നടി ശ്രീവിദ്യ മുല്ലച്ചേരി 
ENTERTAINMENT

"മുഖ്യമന്ത്രി പറഞ്ഞത് കേട്ടു, സൽപ്പേര് പോയി"; ശ്രീവിദ്യ മുല്ലച്ചേരിയുടെ പോസ്റ്റിന് ട്രോൾ പെരുമഴ

മുഖ്യമന്ത്രിയുടെ നിർദേശം പാലിച്ച തനിക്ക് നാട്ടിൽ ചീത്തപ്പേരായി എന്ന് നടി ശ്രീവിദ്യ മുല്ലച്ചേരി

Author : ന്യൂസ് ഡെസ്ക്

സംസ്ഥാനത്ത് ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ എല്ലാവരും അതീവ ജാഗ്രത പുലർത്തണമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിലൂടെ മുന്നറിയിപ്പ് നൽകിയിരുന്നു. പകൽ 11 മണി മുതൽ മൂന്ന് മണി വരെ നേരിട്ട് വെയിലേൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്നും ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കണമെന്നുമാണ് മുഖ്യമന്ത്രി നൽകിയ നിർദേശം. എന്നാൽ, മുഖ്യമന്ത്രിയുടെ ഈ നിർദേശം പാലിച്ച തനിക്ക് നാട്ടിൽ ചീത്തപ്പേരായി എന്നാണ് നടി ശ്രീവിദ്യ മുല്ലച്ചേരി പറയുന്നത്. ഫേസ്ബുക്കിൽ പങ്കുവച്ച ഈ വീഡിയോ അതിവേഗം ശ്രദ്ധിക്കപ്പെട്ടു.

ശ്രീവിദ്യയുടെ വാക്കുകൾ:

എത്രയും പ്രിയപ്പെട്ട കേരള ചീഫ് മിനിസ്റ്റര്‍ മിസ്റ്റർ പിണറായി വിജയന്‍ സാർ, എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ടമാണ്. ബഹുമാനമാണ്. പക്ഷേ ഇന്ന് മുതല്‍ നിങ്ങള്‍ പറയുന്ന ഒരു കാര്യവും ഞാന്‍ അനുസരിക്കില്ല. കാരണം കുറച്ചുദിവസങ്ങള്‍ക്ക് മുൻപ് നിങ്ങളൊരു ഫേസ്ബുക്ക് പോസ്റ്റിട്ടു. ചൂട് കൂടിവരുകയാണ്, നിങ്ങൾ എല്ലാവരും വെള്ളം കുടിക്കുക, രാവിലെ പത്ത് മണി മുതല്‍ മൂന്ന് മണി വരെ വെയിലത്ത് ഇറങ്ങാതിരിക്കുക, സൂക്ഷിക്കുക എന്നൊക്കെ പറഞ്ഞ് നിങ്ങൾ ഫേസ്ബുക്കിൽ ഒരു പോസ്റ്റിട്ടു. ഒരു കേരള സിവിലിയന്‍ എന്ന നിലയ്​ക്ക് ഞാന്‍ അത് അനുസരിക്കണം. നിങ്ങളോടുള്ള ബഹുമാനം കൊണ്ട് ഞാനത് അനുസരിച്ചു.

ഇന്ന് എന്റെ നാട്ടില്‍ ഒരു തെയ്യം ഉണ്ടായിരുന്നു. ആ പോസ്റ്റില്‍ സണ്‍ഗ്ലാസ് ഉപയോഗിക്കാൻ നിങ്ങൾ പറഞ്ഞിരുന്നു. ഞാന്‍ സണ്‍ഗ്ലാസ് വച്ചിട്ട് പോയി. കാരണം, മുഖ്യമന്ത്രി പറഞ്ഞതാണ്. ഇപ്പോള്‍ എന്നെ നാട്ടില്‍ പറയുന്നതെന്താണെന്ന് നിങ്ങൾക്ക് അറിയാമോ? ഓള് വലിയ മമ്മൂട്ടി ആയെന്നാണ് വിചാരം, കുഞ്ഞമ്പൂന്റെ പെണ്ണ് എങ്ങനെയാ നടന്നിരുന്നത്? ഇപ്പോള്‍ ഓള്‍ക്ക് സണ്‍ഗ്ലാസ് വച്ചാലേ തെയ്യത്തിനെ കാണൂ. ഉച്ചയ്​ക്ക് രണ്ട് മണിക്കായിരുന്നു തെയ്യം. അപ്പോള്‍ ഇത് വച്ചിട്ട് തെയ്യത്തിനെ നല്ലപോലെ തൊഴാം എന്ന് ഞാൻ വിചാരിച്ചു. മുഖ്യമന്ത്രി പറഞ്ഞിരുന്നല്ലോ. ഫേസ്ബുക്ക് പോസ്റ്റ് ഇടുമ്പോള്‍ പറയണ്ടേ, സണ്‍ഗ്ലാസ് വച്ചിട്ട് വരുന്ന പെണ്‍പിള്ളാരെ കുറ്റം പറയുന്ന നാട്ടുകാര്‍ക്ക് തക്കതായ ശിക്ഷ തരണമെന്ന്. അതെന്താ നിങ്ങള്‍ ഇടാത്തത്. ഞാനിപ്പോള്‍ അഹങ്കാരത്തിന് കയ്യും കാലും വച്ച വിത്താ എന്റെ നാട്ടില്‍. ഞാനുണ്ടാക്കിയ എല്ലാ സല്‍പ്പേരും നിങ്ങള്‍ കളഞ്ഞില്ലേ.

അതേസമയം, ശ്രീവിദ്യയുടെ തമാശരൂപേണയുള്ള പോസ്റ്റിന് സമൂഹ മാധ്യമങ്ങളിൽ ട്രോൾ പെരുമഴയാണ്. 'അങ്കമാലിയിലെ അമ്മാവൻ ആരാന്നാ പറഞ്ഞെ', 'ഇജ്ജ് പരിഷ്ക്കാരി ആയത് അവർക്ക് പിടിച്ചില്ല', 'ഇജ്ജ് പരിഷ്കാരി ആയത് അവർക്ക് പിടിച്ചില്ല', 'വിഷയ ദാരിദ്ര്യം', എന്നിങ്ങനെ പോകുന്നു കമന്റുകൾ. മോശം ഭാഷയിൽ പ്രതികരിക്കുന്നവരേയും കമന്റ് ബോക്സിൽ കാണാം.

SCROLL FOR NEXT