അശ്വന്ത് കോക്ക്, മാധവ് സുരേഷ് 
ENTERTAINMENT

"പണം വാങ്ങിയെന്ന് മാധവ് തെളിയിച്ചാൽ റിവ്യൂ ഇടുന്നത് നിർത്തി വനവാസത്തിന് പോകും"; 'അങ്കം അട്ടഹാസം' റിവ്യൂ വിവാദത്തിൽ അശ്വന്ത് കോക്ക്

മാധവ് സുരേഷിനെ നായകനാക്കി സുജിത്ത് എസ് നായര്‍ സംവിധാനം ചെയ്ത ചിത്രമാണ് 'അങ്കം അട്ടഹാസം'

Author : ന്യൂസ് ഡെസ്ക്

കൊച്ചി: 'അങ്കം അട്ടഹാസം' സിനിമയ്‌ക്ക് നെഗറ്റീവ് റിവ്യൂ നൽകാതിരിക്കാൻ പണം ആവശ്യപ്പെട്ടുവെന്ന നടൻ മാധവ് സുരേഷിന്റെയും നിർമാതാവിന്റെയും ആരോപണത്തിൽ അതിരൂക്ഷ മറുപടിയുമായി യൂട്യൂബർ അശ്വന്ത് കോക്ക്. മാധവ് തെളിവുകൾ ഹാജരാക്കണമെന്ന് യൂട്യൂബർ ആവശ്യപ്പെട്ടു. നടന്റേത് അടിസ്ഥാനരഹിതമായ ആരോപണമാണെന്നും നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും അശ്വന്ത് കോക്ക് വ്യക്തമാക്കി. യൂട്യൂബ് വീഡിയോയിലൂടെയായിരുന്നു പ്രതികരണം.

"ഞാൻ കാശ് വാങ്ങിച്ചുവെന്നതിന്റെ അടിസ്ഥാനം എന്താണ്. ഓൺലൈൻ ട്രാൻസാക്ഷൻ ആണെങ്കിൽ പ്രൂഫ് ഉണ്ടാകുമല്ലോ? എനിക്ക് ഒറ്റ ബാങ്ക് അക്കൗണ്ടാണ് ഉള്ളത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ....ഞാൻ ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടതിന്റെ തെളിവ് കാണിക്കൂ. ഞാൻ കേസ് ഫയൽ ചെയ്യുകയാണ്...സുരേഷ് ഗോപിയുടെ വലിയ ഫാൻ ആണ് ഞാൻ. 'ബഡാ ദോസ്ത്' ഒക്കെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കണ്ട ആളാണ്. ഗോകുൽ സുരേഷിന്റെ സിനിമകൾക്കും പോസിറ്റീവ് റിവ്യൂ നൽകിയിട്ടുണ്ട്," വീഡിയോയിൽ അശ്വന്ത് പറയുന്നു. പണം വാങ്ങിയെന്ന് തെളിയിച്ചാൽ റിവ്യൂ ചെയ്യുന്നത് അവസാനിപ്പിക്കുമെന്നും വി.ഡി. സതീശൻ പറഞ്ഞപോലെ വനവാസത്തിന് പോകുമെന്നും അശ്വന്ത് കൂട്ടിച്ചേർത്തു. ആക്രോശങ്ങളും അസഭ്യങ്ങളും നിറഞ്ഞതാണ് ഈ വീഡിയോ.

മാധവ് സുരേഷിനെ നായകനാക്കി സുജിത്ത് എസ് നായര്‍ സംവിധാനം ചെയ്ത ചിത്രമാണ് 'അങ്കം അട്ടഹാസം'. ഈ സിനിമയ്ക്ക് നെഗറ്റീവ് റിവ്യൂ നൽകാതിരിക്കാനായി അശ്വന്ത് കോക്ക് നിർമാതാവിൽ നിന്നും ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടു എന്നാണ് ആരോപണം.

തലസ്ഥാനത്തെ ഗുണ്ടാപ്പകയുടെ കഥപറയുന്ന 'അങ്കം അട്ടഹാസം' മെയ് എട്ടിനാണ് റിലീസ് ചെയ്തത്. റിലീസിന് പിന്നാലെ അത്ര നല്ല അഭിപ്രായമല്ല ചിത്രത്തിന് ലഭിച്ചത്. മാധവ് സുരേഷിന്റെ പ്രകടനത്തെ രൂക്ഷമായി വിമർശിക്കുന്നതായിരുന്നു അശ്വന്ത് ഉൾപ്പെടെയുള്ള യൂട്യൂബർമാരുടെ റിവ്യൂ വീഡിയോസ്.

ചില വ്ളോഗർമാർ ആസൂത്രിതമായി സിനിമയ്‌ക്കെതിരെ ഹേറ്റ് ക്യാംപെയ്‌ൻ നടത്തുന്നു എന്ന് കഴിഞ്ഞ ദിവസം മാധവ് സുരേഷ് വാർത്താ സമ്മേളനത്തിൽ ആരോപിച്ചിരുന്നു. ഒരുപാട് പേരുടെ അധ്വാനമാണ് ഈ സിനിമ. അച്ഛന്റെ (സുരേഷ് ഗോപി എംപി) രാഷ്ട്രീയമാണോ കുഴപ്പം എന്നറിയില്ല. വ്യാപകമായ രീതിയിൽ സൈബർ ഇടങ്ങളിൽ ആക്രമിക്കപ്പെടുന്നുവെന്നുമാണ് മാധവ് മാധ്യമങ്ങളോട് പറഞ്ഞത്.

ട്രിയാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ അനിൽകുമാർ ജി, സാമുവൽ മത്തായി യുഎസ്എ എന്നിവരാണ് സിനിമയുടെ നിർമാണം. ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ്, മഖ്‌ബൂൽ സൽമാൻ എന്നിവരാണ് 'അങ്കം അട്ടഹാസം' സിനിമയിൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഛായാഗ്രഹണം - ശിവൻ എസ് സംഗീത്, രചന - സുജിത്ത് എസ് നായർ, അനിൽകുമാർ ജി, എഡിറ്റിങ് - പ്രദീപ് ശങ്കർ.

SCROLL FOR NEXT