തമിഴ് സിനിമ-രാഷ്ട്രീയ വൃത്തങ്ങളിലും സമൂഹമാധ്യമങ്ങളിലും കഴിഞ്ഞ കുറച്ചുകാലങ്ങളായി വിജയ്- തൃഷ ബന്ധമാണ് ചർച്ചാവിഷയം. വിജയ്‌യും തൃഷയും തമ്മില്‍ പ്രണയത്തിലാണെന്ന് ഏറെ നാളായി സോഷ്യൽ മീഡിയയിൽ പ്രചാരണമുണ്ട്. വിജയ്ക്ക് ഒരു നടിയുമായി വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ച് ഭാര്യ സംഗീത വിവാഹമോചന ഹർജി സമർപ്പിച്ചതോടെ ഈ അഭ്യൂഹങ്ങൾ ബലപ്പെട്ടു. ഇതിനുപിന്നാലെ വലിയ തോതിൽ സൈബർ ആക്രമണമാണ് നടി നേരിടുന്നത്.
തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിലെ തൃഷയുടെ സാന്നിധ്യവും സംഗീതയുടെ അസാന്നിധ്യവുമാണ് പുതിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുന്നത്. തൃഷയെ വിമർശിക്കുന്നവരേയും ഇരുവരുടേയും സൗഹൃദത്തെ ആഘോഷിക്കുന്നവരേയും സമൂഹമാധ്യമങ്ങളിൽ കാണാം. ഇതിനിടയിൽ, സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം നടി സോഷ്യൽ മീഡിയയിൽ പങ്കുവച്ച ആദ്യ പോസ്റ്റ് ഏവരുടേയും ശ്രദ്ധ ആകർഷിക്കുകയാണ്.
സത്യപ്രതിജ്ഞാ ചടങ്ങിന് ധരിച്ച അതേ വേഷത്തിലുള്ള ചിത്രങ്ങളാണ് തൃഷ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. 'ദ ലവ് ഈസ് ആൾവെയ്സ് ലൗഡർ' (സ്നേഹം എപ്പോഴും ഉറക്കെപ്പറയേണ്ടതാണ്) എന്നാണ് നടി ഈ ചിത്രങ്ങൾക്ക് നൽകിയ ക്യാപ്ഷൻ. ഇത് വിമർശനങ്ങൾക്കുള്ള പരോക്ഷ മറുപടിയാണെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.
സീഫോം-ഗ്രീൻ സാരി ധരിച്ചാണ് തൃഷ വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിയത്. മുൻനിരയിലായിരുന്നു നടിയുടെ ഇരിപ്പിടം. വേദിയിൽ ഇരിക്കുമ്പോൾ വിജയ്‌യുടെ പ്രസംഗം കേട്ട് തൃഷയുടെ കണ്ണ് നിറയുന്നതിന്റെയും കയ്യടിക്കുന്നതിന്റെയും വീഡിയോകൾ വൈറലായിരുന്നു. ചടങ്ങിൽ പങ്കെടുത്ത വിജയ്‌യുടെ കുടുംബാംഗങ്ങളെ തൃഷ അഭിവാദ്യം ചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
തമിഴ് സിനിമയിലെ ഏറ്റവും ജനപ്രിയമായ ഓൺ-സ്ക്രീൻ ജോഡിയാണ് വിജയ്‌യും തൃഷയും. 2004ൽ 'ഗില്ലി'യിലൂടെ ഒന്നിച്ച ഇവർ പിന്നീട് 'തിരുപ്പാച്ചി' (2005), 'ആതി' (2006), 'കുരുവി' (2008) എന്നീ ചിത്രങ്ങളിലും ഒരുമിച്ച് അഭിനയിച്ചു. വർഷങ്ങൾക്ക് ശേഷം 2023ൽ ലോകേഷ് കനകരാജ് സംവിധാനം ചെയ്ത 'ലിയോ'യിലൂടെ ഇവർ വീണ്ടും സ്ക്രീനിൽ ഒന്നിച്ചെത്തിയത് ആരാധകർ ആഘോഷമാക്കിയിരുന്നു. വിജയ് ചിത്രം 'ഗോട്ടി'ൽ നടി ഒരു ഡാൻസ് നമ്പറും ചെയ്തിരുന്നു.