മറയൂരിൽ എത്തിയ വിദ്യാ ബാലനും അക്ഷയ് കുമാറും 
ENTERTAINMENT

അക്ഷയ് കുമാറും വിദ്യാ ബാലനും കേരളത്തിൽ; അനീസ് ബസ്മി ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു

മറയൂർ ജയ് മാത സ്കൂൾ ഗ്രൗണ്ടിൽ വന്നിറങ്ങിയ താരങ്ങളെ വലിയ ആവേശത്തോടെയാണ് നാട്ടുകാർ സ്വീകരിച്ചത്

Author : ന്യൂസ് ഡെസ്ക്

ഇടുക്കി: പുതിയ സിനിമയുടെ ചിത്രീകരണത്തിനായി അക്ഷയ് കുമാറും വിദ്യാബാലനും കേരളത്തിൽ. ഇടുക്കി മറയൂരിലാണ് സിനിമയുടെ ചിത്രീകരണം. അനീസ് ബസ്മിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

മറയൂർ ജയ് മാത സ്കൂൾ ഗ്രൗണ്ടിൽ വന്നിറങ്ങിയ താരങ്ങളെ വലിയ ആവേശത്തോടെയാണ് നാട്ടുകാർ സ്വീകരിച്ചത്. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

'വെൽക്കം' (2007), 'സിങ് ഈസ് കിംഗ്' (2008) എന്നീ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ സംവിധായകനാണ് അനീസ് ബസ്മി. വിദ്യാ ബാലനൊപ്പം അക്ഷയ്‌ കുമാറിന്റെ നാലാം ചിത്രമാണിത്. 'ഭൂൽ ബുലയ്യ' (2007), 'ഹെയ് ബേബി' (2007), 'മിഷൻ മംഗൾ' (2019) എന്നിവയാണ് മുൻപ് ഇവർ ഒന്നിച്ച ചിത്രങ്ങൾ. പുതിയ സിനിമയുടെ ടൈറ്റിൽ പുറത്തുവിട്ടിട്ടില്ല.

കേരളത്തിലേക്ക് ഷൂട്ടിങ്ങിനായി പുറപ്പെടുന്ന വിവരം ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ അക്ഷയ് കുമാർ ആരാധകരെ അറിയിച്ചിരുന്നു. ചിത്രീകരണത്തിനായി വിദ്യ ബാലനൊപ്പം ചാർട്ടേഡ് വിമാനത്തിൽ കയറുന്ന വീഡിയോയും നടൻ പോസ്റ്റ് ചെയ്തിരുന്നു.

"അടുത്ത സ്റ്റോപ്പ്: ദൈവത്തിന്റെ സ്വന്തം നാട്, മാന്ത്രികത നിറഞ്ഞ കേരളം. അനീസ് ബസ്മിയുടെ ഈ ചിത്രം പ്രിയപ്പെട്ട വിദ്യ ബാലനൊപ്പമുള്ള എന്റെ നാലാമത്തെ സിനിമയാണ്. ഞങ്ങളുടെ ഈ ജോഡിയുടെ ഭാഗ്യം ഇനിയും തുടരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു," എന്നാണ് അക്ഷയ് വീഡിയോയ്‌ക്കൊപ്പം കുറിച്ചത്.

പ്രിയദർശൻ സംവിധാനം ചെയ്ത 'ഭൂത് ബംഗ്ല'യാണ് ഒടുവിൽ ഇറങ്ങിയ അക്ഷയ് കുമാർ ചിത്രം.14 വർഷത്തിന് ശേഷം അക്ഷയ് -പ്രിയദർശൻ കോമ്പോയിൽ എത്തിയ ചിത്രമാണ് 'ഭൂത് ബംഗ്ല'. വലിയ സ്വീകാര്യതയാണ് ഈ ഹൊറർ കോമഡി ചിത്രത്തിന് ലഭിക്കുന്നത്.

അതേസമയം, 'ദോ ഔർ ദോ പ്യാർ' ആണ് വിദ്യ ബാലന്റെ അവസാന റിലീസ്. റിതേഷ് ദേശ്മുഖ്, സഞ്ജയ് ദത്ത്, അഭിഷേക് ബച്ചൻ എന്നിവർ അണിനിരക്കുന്ന 'രാജ ശിവാജി' ആണ് നടിയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. നെൽസൺ ദിലീപ് കുമാർ ഒരുക്കുന്ന രജനികാന്ത് ചിത്രം 'ജയിലർ 2'വിലും നടി ഒരു നിർണായക വേഷം ചെയ്യുന്നുണ്ട്.

SCROLL FOR NEXT