ശോഭനയ്ക്ക് ഒപ്പം നിവിൻ പോളിയും കുടുംബവും Source: Instagram / shobana_danseuse
ENTERTAINMENT

"രണ്ട് നിവിൻ പോളിയോ?" ഓസ്ട്രേലിയയിൽ നിന്നൊരു സർപ്രൈസ് വീഡിയോയുമായി ശോഭന

ശോഭന സമൂഹമാധ്യമത്തിൽ പങ്കുവച്ച വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് നിവിൻ ആരാധകർ

Author : ന്യൂസ് ഡെസ്ക്

ഓസ്ട്രേലിയയിൽ വച്ച് യാദൃച്ഛികമായി കണ്ടുമുട്ടിയ താര കുടുംബത്തെ ആരാധകർക്ക് മുൻപിലെത്തിച്ച് നടി ശോഭന. ബ്രിസ്ബണിൽ വച്ചായിരുന്നു ഈ 'അപ്രതീക്ഷിത' കൂടിക്കാഴ്ച. നടൻ നിവിൻ പോളിയേയും കുടുംബത്തേയുമാണ് നടി ആരാധകർക്ക് മുൻപിലെത്തിച്ചത്. നടി സമൂഹ മാധ്യമത്തിൽ പങ്കുവച്ച വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് നിവിൻ ആരാധകർ.

ബ്രിസ്ബൺ നഗരത്തിലെ നിരത്തിലൂടെ പോകവേയാണ് നിവിൻ പോളിയുടെ പങ്കാളിയേയും മക്കളേയും ശോഭന കണ്ടുമുട്ടിയത്. ‘എന്നോടൊപ്പം ഇതാരാണെന്നു നോക്കൂ’ എന്നൊരു ആമുഖം നൽകിയ ശേഷമാണ് ഇവരെ നടി വീഡിയോയിൽ കാണിക്കുന്നത്. തുടർന്ന് നിവിൻ പോളിയേയും മകനേയും ശോഭന ക്യാമറയ്ക്ക് മുന്നിലേക്ക് എത്തിക്കുന്നു. കൈകൾ കൂപ്പി നിവിൻ 'ഹായ്' പറയുന്നതും തൊട്ടുപുറകിലായി മകനേയും വീഡിയോയിൽ കാണാം. സുഹൃത്തുക്കൾക്കും കുടുംബത്തിനും ഒപ്പം ഓസ്ട്രേലിയയിൽ എത്തിയതായിരുന്നു നടൻ.

"ഓസ്ട്രേലിയയിൽ വച്ച് യാദൃച്ഛികമായി കണ്ടുമുട്ടിയപ്പോൾ," എന്ന അടിക്കുറിപ്പോടെയാണ് ഈ 'സർപ്രൈസ് കൂടിക്കാഴ്ച'യുടെ വീഡിയോ ശോഭന ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. "കണ്ടതിൽ സന്തോഷം മാഡം," എന്ന് നിവിൻ കമന്റും ചെയ്തിട്ടുണ്ട്.

വീഡിയോയിൽ പ്രത്യക്ഷപ്പെട്ട നിവിന്റെ മകനാണ് ഏവരുടേയും ശ്രദ്ധപിടിച്ചുപറ്റിയത്. 'രണ്ട് നിവിൻ ഒരേ ഫ്രേയിമിൽ', 'രണ്ട് ഉണ്ണിയോ?', 'നിവിന്റെ കുട്ടിക്കാലം ചെയ്യാനുള്ള ആളെ കിട്ടി' എന്നിങ്ങനെ പോകുന്നു കമന്റുകൾ.

SCROLL FOR NEXT