ENTERTAINMENT

'ബോട്ട് കാ ഖിലാഡി'; 'മണ്ടാടി' ബോളിവുഡിലേക്ക് റീമേക്ക് ചെയ്താൽ? അക്ഷയ് കുമാറിനെ വിടാതെ ട്രോളന്മാർ

മലയാളം ഉൾപ്പെടെ വിവിധ ദക്ഷിണേന്ത്യൻ ഭാഷാ ചിത്രങ്ങൾ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്ത് വലിയ ബോക്സ് ഓഫീസ് വിജയം നേടിയിട്ടുള്ള നടനാണ് അക്ഷയ് കുമാർ

Author : ന്യൂസ് ഡെസ്ക്

തമിഴ് ഇൻഡസ്ട്രിയിലെ ഈ വർഷത്തെ സർപ്രൈസ് ഹിറ്റുകളിലൊന്നായിരുന്നു സൂരിയെ നായകനാക്കി മതിമാരൻ പുകഴേന്തി സംവിധാനം ചെയ്ത 'മണ്ടാടി'. ബോക്സ് ഓഫീസിൽ 150 കോടിക്ക് മുകളിൽ ആഗോള ഗ്രോസ് സ്വന്തമാക്കിയ ചിത്രത്തിന് ഒടിടിയിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഡിജിറ്റൽ സ്ട്രീമിങ് ആരംഭിച്ചതിന് പിന്നാലെ സിനിമയെ പ്രശംസിച്ചുകൊണ്ട് നിരവധി പോസ്റ്റുകളാണ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നത്. അതിനിടയിൽ രസകരമായ ഒരു ചർച്ചയും നടക്കുന്നുണ്ട്.

'മണ്ടാടി' ബോളിവുഡിലേക്ക് റീമേക്ക് ചെയ്താൽ ആരാകും നായകൻ എന്നാണ് ചർച്ച. സിനിമയുടെ റീമേക്കുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ലെങ്കിലും, ഹിന്ദി 'മണ്ടാടി'യിലെ നായകൻ ആരാകും എന്ന കാര്യത്തിൽ ട്രോളന്മാർക്ക് യാതൊരുവിധ സംശയവുമില്ല. ബോളിവുഡിന്റെ ഖിലാഡി അക്ഷയ് കുമാർ തന്നെ.

മലയാളം ഉൾപ്പെടെ വിവിധ ദക്ഷിണേന്ത്യൻ ഭാഷാ ചിത്രങ്ങൾ ഹിന്ദിയിലേക്ക് റീമേക് ചെയ്ത് വലിയ ബോക്സ് ഓഫീസ് വിജയം നേടിയിട്ടുള്ള നടനാണ് അക്ഷയ് കുമാർ. നടന്റെ കരിയറിലെ പല സൂപ്പർ ഹിറ്റുകളും റീമേക്കുകളായിരുന്നു. 'ഭൂൽ ബുലയ്യ', 'ഹേരാ ഫേരി' എന്നിവ ഉദാഹരണമായി എടുക്കാം. ഹിന്ദിയിൽ വലിയ ആരാധകരുള്ള ചിത്രങ്ങളാണ് ഇവ രണ്ടും. ഈ രണ്ട് ചിത്രങ്ങളും മലയാളത്തിൽ നിന്നുള്ള റീമേക്കുകളാണ്.

മലയാളത്തിലെ ക്ലാസിക് കൊമേഷ്യൽ ചിത്രമായ 'മണിച്ചിത്രത്താഴ്' ആണ് 'ഭൂൽ ബുലയ്യ' ആയത്. 'റാംജി റാവു സ്പീക്കിങ്' ആണ് 'ഹേരാ ഫേരി' എന്ന പേരിൽ എത്തിയത്. പ്രിയദർശനാണ് രണ്ട് ചിത്രങ്ങളും ഹിന്ദിയിൽ എടുത്തത്. ആക്ഷനിൽ നിന്ന് കോമഡിയിലേക്കുള്ള അക്ഷയ്‌യുടെ ചുവടുമാറ്റത്തിൽ വലിയ പങ്കുവഹിച്ച ചിത്രങ്ങളാണിവ.

മലയാളത്തിൽ നിന്ന് മാത്രമല്ല തമിഴ്, തെലുങ്ക് ചിത്രങ്ങളുടെ റീമേക്കുകളിലും അക്ഷയ് കേന്ദ്ര കഥാപാത്രമായിട്ടുണ്ട്. തമിഴ് ചിത്രം 'രാക്ഷസന്റെ' ഹിന്ദി റീമേക്ക് ആയിരുന്നു കട്ട്പുട്‌ലി (2022). ഇത് കൂടാതെ, 'റൗഡി റാത്തോഡ്' (വിക്രമാർക്കഡു), 'ഹോളിഡേ' (തുപ്പാക്കി), 'ലക്ഷ്മി' (കാഞ്ചന), 'ഗബ്ബർ ഈസ് ബാക്ക്' (രമണ) എന്നിങ്ങനെ പോകുന്നു പട്ടിക. മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത മലയാളം ക്രൈം-ത്രില്ലറായ 'ഒപ്പം' സിനിമയുടെ ഹിന്ദി വേർഷൻ 'ഹൈവാൻ' ആണ് ഏറ്റവും ഒടുവിൽ അക്ഷയ് വേഷമിട്ട റീമേക്ക് ചിത്രം.

ഈ നീണ്ട ലിസ്റ്റാണ് താരത്തിന്റെ പേര് 'മണ്ടാടി' റീമേക്കുമായി ചേർത്തുവച്ച് സോഷ്യൽ മീഡിയയിൽ ട്രോളുകൾ പ്രചരിക്കാൻ കാരണം. അക്ഷയ് കുമാർ ചിത്രത്തിന് ഒരു പേരും ട്രോളന്മാർ നിർദേശിച്ചിട്ടുണ്ട് - 'ബോട്ട് കാ ഖിലാഡി'.

ഇതാദ്യമായല്ല "അക്ഷയ് ഈ ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്താൽ" എന്ന തരത്തിൽ പോസ്റ്റുകൾ പ്രചരിക്കുന്നത്. ഒരു സിനിമ ഹിറ്റായോ, അതിന് പിന്നാലെ ഇത്തരത്തിൽ ട്രോൾ പെരുമഴ തന്നെയുണ്ടാകും.

റീമേക്കുകൾ മാത്രമല്ല, ബയോപ്പിക്കുകൾ, യഥാർഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രങ്ങൾ എന്നിവയിലെ സ്ഥിരം സാന്നിധ്യവുമാണ് അക്ഷയ് കുമാർ. ഇതിൽ 'പാഡ്മാൻ', 'എയർലിഫ്റ്റ്', 'റുസ്തം' പോലെയുള്ള ചിത്രങ്ങൾ വലിയ ശ്രദ്ധ നേടിയിട്ടുണ്ടെങ്കിലും ബയോപ്പിക്കുകൾ ആവർത്തിച്ചതോടെ അതും ട്രോളിനുള്ള വകയായി.

ഇത്തരം ട്രോളുകൾ ആസ്വദിക്കുന്നവരേയും വിമർശിക്കുന്നവരേയും സമൂഹമാധ്യമങ്ങളിൽ കാണാം. ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയിട്ടുള്ള നടനെ അനാവശ്യമായി പരിഹസിക്കരുതെന്നാണ് ഒരു കൂട്ടർ പറയുന്നത്. ഇതൊക്കെ വെറും 'ട്രോൾ' അല്ലെ എന്നാണ് മറുവാദം. എന്തായാലും 'മണ്ടാടി' ഹിന്ദി റീമേക്ക് പോസ്റ്റുകൾ ആഘോഷമാക്കുകയാണ് ട്രോളന്മാർ.

SCROLL FOR NEXT