ENTERTAINMENT

നടി അര്‍ച്ചന കവി വിവാഹിതയായി; വരൻ റിക്ക് വർഗീസ്

'മോശം കാലത്ത് ശരിയായ വ്യക്തിയെ തന്നെ ഞാന്‍ തെരഞ്ഞെടുത്തു'

Author : ന്യൂസ് ഡെസ്ക്

നടി അര്‍ച്ചന കവി വിവാഹിതയായി. റിക്ക് വര്‍ഗീസ് ആണ് വരന്‍. ഇന്‍ഫ്‌ളുവന്‍സര്‍ ധന്യ വര്‍മയാണ് വിവാഹത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. എന്റെ ഡാര്‍ലിങ് വിവാഹിതയായി എന്ന ക്യാപ്ഷനോടെ ധന്യവര്‍മ ഇരുവരുടെയും വിവാഹ ചിത്രവും പങ്കുവച്ചു. പിന്നാലെ നിരവധി പേരാണ് ആശംസകളുമായി എത്തുന്നത്.

കഴിഞ്ഞ ദിവസം വിവാഹം സൂചിപ്പിക്കുന്ന ഒരു പോസ്റ്റ് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി അര്‍ച്ചനയും പങ്കുവച്ചിരുന്നു. 'മോശം കാലത്ത് ശരിയായ വ്യക്തിയെ തന്നെ ഞാന്‍ തെരഞ്ഞെടുത്തു. എല്ലാവര്‍ക്കും അതിന് കഴിയട്ടെ' എന്നായിരുന്നു സ്‌റ്റോറി. റിക്ക് വര്‍ഗീസിനെക്കുറിച്ച് ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തിലും തുറന്നുപറഞ്ഞിരുന്നു.

അര്‍ച്ചന കവിയുടെ രണ്ടാം വിവാഹമാണിത്. 2016ല്‍ ഇന്ത്യന്‍ കൊമേഡിയന്‍ അബീഷ് മാത്യുവിനെ വിവാഹം കഴിച്ചു. എന്നാല്‍ 2021ല്‍ വിവാഹമോചനം നേടി. വിവാഹ മോചനത്തിന് പിന്നാലെ മാനസികാരോഗ്യത്തെക്കുറിച്ച് തന്റെ സോഷ്യല്‍ മീഡിയയിലൂടെയും അഭിമുഖങ്ങളിലൂടെയും തുറന്നു സംസാരിച്ചിട്ടുണ്ട് അര്‍ച്ചന കവി.

2009ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത നീലത്താമര എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് അര്‍ച്ചന കവി ചുവടുവെച്ചത്.

SCROLL FOR NEXT