സൂസൻ സരാൻഡൻ, ഹന്നാ ഐൻബൈൻഡർ എന്നിവരെ ന്യൂയോർക്ക് പൊലീസ് അറസ്റ്റ് ചെയ്തു Source: X
ENTERTAINMENT

നെതന്യാഹുവിന് എതിരെ പ്രതിഷേധ പ്രകടനം; ഓസ്കാർ, എമ്മി ജേതാക്കൾ ഉൾപ്പെടെ നൂറോളം പേർ അറസ്റ്റിൽ

ഡെമോക്രാറ്റിക് കോൺഗ്രസ് സ്ഥാനാർത്ഥി ദാരിയലിസ ആവില ഷെവലിയർ, ന്യൂയോർക്ക് സിറ്റി കൗൺസിൽ അംഗം ചി ഓസെ എന്നിവരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു

Author : ന്യൂസ് ഡെസ്ക്

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഐക്യരാഷ്ട്രസംഘടനയുടെ പൊതുസഭയെ അഭിസംബോധന ചെയ്യുന്നതിന് മുന്നോടിയായി ന്യൂയോർക്ക് സിറ്റിയിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്ത ഹോളിവുഡ് താരങ്ങൾ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. ഓസ്കാർ ജേതാവായ നടി സൂസൻ സരാൻഡൻ, എമ്മി പുരസ്കാര ജേതാവ് ഹന്നാ ഐൻബിൻഡർ, കൊമേഡിയൻ കാലെബ് ഹീറോൺ എന്നിവർ ഉൾപ്പെടെ പ്രതിഷേധത്തിൽ പങ്കെടുത്ത നൂറോളം പേരെ ന്യൂയോർക്ക് പൊലീസ് അറസ്റ്റ് ചെയ്തുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇവരെ പൊലീസ് വിലങ്ങണിയിച്ച് നീക്കുന്ന ദൃശ്യങ്ങൾ ഏജൻസി ഫ്രാൻസ്-പ്രസ് പുറത്തുവിട്ടിട്ടുണ്ട്.

‘ജൂയിഷ് വോയ്സ് ഫോർ പീസ്’ സംഘടിപ്പിച്ച പ്രതിഷേധത്തിൽ പങ്കെടുത്തവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. "ഇസ്രയേലിന് ആയുധം നൽകുന്നത് നിർത്തുക”, “വംശഹത്യ അവസാനിപ്പിക്കുക” എന്നിങ്ങനെയുള്ള ബാനറുകൾ ഉയർത്തിപ്പിടിച്ചായിരുന്നു പ്രതിഷേധം. എന്നാൽ, മുൻകൂർ അനുമതി വാങ്ങാതെയായിരുന്നു പ്രതിഷേധ പ്രകടനമെന്നും യുഎൻ ആസ്ഥാനത്തിന് സമീപം ഗതാഗതം തടസപ്പെടുത്തിയെന്നും കാട്ടിയാണ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയത്. ഡെമോക്രാറ്റിക് കോൺഗ്രസ് സ്ഥാനാർത്ഥി ദാരിയലിസ ആവില ഷെവലിയർ, ന്യൂയോർക്ക് സിറ്റി കൗൺസിൽ അംഗം ചി ഓസെ എന്നിവരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു.

'ഡെഡ്മാൻ വാക്കിങ്', 'ദ റോക്കി ഹൊറർ പിക്ചർ ഷോ', 'ദ വിച്ചസ് ഓഫ് ഈസ്റ്റ്‌വിക്ക്' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ സരൻഡൻ മുൻപും ഗാസയിലെ ഇസ്രയേൽ യുദ്ധത്തിനെതിരെ പ്രതിഷേധ സ്വരം ഉയർത്തിയിട്ടുണ്ട്. പലസ്തീന് പിന്തുണ പ്രഖ്യാപിച്ചതിനെ തുടർന്ന് തനിക്ക് സിനിമയിൽ അവസരങ്ങൾ നഷ്ടപ്പെട്ടതായി വെനീസ് ഫിലിം ഫെസ്റ്റിവലിൽ സംസാരിക്കവേ നടി പറഞ്ഞിരുന്നു. സൂസൻ സരൻഡൻ, മെലിസ ബറേര തുടങ്ങിയ അഭിനേതാക്കൾക്ക് സിനിമാ മേഖലയിൽ നിന്ന് നേരിടേണ്ടി വന്ന തിരിച്ചടികൾ ചൂണ്ടിക്കാണിച്ച്, പലസ്തീന് വേണ്ടി ശബ്ദമുയർത്താതിരിക്കുന്നതിന്റെ പ്രത്യാഘാതം സ്വന്തം ഹോളിവുഡ് കരിയർ നഷ്ടപ്പെടുന്നതിനേക്കാൾ വലുതാണെന്ന് പറഞ്ഞ വ്യക്തിയാണ് ഹന്നാ ഐൻബൈൻഡർ.

അതേസമയം, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഐക്യരാഷ്ട്ര സഭാ വേദിയിൽ പ്രസംഗിക്കുന്നതിനിടെ വലിയൊരു വിഭാഗം പ്രതിനിധികൾ സഭയിൽ നിന്ന് ഇറങ്ങിപ്പോയി. വർധിച്ചുവരുന്ന അന്താരാഷ്ട്ര ഒറ്റപ്പെടലിനെ പ്രതിരോധിക്കാൻ ലക്ഷ്യമിട്ടായിരുന്നു നെതന്യാഹുവിന്റെ പ്രസംഗം. ഇറാനെ കൊലയാളി എന്ന് വിളിച്ചാണ് പ്രസംഗം ആരംഭിച്ചത്. ഇസ്രയേലിന്റെ നടപടികളെ അദ്ദേഹം ശക്തമായ ന്യായീകരിച്ചു. ഇതിനിടെയാണ് പ്രതിനിധികൾ വേദി വിട്ടുപോയത്. ഇറങ്ങിപ്പോയവരെ 'ധാർമിക ഭീരുക്കൾ' എന്ന് നെതന്യാഹു വിശേഷിപ്പിച്ചത്.

SCROLL FOR NEXT