'അമ്മ' എക്സിക്യൂട്ടീവ് കമ്മിറ്റി Source: Facebook / AMMA
ENTERTAINMENT

"ടിനിയെ ജയിലിൽ കയറ്റാനാണോ ശ്രമം"; 'അമ്മ' ഭരണസമിതി രണ്ട് തട്ടിൽ

സംഘടനയിലെ തർക്കങ്ങളുമായി ബന്ധപ്പെട്ട് എക്സിക്യൂട്ടീവ് കമ്മിറ്റി നാലുപേർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: നടൻ ടിനി ടോം വ്യക്തിഹത്യ ചെയ്തുവെന്ന അൻസിബയുടെ പരാതിയിൽ താരസംഘടന 'അമ്മ'യുടെ ഭരണസമിതിയിൽ അഭിപ്രായ ഭിന്നത. നടിയുടെ പരാതി ജനറൽ ബോഡി ചർച്ച ചെയ്താൽ മതിയെന്ന് പ്രസിഡന്റ് ശ്വേത മേനോനും എക്സിക്യൂട്ടീവിൽ ചർച്ച വേണമെന്ന് അംഗങ്ങളും നിലപാട് സ്വീകരിച്ചുവെന്നാണ് സൂചന. 'ടിനിയെ ജയിലിൽ കയറ്റാനാണോ ശ്രമം' എന്ന് എക്സിക്യൂട്ടീവ് യോഗത്തിൽ മറ്റ് അംഗങ്ങളോട് ശ്വേത ചോദിച്ചതായാണ് പുറത്തുവരുന്ന വിവരം.

സംഘടനയിലെ തർക്കങ്ങളുമായി ബന്ധപ്പെട്ട് എക്സിക്യൂട്ടീവ് കമ്മിറ്റി നാലുപേർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. അൻസിബ ഹസൻ, ടിനി ടോം, കുക്കു പരമേശ്വരൻ, ലക്ഷ്മി പ്രിയ എന്നിവർക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ജൂൺ ഒന്നിനും മൂന്നിനും ഇടയിൽ കമ്മിറ്റിക്ക് മുൻപാകെ നേരിട്ട് ഹാജരായി കാര്യങ്ങൾ വിശദീകരിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

എന്നാൽ, 'അമ്മ' നേതൃത്വത്തിന് മുന്നിലേക്ക് ഇല്ലെന്ന നിലപാടിലാണ് അൻസിബ. തന്റെ പരാതികൾ കേൾക്കണമെങ്കിൽ നിഷ്പക്ഷ സമിതിയെ നിയോഗിക്കണമെന്നാണ് നടിയുടെ നിലപാട്. രമേശ് പിഷാരടി, ധ്യാൻ ശ്രീനിവാസൻ, മാലാ പാർവതി എന്നിവർ സമിതിയിൽ ഉണ്ടാകണം, സമിതിക്ക് മുന്നിൽ താൻ പറയുന്ന കാര്യങ്ങളുടെ വീഡിയോ റെക്കോർഡിങ് ഉറപ്പാക്കണം എന്നീ ആവശ്യങ്ങളും അൻസിബ ഹസൻ മുന്നോട്ടുവച്ചിട്ടുണ്ട്.

'അമ്മ' എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് രാജിവച്ചതിന് പിന്നാലെയാണ് ടിനി ടോമിനെതിരെ ആരോപണങ്ങളുമായി അൻസിബ രംഗത്തെത്തിയത്. താൻ രാജിവയ്ക്കാൻ കാരണം ടിനി ആണെന്ന് പറഞ്ഞ നടി ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. ടിനി ടോം തന്നെ മതതീവ്രവാദിയായി ചിത്രീകരിച്ചുവെന്നും അവിഹിതക്കഥകൾ പ്രചരിപ്പിച്ചുവെന്നുമായിരുന്നു അൻസിബയുടെ ആരോപണം. എന്നാൽ, ടിനി ഈ ആരോപണങ്ങൾ നിഷേധിച്ചു. 'അമ്മ'യിൽ സജീവമായി പ്രവർത്തിക്കുന്ന തന്റെ വളർച്ചയെ ഭയന്ന് ഗൂഢാലോചന നടക്കുന്നുവെന്നായിരുന്നു ഈ വിഷയത്തിൽ നടന്റെ വിശദീകരണം.

SCROLL FOR NEXT