ന്യൂ ഡൽഹി: ജനുവരി ഒന്നിനാണ് ന്യൂയോർക്ക് സിറ്റിയുടെ 112ാമത് മേയർ ആയി ഇന്ത്യൻ വംശജനായ സൊഹ്‍റാൻ മംദാനി സത്യപ്രതിജ്ഞ ചെയ്തത്. സബ്‍വേ സ്റ്റേഷനിൽ നടന്ന സത്യപ്രതിജ്ഞാച്ചടങ്ങിൽ അടുത്ത കുടുംബാംഗങ്ങളും ചെറിയൊരു സംഘം മാധ്യമപ്രവർത്തകരും മാത്രമാണ് പങ്കെടുത്തത്. ലോകത്താകമാനം മംദാനി തരംഗമാകുകയാണ്. ഇങ്ങ് ഇന്ത്യയിൽ അമിതാഭ് ബച്ചൻ അവതാരകനാകുന്ന കോൻ ബനേഗ ക്രോർപതിയിലും. മത്സരാർഥിയായി അല്ല, അഞ്ച് ലക്ഷം രൂപയുടെ ചോദ്യത്തിന് വിഷയമായി.
കോൻ ബനേഗ ക്രോർപതിയുടെ ഡിസംബർ 26ലെ എപ്പിസോഡിലായിരുന്നു സൊഹ്റാൻ മംദാനിയെപ്പറ്റിയുള്ള ചോദ്യം. മധ്യ പ്രദേശിലെ ഭോപ്പാലിൽ നിന്നുള്ള രേണു ദേവി ശുക്ല ആയിരുന്നു ഹോട്ട് സീറ്റിൽ. "ന്യൂയോർക്ക് സിറ്റിയുടെ മേയറായി തെരഞ്ഞെടുക്കപ്പെട്ട സൊഹ്‌റാൻ മംദാനിയുടെ അമ്മയായ ഇന്ത്യൻ ചലച്ചിത്ര സംവിധായിക ആരാണ്?" എന്നായിരുന്നു അമിതാഭിന്റെ 10ാം ചോദ്യം. ഗുരീന്ദർ ചദ്ദ, മീര നായർ, ദീപ മേത്ത, അപർണ സെൻ എന്നിങ്ങനെ ആയിരുന്നു ഓപ്ഷനുകൾ. ശരിയുത്തരം ഏതെന്ന് ഉറപ്പില്ലാതിരുന്നതിനാൽ രേണു ദേവി 50-50 ലൈഫ് ലൈൻ തെരഞ്ഞെടുത്തു. ഒടുവിൽ ഓപ്ഷനുകൾ ദീപാ മേത്ത, മീര നായർ എന്നിവരിലേക്ക് ചുരുങ്ങി. ശരിയുത്തരമായ മീരാ നായർ തെരഞ്ഞെടുത്ത രേണു ദേവിക്ക് അഞ്ച് ലക്ഷം രൂപയാണ് ലഭിച്ചത്.
ലോക പ്രശസ്ത ഇന്ത്യൻ-അമേരിക്കൻ സംവിധായികയാണ് മീര നായർ. ഒഡീഷയിലെ റൂർക്കലയിലാണ് ജനനം. മൺസൂൺ വെഡ്ഡിങ്, മിസിസിപ്പി മസാല, ദ നെയിംസേക്ക്, സലാം ബോംബെ തുടങ്ങിയ ശക്തമായ രാഷ്ട്രീയം സംസാരിച്ച സിനിമകൾ ഒരുക്കിയത് മീര ആണ്. 'സലാം ബോംബെ'യിലൂടെ 1988 ലെ കാൻ ചലച്ചിത്രമേളയിൽ ഗോൾഡൻ ക്യാമറ പുരസ്കാരം നേടി. കൂടാതെ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ്കാർ നോമിനെഷനും ഈ ചിത്രത്തിന് ലഭിച്ചു. നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ സ്വന്തമാക്കിയ മീര മകന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിലും സജീവമായിരുന്നു.