നടിയും തിരക്കഥാകൃത്തുമായ നിലീൻ സാന്ദ്ര വിവാഹിതയായി. സംവിധായകൻ ശ്യാമിൻ ഗിരീഷാണ് വരൻ. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. സോഷ്യൽ മീഡിയയിലൂടെ നടി തന്നെയാണ് വിവാഹക്കാര്യം ആരാധകരെ അറിയിച്ചത്. വിവാഹചിത്രങ്ങളും നടി പങ്കുവച്ചിട്ടുണ്ട്.
"എന്റെ ജീവിതകാലം മുഴുവൻ ഈ മനുഷ്യനോടൊപ്പമാണ് ജീവിക്കാൻ പോകുന്നത് എന്നോർക്കുമ്പോൾ എനിക്ക് അടക്കാനാവാത്ത സന്തോഷമുണ്ട്. ഇപ്പോഴും ഇതൊരു സ്വപ്നം പോലെ തോന്നുന്നു... ഇപ്പോഴും ഒരു മണ്ടിയെപ്പോലെ ചിരിക്കുന്നു!," എന്നാണ് നടി വിവാഹചിത്രങ്ങൾക്കൊപ്പം കുറിച്ചത്.
2017 മുതൽ ശ്യാമിനും നിലീൻ സാന്ദ്രയും അടുത്ത സുഹൃത്തുക്കളാണ്. ശ്യാമിൻ സംവിധാനം ചെയ്ത കരിക്കിന്റെ 'സാമർഥ്യ ശാസ്ത്രം' എന്ന യൂട്യൂബ് മിനി സീരീസിലൂടെയാണ് നിലീൻ ശ്രദ്ധിക്കപ്പെടുന്നത്. ഈ സീരിസിന്റെ തിരക്കഥയും ശ്യാമിനാണ്. 'ആവാസവ്യൂഹം', 'ഓഫീസർ ഓൺ ഡ്യൂട്ടി', '2018' തുടങ്ങിയ ചിത്രങ്ങളിലും നിലീൻ അഭിനയിച്ചിട്ടുണ്ട്.
ശ്യാമിൻ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം 'ഇറ്റ്‌സ് എ മെഡിക്കൽ മിറാക്കിളി'ന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത് നിലീനാണ്. സംഗീത് പ്രതാപ്, അഖില ഭാർഗവൻ, ഷറഫുദ്ദീൻ എന്നിവരാണ് ഈ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്.