തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്, അൽഫോൺസ് പുത്രൻ 
ENTERTAINMENT

"മുഖ്യമന്ത്രി വിജയ് സർ, ഒരു ബ്രാൻഡ് ന്യൂ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കൂ"; അഭ്യർഥനയുമായി അൽഫോൺസ് പുത്രൻ

നിവിൻ പോളി നായകനാകുന്ന 'വിജയം' ആണ് അൽഫോൺസ് പുത്രന്റെ വരാനിരിക്കുന്ന ചിത്രം

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ഒരു ബ്രാൻഡ് ന്യൂ ഫിലിം സ്കൂൾ ആരംഭിക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യോട് അഭ്യർഥിച്ച് സംവിധായകൻ അൽഫോൺസ് പുത്രൻ. നിലവിലുള്ള എല്ലാ സ്ഥാപനങ്ങളും സിനിമ പഠിപ്പിക്കുന്നത് പരിമിതമായാണെന്നും സംവിധായകൻ ചൂണ്ടിക്കാട്ടി. സിനിമയിലെ 24 ശാഖകൾ പഠിപ്പിക്കുന്ന പുതിയൊരു സ്ഥാപനം ആരംഭിക്കണമെന്നാണ് തമിഴ്‌നാട് മുഖ്യമന്ത്രിയോട് സമൂഹമാധ്യമ പോസ്റ്റിലൂടെ അൽഫോൺസ് അഭ്യർഥിച്ചിരിക്കുന്നത്.

"മുഖ്യമന്ത്രി വിജയ് ജോസഫ് സാറിനോട് ഒരു അഭ്യർത്ഥന. ദയവായി സിനിമയിലെ 24 ക്രാഫ്റ്റുകളും വിദ്യാർഥികളെ പഠിപ്പിക്കുന്ന ഒരു പുതിയ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കണം. നിലവിലുള്ള എല്ലാ സ്ഥാപനങ്ങളും നാല് അല്ലെങ്കിൽ അഞ്ച് ശാഖകൾ മാത്രമാണ് പഠിപ്പിക്കുന്നത്. നന്ദി മുഖ്യമന്ത്രി സാർ," എന്നാണ് അൽഫോൺസ് പുത്രൻ ഫേസ്ബുക്കിൽ കുറിച്ചത്.

അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ, അൽഫോൺസ് പുത്രൻ ഒരു സിനിമയിൽ അഭിനയിക്കാനായി തന്നെ ക്ഷണിച്ചിരുന്നുവെന്ന് വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ് പറഞ്ഞിരുന്നു. 'ബീസ്റ്റ്' സിനിമയുടെ പ്രൊമോഷനിടെ വിജയ്‌യും അൽഫോൺസുമായുണ്ടായ കൂടിക്കാഴ്ചയെപ്പറ്റി സൂചിപ്പിച്ചിരുന്നു. 'പ്രേമം' സംവിധായകൻ തന്നോട് കഥ പറയാൻ എത്തിയതാണെന്നാണ് വിചാരിച്ചതെന്നും എന്നാൽ മകനെ തേടിയാണ് അൽഫോൺസ് എത്തിയതെന്നുമാണ് വിജയ് പറഞ്ഞത്.

അതേസമയം, നിവിൻ പോളി നായകനാകുന്ന 'വിജയം' ആണ് അൽഫോൺസ് പുത്രന്റെ വരാനിരിക്കുന്ന ചിത്രം. 'നേരം', 'പ്രേമം' എന്നീ ഹിറ്റുകൾക്ക് ശേഷം നിവിൻ പോളി - അൽഫോൺസ് പുത്രൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണിത്. സിനിമയുടെ ടൈറ്റിൽ ടീസർ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. പോളി ജൂനിയർ പിക്ചേഴ്സിന്റെ ബാനറിൽ ടോൺസൺ ടോണിയും സുനിൽ രാമഡിയും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. ഷിനോൺസ് ആണ് ക്യാമറ. സംഗീതം സ്റ്റീവ് കോട്ടൂർ.

SCROLL FOR NEXT