പേളി മാണിക്കെതിരെ നടി മെറീന മൈക്കിൾ  
ENTERTAINMENT

"ഉറക്കെ സംസാരിക്കുന്നു എന്നതിലല്ല, മറിച്ച് ആളുകൾ വിയോജിക്കുമ്പോൾ ശാന്തമായി പ്രതികരിക്കുന്നു എന്നതിലാണ് നേതൃപാടവം"; പേളി മാണിക്കെതിരെ നടി മെറീന മൈക്കിൾ

പൊതുസമൂഹം നൽകുന്ന സ്വാധീനത്തിനൊപ്പം വലിയ ഉത്തരവാദിത്തവും ഉണ്ടെന്ന് നടി മെറീന മൈക്കിൾ.

Author : ന്യൂസ് ഡെസ്ക്

കൊച്ചി: സിജെപി പ്രതിഷേധവുമായി ബന്ധപ്പെട്ട് അവതാരകയും ഇൻഫ്ലുവെൻസറുമായ പേളി മാണി കടുത്ത വിമർശനം നേരിടുന്നതിനിടെയാണ് നടി മെറീന മൈക്കിളിൻ്റെ ഒളിയമ്പ്. സോഷ്യൽ മീഡിയയിലൂടെയാണ് മെറീന കുറിപ്പ് പങ്കുവച്ചത്. പോസ്റ്റ് നീക്കം ചെയ്തതുകൊണ്ടോ വിമർശിക്കുന്നവരെ ബ്ലോക്ക് ചെയ്തതുകൊണ്ടോ വിമർശനങ്ങൾ അപ്രത്യക്ഷമാകില്ലെന്ന് മെറീന പോസ്റ്റിൽ പറയുന്നു.

മറ്റുള്ളവരുടെ അംഗീകാരമല്ല ഒരാളുടെ മൂല്യം നിർണയിക്കുന്നതെന്നും മെറീന പറയുന്നു. പൊതുസമൂഹം നൽകുന്ന സ്വാധീനത്തിനൊപ്പം വലിയ ഉത്തരവാദിത്തവും ഉണ്ട്. എല്ലാവരും യോജിക്കുമ്പോൾ എത്ര ഉറക്കെ സംസാരിക്കുന്നു എന്നതിലല്ല, മറിച്ച് ആളുകൾ വിയോജിക്കുമ്പോൾ എത്രത്തോളം ശാന്തമായും സത്യസന്ധമായും പ്രതികരിക്കുന്നു എന്നതിലാണ് നേതൃപാടവം അളക്കേണ്ടത് എന്നും മെറീന പറഞ്ഞു.

നീ എന്നോട് ഒരിക്കൽ പറഞ്ഞിരുന്നു, ഇങ്ങനെ ഒരാൾ ജീവിച്ചിരിപ്പുണ്ടെന്ന് പോലും എനിക്കറിയില്ലായിരുന്നു എന്ന്. അതുകൊണ്ട് കുഴപ്പമൊന്നുമില്ല. മറ്റുള്ളവരുടെ അംഗീകാരമല്ല ഒരാളുടെ മൂല്യം നിർണയിക്കുന്നതെന്നും മെറീന കുറിച്ചു. വിരോധാഭാസമെന്നു പറയട്ടെ, ഇന്ന് നമ്മൾ ഈയൊരു സംഭാഷണത്തിൽ എത്തിനിൽക്കുന്നത് തന്നെ നിൻ്റെ വാക്കുകൾ കൊണ്ടാണ്, ഞാൻ ആരാണെന്നതുകൊണ്ടല്ല, മറിച്ച് എൻ്റെ ചോദ്യങ്ങളോട് നീ എങ്ങനെ പ്രതികരിച്ചു എന്നത് ആളുകൾ ശ്രദ്ധിച്ചതുകൊണ്ടാണ്.

സമൂഹത്തെ ബാധിക്കുന്ന വിഷയങ്ങളിൽ അഭിപ്രായം പറയാൻ നിങ്ങൾ തയ്യാറാകുമ്പോൾ, അതിനോടുള്ള എതിരഭിപ്രായങ്ങൾ കേൾക്കാനും നിങ്ങൾ സന്നദ്ധരാകണം. നിങ്ങളെ ചോദ്യം ചെയ്യുന്നവരെ ഏതെങ്കിലും ലേബലുകളിൽ ഒതുക്കാനോ, പരിഹസിക്കാനോ, വ്യക്തിപരമായി അധിക്ഷേപിക്കാനോ മുതിരരുത്.

ടെലിവിഷൻ ഷോയുമായി ബന്ധപ്പെട്ട് ഇരുവർക്കുമിടയിൽ വലിയ തർക്കം ഉടലെടുത്തിരുന്നു. മുൻപത്തെ തർക്കത്തിന് പുറമെ പേളിക്കെതിരെ ഉയരുന്ന സോഷ്യൽ മീഡിയ വിമർശനങ്ങളുടെ പശ്ചാത്തലത്തിൽ കൂടിയാണ് മെറീനയുടെ ഈ കുറിപ്പ് ശ്രദ്ധേയമാകുന്നത്.

SCROLL FOR NEXT