ENTERTAINMENT

'ഉറങ്ങാൻ പറ്റുന്നില്ല, എപ്പോഴും ജാഗ്രതയിലാണ്'; ദുബായ്‌യിൽ നിന്നുള്ള ചിത്രം പങ്കുവച്ച് ബോളിവുഡ് താരം

ഇറാൻ പ്രത്യാക്രമണം ആരംഭിച്ചതോടെ താരങ്ങൾ ഉൾപ്പെടെ നിരവധി പേർ യുഎഇയിൽ കുടുങ്ങിക്കിടക്കുന്ന സാഹചര്യമാണുള്ളത്

Author : ന്യൂസ് ഡെസ്ക്

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയെ യുഎസും ഇസ്രയേലും ചേർന്ന് വധിച്ചതിന് പിന്നാലെ മിഡിൽ ഈസ്റ്റിൽ ഉൾപ്പെടെ സംഘർഷം ശക്തമാകുകയാണ്. ദുബായ്, ദോഹ, ബഹ്‌റൈൻ, കുവൈത്ത് എന്നിവിടങ്ങളിലെ യുഎസ് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യംവച്ച് ഇറാൻ പ്രത്യാക്രമണം ആരംഭിച്ചതോടെ താരങ്ങൾ ഉൾപ്പെടെ നിരവധി പേർ യുഎഇയിൽ കുടുങ്ങിക്കിടക്കുന്ന സാഹചര്യമാണുള്ളത്. ഇവരിൽ പലരും തങ്ങളുടെ ആശങ്കകൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു.

ദുബായ്‌യിലെ തന്റെ ഹോട്ടൽ മുറിയുടെ ബാൽക്കണിയിൽ നിന്നുള്ള ചിത്രം ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കിയാണ് ബോളിവുഡ് നടി നർഗീസ് ഫക്രി തന്റെ ആശങ്ക പങ്കുവച്ചത്. മേഖലയിൽ നിലനിൽക്കുന്ന അസ്ഥിരമായ സാഹചര്യം കാരണം തനിക്ക് വലിയ തോതിൽ ഉൽക്കണ്ഠയും പേടിയും അനുഭവപ്പെടുന്നതായി നടി ചിത്രത്തിനൊപ്പം കുറിച്ചു. 'ഉറങ്ങാൻ പറ്റുന്നില്ല. തലച്ചോറ് എപ്പോഴും ജാഗ്രതയിലാണ്. വളരെ വൈകി, ഇപ്പോഴും ഞാൻ ഉണർന്നിരിക്കുകയാണ്,' എന്ന് കുറിച്ചുകൊണ്ടാണ് നടി കുറിപ്പ് അവസാനിപ്പിക്കുന്നത്.

ബോളിവുഡ് നടി നർഗീസ് ഫക്രിയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറി

നർഗീസ് ഫക്രിക്ക് പുറമേ ബാഡ്മിന്റൺ താരം പി.വി. സിന്ധു, ബോളിവുഡ് നടി സോനൽ ചൗഹാൻ, തമിഴ് നടൻ അജിത് കുമാർ, ഇഷാ ഗുപ്ത, ശുഭശ്രീ ഗാംഗുലി, വിഷ്ണു മഞ്ചു എന്നിങ്ങനെ നിരവധി താരങ്ങളും മിഡിൽ ഈസ്റ്റിൽ കുടുങ്ങി കിടക്കുകയാണ്. സംഘർഷങ്ങളെത്തുടർന്ന് യുഎഇ വ്യോമപാത അടച്ചതാണ് ഇവരെ പ്രതിസന്ധിയിലാക്കിയത്.

പ്രൊഫഷണൽ റേസർ കൂടിയായ അജിത്, അന്താരാഷ്ട്ര മത്സരങ്ങൾക്കായി അബുദാബിയിൽ കഠിനമായ പരിശീലനത്തിലായിരുന്നു. മിസൈൽ ആക്രമണ വാർത്തകൾ പുറത്തുവന്നതോടെ അജിത് ആരാധകർ ആശങ്കയിലാണ്. എന്നാൽ, നടൻ സുരക്ഷിതനാണെന്നും വിമാന സർവീസുകൾ പുനരാരംഭിച്ചാലുടൻ അദ്ദേഹം നാട്ടിലേക്ക് മടങ്ങുമെന്ന് ടീം വ്യക്തമാക്കി.

SCROLL FOR NEXT