പ്രശസ്ത നടി ശ്രീലീല ഇനി ഡോക്ടർ. മുംബൈയിലെ ഡിവൈ പാട്ടിൽ യൂണിവേഴ്സിറ്റിയിൽ നടന്ന ബിരുദദാന ചടങ്ങിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. തമിഴിലും തെലുങ്കിലും ബിഗ് ബജറ്റ് സിനിമകളുടെ തിരക്കുകൾക്കിടയിലും പഠനം ഉപേക്ഷിക്കാതെ മുന്നോട്ടുകൊണ്ടുപോയ നടിയെ അഭിനന്ദിക്കുകയാണ് ആരാധകർ.
മറൂൺ ഗൗൺ ധരിച്ച് ബിരുദദാന ചടങ്ങിന് എത്തിയ നടി 2020 ബാച്ചിലെ സഹപാഠികൾക്കൊപ്പം ഹിപ്രോക്കാറ്റിക് പ്രതിജ്ഞ ചൊല്ലുന്ന വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ബിരുദം ഏറ്റുവാങ്ങി വേദി വിട്ട ശ്രീലീല സദസിലിരുന്ന മാതാപിതാക്കളെ കെട്ടിപ്പിടിച്ച് സന്തോഷം പങ്കിട്ടു. ബെംഗളൂരുവിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റാണ് നടിയുടെ അമ്മ സ്വർണലത.
2001ൽ യുഎസിലെ ഡിട്രോയിട്ടിലാണ് ശ്രീലീല ജനിച്ചത്. 2017ൽ 'ചിത്രാംഗദ' എന്ന തെലുങ്ക് ചിത്രത്തിൽ സിന്ധു തൊലാനിയുടെ യൗവനകാലം അവതരിപ്പിച്ചുകൊണ്ടാണ് സിനിമാ പ്രവേശം. 2019ൽ 'കിസ്' എന്ന കന്നഡ ചിത്രത്തിലൂടെ നായികയായി അരങ്ങേറി. ഊർജം പ്രസരിക്കുന്ന ശ്രീലീലയുടെ നൃത്തത്തിന് ആരാധകർ ഏറെയാണ്.
സുധ കൊങ്കര ഒരുക്കിയ 'പരാശക്തി'യാണ് നടിയുടെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ശിവകാർത്തികേയൻ, അഥർവ, രവി മോഹൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ശക്തമായ ഒരു വേഷം തന്നെയാണ് ചിത്രത്തിൽ ശ്രീലീലയ്ക്ക് ലഭിച്ചത്. നിലവിൽ, പവൻ കല്യാൺ ചിത്രം 'ഉസ്താദ് ഭഗത് സിംഗി'ന്റെ തിരക്കിലാണ്. കാർത്തിക് ആര്യൻ ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് ശ്രീലീല.