കൊച്ചി: കഴിഞ്ഞ ദിവസമാണ് പ്രശസ്ത ഗായകൻ അരിജിത് സിംഗ് താൻ പ്ലേബാക്ക് സിങ്ങിങ് അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. കരിയറിന്റെ ഉച്ചത്തിൽ നിൽക്കുമ്പോഴായിരുന്നു ഗായകന്റെ ഈ അപ്രതീക്ഷിത പ്രഖ്യാപനം. ഇന്ത്യൻ സംഗീതലോകത്തേയും ആരാധകരേയും അക്ഷരാർഥത്തിൽ ഞെട്ടിച്ച തീരുമാനമായിരുന്നുവിത്. ഇപ്പോഴിതാ, അരിജിത്തിന്റെ പഴയ ഒരു വീഡിയോ വൈറലാകുകയാണ്.
2005ൽ 'ഫെയിം ഗുരുകുൽ' എന്ന റിയാലിറ്റി ഷോയിൽ മത്സരാർഥിയായിരുന്ന കാലത്തെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. 'കഭി ഖുശി കഭി ഗം' എന്ന ചിത്രത്തിലെ പ്രശസ്തമായ 'ബോലെ ചൂഡിയാൻ' എന്ന ഗാനം അർജിത് ആലപിക്കുന്നത് ഈ വീഡിയോയിൽ കാണാം. രൂപരേഖ ബാനർജി, ഷമിത് ത്യാഗി എന്നിവർക്കൊപ്പമാണ് അരിജിത് സ്റ്റേജിനെ ഇളക്കിമറിക്കുന്നത്. കരൺ ജോഹർ, ജാവേദ് അക്തർ, ശങ്കർ മഹാദേവൻ എന്നീ വിധികർത്താക്കൾക്ക് മുൻപിലാണ് ഇവർ പാടുന്നത്. ഫൈനലിന് തൊട്ടുമുമ്പ് ഷോയിൽ നിന്ന് അരിജിത് പുറത്തായിരുന്നു.
ജനുവരി 27ന് തന്റെ സമൂഹമാധ്യമ പേജുകളിലൂടെയാണ് അരിജിത് സിംഗ് താൻ സിനിമാ ഗാനരംഗത്ത് നിന്ന് വിരമിക്കുന്നതായി അറിയിച്ചത്. "എല്ലാവർക്കും പുതുവത്സരാശംസകൾ. ഇത്രയും വർഷങ്ങൾ എന്നെ സ്നേഹിച്ച എന്റെ ശ്രോതാക്കൾക്ക് നന്ദി. ഒരു പിന്നണി ഗായകനെന്ന നിലയിൽ ഞാൻ പുതിയ പാട്ടുകൾ ഒന്നും ഇനി പാടുന്നില്ല. ഞാൻ പിന്മാറുകയാണ്. ഇതൊരു മനോഹരമായ യാത്രയായിരുന്നു," എന്നാണ് അരിജിത് സിംഗ് കുറിച്ചത്.
കഴിഞ്ഞ റിപ്പബ്ലിക്ക് ദിനത്തിലാണ് സൽമാൻ ഖാൻ ചിത്രം 'ബാറ്റിൽ ഓഫ് ഗാൽവാനി'ലെ ശ്രേയാ ഘോഷാലിനൊപ്പം അരിജിത്ത് ആലപിച്ച 'മാതൃഭൂമി' എന്ന ഗാനം റിലീസ് ആയത്. അതുകൊണ്ടുതന്നെ, സിനിമാ ഗാനരംഗത്ത് നിന്ന് പിന്മാറുന്നു എന്ന ഗായകന്റെ പ്രഖ്യാപനം ആരാധകർക്ക് അപ്രതീക്ഷിതവും നിരാശാജനകവുമായിരുന്നു. ഇപ്പോൾ, സോഷ്യൽ മീഡിയയിൽ അരിജിത്തിന്റേത് എന്ന തരത്തിൽ പ്രചരിക്കുന്ന പോസ്റ്റിൽ പറയുന്നത് പ്രകാരം, മടുപ്പാണ് ഈ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണം.
2010ൽ 'കെഡി' എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അരിജിത് സിംഗ് പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ഒരു വർഷത്തിന് ശേഷം 'മർഡർ 2' എന്ന ചിത്രത്തിലെ 'ഫിർ മൊഹബത്ത്' എന്ന ഗാനത്തിലൂടെ ബോളിവുഡിലും വരവറയിച്ചു. 2013ൽ പുറത്തിറങ്ങിയ 'ആഷിഖി 2' ആണ് അരിജിത്തിന്റെ കരിയറിൽ വലിയ വഴിത്തിരിവായത്. ഇതുവരെ, സിനിമകളിലും അല്ലാതെയുമായി 800ൽ അധികം പാട്ടുകൾക്ക് അദ്ദേഹം ശബ്ദം നൽകിക്കഴിഞ്ഞു.