സോഷ്യൽ മീഡിയയിൽ ഉയർന്ന പരിഹാസത്തിന് നടി ജ്യോതിക നൽകിയ മറുപടി വൈറൽ. തമിഴ്നാട്ടിലെ ഭരണമാറ്റവുമായി ബന്ധപ്പെടുത്തി തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിന് താഴെ വന്ന കമന്റിനാണ് നടി കൃത്യമായി മറുപടി നൽകിയത്. ഡിഎംകെ അധികാരത്തിൽ നിന്ന് പുറത്തായ സാഹചര്യത്തിൽ ഇനി എല്ലാ പ്രശ്നങ്ങളിലും പ്രതികരിച്ച് ജ്യോതികയ്ക്കും കുടുംബത്തിനും പണം സമ്പാദിക്കാം എന്നായിരുന്നു കമന്റ്.
മാതൃദിനത്തോട് അനുബന്ധിച്ച് ജ്യോതിക പങ്കുവച്ച പോസ്റ്റിന് താഴെയാണ് ഈ കമന്റ് വന്നത്. "അക്കാ നിങ്ങൾക്കിപ്പോൾ ആക്ടിവിസത്തിന് തയ്യാറെടുക്കാം. ഡിഎംകെ അധികാരത്തിൽ നിന്ന് പോയിരിക്കുന്നു. ഇനി, ഡിഎംകെ ഭരണകാലത്ത് നിങ്ങൾ മറന്നുകളഞ്ഞ എല്ലാ പ്രശ്നങ്ങളിലും കരഞ്ഞുവിളിച്ച് നിങ്ങൾക്കും കുടുംബത്തിനും പണമുണ്ടാക്കാം," എന്നായിരുന്നു കമന്റ്.
"ഇന്റലിജന്റ് ഫൂൾ (ബുദ്ധിശാലിയായ വിഡ്ഢി) എന്ന പേര് നിങ്ങൾക്ക് ചേരുന്നുണ്ട്," എന്നായിരുന്നു ഇതിന് ജ്യോതിക നൽകിയ മറുപടി. കമന്റിട്ട ആളുടെ പ്രൊഫൈൽ നെയിം ചൂണ്ടിക്കാട്ടിയായിരുന്നു പ്രതികരണം. കമന്റും അതിന് ജ്യോതിക നൽകിയ മറുപടിയും വൈറലാണ്. ഇതിനുപിന്നാലെ നിരവധിപേർ നടിയെ പിന്തുണച്ച് രംഗത്തെത്തി. ഇതോടെ കമന്റിട്ട ആൾ തന്നെ അത് നീക്കം ചെയ്തു. എന്നാൽ, ഇതിന്റെ സ്ക്രീൻഷോട്ടുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ മിന്നുന്ന വിജയമാണ് നേരിട്ട വിജയ്‌യുടെ തമിഴക വെട്രി കഴകം സ്വന്തമാക്കിയത്. ഈ ഐതിഹാസിക വിജയത്തിൽ വിജയ്‌യെ അഭിനന്ദിച്ച് ജ്യോതികയുടെ പങ്കാളിയും നടനുമായ സൂര്യ ഉൾപ്പെടെയുള്ള സിനിമാപ്രവർത്തകർ രംഗത്തെത്തിയിരുന്നു. "ജനങ്ങളുടെ സ്നേഹവും പിന്തുണയും ലഭിക്കുന്നത് ഒരു അനുഗ്രഹമാണ്. എന്റെ സുഹൃത്ത് വിജയ്‌യിൽ തമിഴ്നാടിന് വലിയ വിശ്വാസമുണ്ട്. തമിഴ് രാഷ്ട്രീയത്തിൽ ഒരു പുതിയ അധ്യായം കുറിക്കുന്ന അദ്ദേഹത്തിന് എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ," എന്നാണ് സൂര്യ എക്സിൽ കുറിച്ചത്.
108 സീറ്റുകളിലാണ് ടിവികെ വിജയിച്ചത്. 59 വർഷത്തിന് ശേഷമാണ് ദ്രാവിഡ പാർട്ടികളുടെ നേതൃത്വത്തിലല്ലാത്ത ഒരു സർക്കാർ തമിഴ്‌നാട്ടിൽ അധികാരത്തിലേറുന്നത്. കോൺഗ്രസ് (5), സിപിഐ (2), സിപിഐഎം (2), വിസികെ (2), മിസ്ലീം ലീഗ് (2) എന്നീ കക്ഷികളുടെ പിന്തുണയോടെയാണ് വിജയ് സർക്കാർ രൂപീകരിക്കാൻ ആവശ്യമായ കേവല ഭൂരിപക്ഷം കണ്ടെത്തിയത്.