കൊച്ചി: സംസ്ഥാന ചലച്ചിത്ര പുരസ്കാരദാന വേദിയിലെ ഇരിപ്പിട ക്രമീകരണത്തെ വിമർശിച്ച് നടി അഹാന കൃഷ്ണ. വേദിയുടെ മുൻനിര പുരുഷതാരങ്ങൾക്ക് മാത്രമായി ഒരുക്കിയെന്നാണ് അഹാനയുടെ വിമർശനം. സ്ത്രീകൾ പിൻനിരയിൽ ഇരിക്കുന്നത് യാദൃശ്ചികതയാണോ എന്നാണ് നടിയുടെ ചോദ്യം. ഇൻസ്റ്റഗ്രാമിലൂടെ ആയിരുന്നു അഹാന കൃഷ്ണയുടെ പ്രതികരണം.
"എല്ലാം മികച്ചതായിരുന്നു, വിജയികൾക്കായി ഞാൻ വളരെയധികം സന്തോഷിക്കുന്നു. എന്നാൽ ഈ വീഡിയോ കാണുമ്പോൾ, വിജയികളുടെ ഇരിപ്പിടങ്ങൾ എനിക്ക് അൽപ്പം അസ്വസ്ഥതയുണ്ടാക്കി. എല്ലാ സ്ത്രീകളും ഒന്നാം നിരയ്ക്ക് പിന്നിലായി ഇരിക്കുന്നത് വെറുമൊരു യാദൃശ്ചികതയാണോ? അവരിൽ ചിലർ തീർച്ചയായും ഒന്നാം നിരയിൽ ഇരിക്കാൻ അർഹതയുള്ളവരാണ്. എനിക്ക് ഇത് ഇവിടെ പങ്കുവയ്‌ക്കണമെന്ന് സത്യമായും ആഗ്രഹമില്ലായിരുന്നു, പക്ഷേ അസ്വസ്ഥത തോന്നിയ ഒരു കാര്യം എനിക്ക് തുറന്നു പറയണമെന്ന് തോന്നി," എന്നാണ് അഹാന കുറിച്ചത്.
കഴിഞ്ഞ ഞായറാഴ്ചയാണ്, 2024ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തത്. നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് അവാർഡുകൾ വിതരണം ചെയ്തത്. മമ്മൂട്ടി, ടൊവിനോ തോമസ്, ആസിഫ് അലി, വേടൻ, ഷംല ഹംസ, ലിജോമോൾ ജോസ്, ജ്യോതിർമയി, സൗബിൻ ഷാഹിർ, സിദ്ധാർഥ് ഭരതൻ, ചിദംബരം, ഫാസിൽ മുഹമ്മദ്, സുഷിൻ ശ്യാം, സമീറ സനീഷ്, സയനോര ഫിലിപ്പ് തുടങ്ങി 51 ചലച്ചിത്ര പ്രതിഭകൾക്ക് മുഖ്യമന്ത്രി അവാർഡുകൾ സമ്മാനിച്ചു.
നടി പായൽ കപാടിയക്ക് പകരം അവാർഡിന് അർഹമായ സിനിമയിലെ പ്രധാന അഭിനേത്രിമാരായ കനി കുസൃതിയും ദിവ്യപ്രഭയുമാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. സംവിധായകൻ അമൽ നീരദിന് പകരം ജ്യോതിർമയിയും ദർശന രാജേന്ദ്രനു പകരം നീരജ രാജേന്ദ്രനും പുരസ്‌കാരം സ്വീകരിച്ചു. സർക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെസി ഡാനിയൽ പുരസ്‌കാരം അനുഗ്രഹീത അഭിനേത്രി ശാരദയ്ക്ക് മുഖ്യമന്ത്രി സമ്മാനിച്ചു.