസ് അനിശ്ചിതത്വത്തിലാണ്. ഇപ്പോഴിതാ എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ, സിനിമയുടെ റിലീസ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് മനസുതുറന്നിരിക്കുയാണ് വിജയ്.
'ജന നായകൻ' സിനിമയ്ക്ക് പ്രദർശനാനുമതി ലഭിക്കാത്തതിനാൽ കഷ്ടപ്പെടുന്ന നിർമാതാവിനെ ഓർത്ത് തനിക്ക് വിഷമമുണ്ടെന്ന് വിജയ് അഭിമുഖത്തിൽ പറയുന്നു. ഇത്തരത്തിലുള്ള കാര്യങ്ങൾ താൻ പ്രതീക്ഷിച്ചതാണെന്നും തന്റെ രാഷ്ട്രീയത്തിന്റെ പേരിൽ സിനിമയെ ലക്ഷ്യമിട്ടേക്കാമെന്ന് തോന്നിയിരുന്നുവെന്നും പറഞ്ഞ നടൻ താനതിന് മാനസികമായി തയ്യാറെടുത്തിരുന്നതായും വ്യക്തമാക്കി. താൻ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ ആരാധകനാണെന്നും എംജിആറും ജെ. ജയലളിതയുമാണ് തന്റെ മാതൃകകളെന്നും വിജയ് കൂട്ടിച്ചേർത്തു.
തമിഴക വെട്രി കഴകം (ടിവികെ) എന്ന രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചതിന് ശേഷം വിജയ് ഒരു ദേശീയ മാധ്യമത്തിന് നൽകുന്ന ആദ്യ അഭിമുഖമാണിത്. എന്നാൽ വീഡിയോ അഭിമുഖത്തിന് വിജയ് തയ്യാറായില്ലെന്നാണ് റിപ്പോർട്ട്. പകരം ഒരു മണിക്കൂറോളം ക്യാമറയില്ലാതെ മുതിർന്ന മാധ്യമപ്രവർത്തകരുമായി സംവദിക്കുകയായിരുന്നു. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷം, എൻഡിടിവി എഡിറ്റർ ഇൻ ചീഫ് രാഹുൽ കൻവാൽ, മാനേജിംഗ് എഡിറ്റർ ശിവ് അരൂർ, പൊളിറ്റിക്കൽ എഡിറ്റർ വസുധ വേണുഗോപാൽ എന്നിവർ വിജയ് പറഞ്ഞ കാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യുകയും വിശകലനം ചെയ്യുകയുമായിരുന്നു.
അതേസമയം, 'ജന നായകനാ'യി അക്ഷമരായി കാത്തിരിക്കുകയാണ് വിജയ് ആരാധകർ. കെവിഎൻ പ്രൊഡക്ഷന്റെ ബാനറിൽ വെങ്കട്ട് കെ. നാരായണ ആണ് സിനിമ നിർമിച്ചിരിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെയുമാണ് സഹനിർമാണം. റിലീസ് വൈകുന്നത് 500 കോടിയോളം രൂപയുടെ ബാധ്യതയുണ്ടാക്കുമെന്നാണ് നിർമാതാക്കൾ കോടതിയെ അറിയിച്ചത്.
നിലവിൽ, സിനിമയുടെ സെൻസർ സർട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട ഹർജി മദ്രാസ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ പരിഗണനയിലാണ്. ചിത്രത്തിന് 'യുഎ' സർട്ടിഫിക്കറ്റ് നൽകാൻ സെൻസർ ബോർഡിന്റെ പരിശോധനാ സമിതി ആദ്യം തീരുമാനിച്ചിരുന്നു. എന്നാൽ, സമിതിയിലെ ഒരംഗത്തിന്റെ പരാതിയെത്തുടർന്ന് സിബിഎഫ്സി ചെയർമാൻ ചിത്രം പുനഃപരിശോധനയ്ക്കായി റിവൈസിങ് കമ്മിറ്റിക്ക് അയച്ചു. ഇതാണ് നിയമപോരാട്ടത്തിലേക്ക് എത്തിയത്.