മുംബൈ: കാർ അപകടത്തിൽ പ്രശ്‌സ്ത നടിയും നര്‍ത്തകിയുമായ നോറ ഫത്തേഹിക്ക് നിസാര പരിക്ക്. മുംബൈയില്‍ വച്ച് ശനിയാഴ്ച വൈകുന്നേരത്തോടുകൂടിയാണ് അപകടമുണ്ടായത്. സണ്‍ബേൺ ഫെസ്റ്റിവലിൽ പങ്കെടുക്കാനായി പോകവേയാണ് അപകടം. നോറ ഫത്തേഹി സഞ്ചരിച്ചുകൊണ്ടിരുന്ന വാഹനത്തിലേക്ക് മറ്റൊരു വാഹനം ഇടിച്ചു കയറുകയായിരുന്നു. ഈ വാഹനത്തിന്റെ ഡ്രൈവർ വിനയ് സക്പാൽ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ മദ്യലഹരിയിലാണ് വാഹനം ഓടിച്ചതെന്നും പൊലീസ് വ്യക്തമാക്കി.
അപകടത്തിന് പിന്നാലെ നടി തൻ്റെ ഇൻസ്റ്റഗ്രാമിലൂടെ പ്രതികരിച്ചിരുന്നു. മദ്യപിച്ച് വാഹനമോടിച്ചയാൾ തന്റെ കാറിൽ ഇടിച്ചുവെന്നും എന്നാൽ തനിക്ക് കാര്യമായ പരിക്കുകൾ പറ്റിയിട്ടില്ലെന്നും നോറ ഫത്തേഹി പറഞ്ഞു. "വളരെ ഭയാനകവും പേടിപ്പിക്കുന്നതുമായിരുന്നു ആ അപകടം. മദ്യപിച്ച് വാഹനം ഓടിച്ചെത്തിയ ഒരാൾ എന്റെ കാർ തകർത്തു. അതിൻ്റെ ആഘാതം വളരെ കഠിനമായിരുന്നു. അപകടത്തിൽ ചെറിയ പരിക്കുകളുണ്ടെങ്കിലും എനിക്കിപ്പോൾ ആശ്വാസമുണ്ട്. വലിയ കുഴപ്പമില്ല. എങ്കിലും അപകടം വളരെയധികം വേദനയുണ്ടാക്കുന്നതും ഭയാനകവുമാണ്. ഒരു നിമിഷം കൺമുന്നിലൂടെ എന്റെ ജീവിതം മാറിമറയുന്നതാണ് ഞാൻ കണ്ടത്", എന്നും നോറ ഫത്തേഹി.
അപകടത്തിൽ ഫത്തേഹിയ്ക്ക് ഗുരുതര പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്നും ഉടൻ സമീപത്തുള്ള ആശുപത്രിയിലെത്തിച്ച് പ്രഥമശുശ്രൂഷ നൽകിയെന്നും മുംബൈ പൊലീസ് അറിയിച്ചു. വൈദ്യപരിശോധനയ്ക്ക് ശേഷം, നടി മുംബൈയിലെ പരിപാടിയിൽ പങ്കെടുത്തതായും പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡ്രൈവർക്കെതിരെ അശ്രദ്ധമായി വാഹനമോടിച്ചതിനും മദ്യലഹരിയിൽ വാഹനമോടിച്ചതിനും ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. അപകടത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.