ടിനി ടോമിനെതിരായ അന്വേഷണത്തിന് അഞ്ചംഗ സമിതി  
ENTERTAINMENT

അൻസിബയുടെ ആവശ്യം അംഗീകരിച്ചു; ടിനി ടോമിനെതിരായ അന്വേഷണത്തിന് അഞ്ചംഗ സമിതി

ടിനി ടോമിനെതിരായ പരാതിയിൽ അന്വേഷണം നടത്താൻ സ്വതന്ത്ര സമിതി വേണമെന്നായിരുന്നു അൻസിബയുടെ ആവശ്യം.

Author : ന്യൂസ് ഡെസ്ക്

കൊച്ചി: നടൻ ടിനി ടോമിനെതിരായ അൻസിബ ഹസൻ്റെ പരാതിയിൽ അഞ്ചംഗ സമിതി രൂപീകരിച്ച് താര സംഘടനയായ അമ്മ. അഞ്ചംഗ സമിതിയിൽ പ്രസിഡൻ്റും ജനറൽ സെക്രട്ടറിയും ഉൾപ്പെടെ പുറത്ത് നിന്നുള്ളവരും ഉണ്ടാകും. എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ ഇല്ലാത്ത മൂന്ന് പേരാവും പാനലിൽ ഉണ്ടാവുക.

ടിനി ടോമിനെതിരായ അന്വേഷണം നടത്താൻ സ്വതന്ത്ര സമിതി വേണമെന്നായിരുന്നു അൻസിബയുടെ ആവശ്യം. പ്രസിഡൻ്റിനെയും ജനറൽ സെക്രട്ടറിയെയും മാറ്റി നിർത്തി പാനൽ രൂപീകരിക്കാൻ ആവില്ലെന്ന് അമ്മ പ്രസിഡൻ്റ് ശ്വേതാ മേനോൻ പറഞ്ഞു.

വിവാദത്തെ പരസ്യ ചർച്ചയാക്കിയതിന് അഞ്ച് പേർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. സംഭാഷണങ്ങൾ ചോർത്തി നൽകിയെന്ന ആരോപണത്തിലും വിശദീകരണം തേടും. ടിനി ടോമിനെതിരായ പരാതിയിൽ നേരിട്ട് ഹാജരാകാൻ നടി അൻസിബക്ക് അമ്മ നിര്‍ദേശം നൽകിയിരുന്നു.

തെളിവുകളുണ്ടെങ്കിൽ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് മുന്നിൽ സമർപ്പിക്കാനും അൻസിബയോട് നിർദേശിച്ചു. തൻ്റെ പരാതി അന്വേഷിക്കാൻ പ്രത്യേക സമിതി രൂപീകരിക്കണമെന്ന ആവശ്യത്തിൽ ഉറച്ച് നിന്നതോടെയാണ് അന്വേഷണ സമിതി രൂപീകരിച്ചത്.

ടിനി ടോമിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് അൻസിബ ഹസൻ ഉന്നയിച്ചത്. താൻ ആരോട് സംസാരിച്ചാലും അവരെ ചേർത്ത് നടൻ അവിഹിതക്കഥകൾ സൃഷ്ടിക്കുമായിരുന്നുവെന്നാണ് അൻസിബയുടെ വെളിപ്പെടുത്തൽ. തന്നെ മത തീവ്രവാദിയാക്കാൻ നിരന്തര ശ്രമം നടത്തി.

താൻ ആളുകളെ മതം മാറ്റാൻ ശ്രമിക്കുന്നതായി പറഞ്ഞ് പരത്തി. താൻ മാനസികമായി ആകെ തകർന്നുവെന്നും ഇത്രയും കാലം ഒന്നും പറയാതിരുന്നത് സിനിമയിൽ നിന്ന് പുറത്താകുമെന്ന് ഭയന്നാണെന്നുമാണ് അൻസിബ പറഞ്ഞത്.

SCROLL FOR NEXT