മലയാളികൾക്ക് പ്രിയപ്പെട്ട താര ദമ്പതികളാണ് അവതാരകരായ ജീവ ജോസഫും അപർണ തോമസും. ടെലിവിഷൻ രംഗത്ത് സജീവമായ ഇരുവരും വേർപിരിയുന്നതായി കഴിഞ്ഞ കുറച്ചു കാലമായി അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ടായിരുന്നു. ഇപ്പോഴിതാ, അപർണയുടെ ജന്മദിന പോസ്റ്റിന് താഴെ വന്ന ചില കമന്റുകളും അതിന് താരം നൽകിയ മറുപടിയും വീണ്ടും ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്.
"ഹലോ 32, പാഠങ്ങളുടെയും വളർച്ചയുടെയും കരുത്തിന്റെയും ഒരു വർഷം. എന്നിൽത്തന്നെ വിശ്വസിക്കാനും എന്റെ ഊർജത്തെ സംരക്ഷിക്കാനും മുന്നോട്ട് കുതിക്കാനും ഞാൻ പഠിച്ചു കഴിഞ്ഞു. ഉയരങ്ങളിലേക്കും മുന്നോട്ടം ഇനി സ്വന്തം കരുത്തിൽ മാത്രം !" എന്ന കുറിപ്പിനൊപ്പമാണ് ജന്മദിനത്തിൽ അപർണ തന്റെ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.
"നാളെ നിങ്ങളുടെ വിവാഹവാർഷികം അല്ലേ?" എന്ന് ഒരാൾ ഈ ചിത്രത്തിന് കമന്റ് ചെയ്തു. ഈ കമന്റിന് താരം നൽകിയ മറുപടിയാണ് ഏവരുടേയും ശ്രദ്ധപിടിച്ചുപറ്റിയത്. "അതൊക്കെ പണ്ട്" എന്നായിരുന്നു അപർണയുടെ മറുപടി. ഇതാണ് ഇപ്പോൾ ദമ്പതികളുടെ വേർപിരിയൽ വാർത്ത ശരിയ്‌ക്കുന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
ഇരുവരും വേർപിരിയുന്നതിൽ നിരാശ പങ്കുവയ്ക്കുന്നവരേയും കമന്റ് ബോക്സിൽ കാണാം. അതിൽ ഒരാൾ കുറിച്ചത് ഇങ്ങനെയാണ്: "ഇത് കേൾക്കുമ്പോൾ ശരിക്കും സങ്കടം തോന്നുന്നു. ദമ്പതികൾ എന്ന നിലയിൽ ഞാൻ നിങ്ങളെ രണ്ടുപേരെയും ശരിക്കും ആരാധിച്ചിരുന്നു. നിങ്ങൾ രണ്ടുപേരും മാത്രമായി ഇരുന്ന് മനസ് തുറന്ന് സംസാരിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂവെങ്കിൽ, ദയവായി അത് പരിഹരിക്കാൻ ശ്രമിക്കൂ. വേർപിരിയാതിരിക്കാൻ നോക്കു. ഒപ്പം ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ."
ഒരു വർഷത്തെ പ്രണയത്തിനുശേഷം 2015 ഓഗസ്റ്റിലാണ് ജീവയും അപർണയും വിവാഹിതരായത്. അവതാരകനായി എത്തി മോഡൽ, വ്ളോഗർ, നടൻ തുടങ്ങിയ നിലകളിൽ സജീവമാണ് ജീവ ജോസഫ്. വലിയ ആരാധകരാണ് താരത്തിന് ഉള്ളത്. വീഡിയോ ജോക്കിയായിരുന്ന അപർണ എയർ ഹോസ്റ്റസായും ജോലി ചെയ്തിട്ടുണ്ട്. ഇരുവരും ഇപ്പോള്‍ നിരവധി ആരാധകരുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരാണ്.