തെലുങ്ക് സിനിമയായ 'റാവു ബഹാദൂർ' എന്ന ചിത്രത്തിന്റെ വിജയാഘോഷ ചടങ്ങിനിടെ വൈകാരിക പ്രതികരണവുമായി നടി ദീപാ തോമസ്. സിനിമയിൽ ഒമ്പത് വർഷമായി തുടരുന്ന തനിക്ക് 'റാവു ബഹാദൂറിൽ' ലഭിച്ച അവസരം ഒരു സ്വപ്നസാക്ഷാത്കാരമാണെന്ന് നടി പറഞ്ഞു പറഞ്ഞു. പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു ദീപാ തോമസ് സംസാരിച്ചത്.
ചിത്രത്തിലെ കഥാപാത്രം തന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നതാണെന്നും നടി പറഞ്ഞു. തന്റെ സിനിമകൾ കാണുമ്പോൾ അഭിനയം ഇനിയും നന്നാക്കണം എന്നാണ് അച്ഛൻ പറയാറ്. എന്നാൽ ഇത്തവണ ആദ്യമായി അച്ഛൻ തന്നെ അഭിനന്ദിച്ചുവെന്നും നടി പറഞ്ഞു."എന്‍റെ മാതാപിതാക്കള്‍ക്ക് തെലുങ്ക് അറിയില്ല. ഇന്നലെ സബ്ടൈറ്റില്‍ വച്ച് സിനിമ കാണുമ്പോള്‍ അക്ഷരാര്‍ഥത്തില്‍ അവര്‍ ചിരിക്കുന്നതും കരയുന്നതും കണ്ട് എനിക്ക് അഭിമാനം തോന്നി." ദീപാ തോമസ് കണ്ണ് നിറഞ്ഞ് പറഞ്ഞു.
ഈ സിനിമയിലെ അവസരത്തിന് സംവിധായകനോട് ഏറെ കടപ്പാടുണ്ടെന്നും ദീപ കൂട്ടിച്ചേർത്തു. നടൻ സത്യദേവിന്റെ ജന്മദിനത്തിന് ആശംസകൾ നേർന്നുകൊണ്ടാണ് ദീപ ചടങ്ങിൽ സംസാരിച്ച് തുടങ്ങിയത്. ചിത്രത്തിന്റെ ഓഡിഷനായി വിളിച്ചപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞില്ലെന്നും നടി വെളിപ്പെടുത്തി. റാവു ബഹാദൂറിൽ അഭിനയിക്കാൻ കഴിഞ്ഞത് തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ കാര്യമാണെന്നും ദീപാ തോമസ് പറഞ്ഞു.
വെങ്കടേഷ് മഹ സംവിധാനം ചെയ്ത 'റാവു ബഹദൂർ' എന്ന ചിത്രം മികച്ച അഭിപ്രായമാണ് തിയറ്ററുകളിൽ നിന്ന് നേടുന്നത്. സൈക്കോളജിക്കൽ ത്രില്ലറായെത്തിയ ചിത്രത്തിൽ സത്യദേവാണ് നായകൻ. ചിത്രത്തിലെ നായികാ വേഷമാണ് ദീപയ്ക്ക്. തെലുങ്ക് സൂപ്പര്‍ താരം മഹേഷ് ബാബുവിന്റെ ജിഎംബി എന്റർടെയ്ൻമെന്റ്സാണ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.